ജാനെ മന്നിനെ അഭിനന്ദിച്ച് സംവിധായകൻ വിഎ ശ്രീകുമാർ, മനസ്സു നിറച്ച ഒരു കുഞ്ഞു വലിയ ചിത്രം...
ലോക്ക് ഡൗണിന് ശേഷം വീണ്ടും സിനിമ മേഖല പഴയ സ്ഥിതിയിലേയ്ക്ക് വരുകയാണ്. മികച്ച ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. എല്ലാ ചിത്രങ്ങൾക്കും നല്ല പ്രേക്ഷകാഭിപ്പായമാണ് ലഭിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ജാനെ മന്നിന കുറിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞ വാക്കുകളാണ്. മനസ്സു നിറച്ച ഒരു കുഞ്ഞു വലിയ ചിത്രം എന്നാണ് ആദ്ദേഹം പറയുന്നത്. . ചിരികൾക്കുമപ്പുറം, യുവ തലമുറ കടന്നുപോകുന്ന പലതരം മാനസികാവസ്ഥകളെ അതിസൂക്ഷ്മമായി വരച്ചിടാൻ എഴുത്തുകാരനും സംവിധായകനും കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയം.

കാനഡയിൽ നേഴ്‌സ് ആയി ജോലിയെടുക്കുന്ന ജോയ്‌മോൻ, പ്രവാസിമലയാളികളുടെ ഇന്നുമുള്ള നേർകാഴ്ചയാണ്. സാധാരണ നമുക്കു പ്രവാസിയെന്നു പറഞ്ഞാൽ മണലാരണ്യത്തിൽ പുകഞ്ഞു പണിയെടുക്കുന്ന ഗൾഫ് മലയാളികളാണ്. ഇവിടെ, കാനഡയിലെ കൊടും ശൈത്യത്തിൽ മനസ്സും ശരീരവും ഒരുപോലെ മരവിച്ച ജോയ്‌മോൻ ഏകാന്തതയുടെ പുതിയൊരു കാഴ്ചയാണ്. അവനു മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഉള്ളത് 'അലക്സ' മാത്രം. അടുത്തയാഴ്ച അവന്റെ പിറന്നാളാണ്. അവനോടൊപ്പം അതൊന്ന് ആഘോഷിക്കാൻ വീട്ടുകാരോ, കൂട്ടുകാരോ അയൽക്കാരോ ഇല്ല. അവന്റെ വേദനയിൽ ചിരിക്കുമ്പോഴും, ആ ഏകാന്തത ഞാൻ പോലുമറിയാതെ എന്നിലേക്ക് അരിച്ചിറങ്ങുന്നത് അനുഭവപ്പെട്ടു.
നാട്ടിൽ ഇതിന്റെ നേർവിപരീതമായ അവന്റെ പഴയ സ്കൂൾ കൂട്ടുകാർ- ഡോ. ഫൈസൽ, സമ്പത്ത്. കേരളത്തിൽ ജീവിക്കുന്ന ഇന്നത്തെ മലയാളികളുടെ പ്രതിനിധികൾ. ജോലി, കുടുംബം, ബിസിനസ്സ്- ഇങ്ങനെ എല്ലാ മേഖലയിലും അവരിലൂടെ ഇന്നിന്റെ കാഴ്ചപ്പാടുകൾ കാണാം. എത്ര കൃത്യതയോടെയാണ് ചിരിക്കിടയിലും ജാനെ മൻ നമ്മളെ ടെൻഷൻ അടിപ്പിക്കുന്നത്. ഏകാന്തത, ഡിപ്രെഷൻ തുടങ്ങിയ അവസ്ഥകളെയും സിനിമ കൃത്യമായാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഒന്നു തെറ്റിയിരുന്നെങ്കിൽ മാനസികാരോഗ്യ പ്രശ്നങ്ങളെ കളിയാക്കുന്ന ഒരു സിനിമ ആയേനെ ഇത്. പക്ഷെ, ചിരിയിലും വ്യക്തമായി ഇവയെ അഡ്രസ് ചെയ്യാൻ കഴിഞ്ഞത് സിനിമയുടെ തിരക്കഥയുടെയും സംഭാഷണങ്ങളുടെയും, ബേസിൽ ജോസഫിന്റെ അഭിനയത്തിന്റെയും മികവുകൊണ്ടുതന്നെയാണ്.
കുടുംബം, സ്വത്ത്, സൗഹൃദം, പ്രണയം, ജനനം, മരണം, ദുഃഖം, സന്തോഷം- മനുഷ്യാവസ്ഥയിലെ എല്ലാ വികാരങ്ങളും ഒരു രാത്രി ഇരുണ്ടു പുലരുന്ന സമയത്തിനുള്ളിൽ, ജാനെമൻ നമ്മളെ അനുഭവിപ്പിക്കുന്നു. സിദ്ധിക്ക് ലാൽ, പ്രിയദർശൻ തുടങ്ങിയവർ ഒരുക്കിയ പണ്ടത്തെ ക്ലാസിക്ക് ഹാസ്യസിനിമകളെ പോലെ, ചിരിയിലൂടെ ഒരു കാലത്തെ, സമൂഹത്തെ, അടയാളപ്പെടുത്തി എന്നത് തന്നെ ജാനെ മന്നിനെ മലയാളസിനിമാചരിത്രത്തിൽ രേഖപ്പെടുത്തിക്കഴിഞ്ഞു.
ബേസിൽ ജോസഫിന്റെ അതിഗംഭീരപ്രകടനം ആണ്. അസാധ്യ ടൈമിങ്ങും അഭിനയവും വോയ്സ് മോഡുലേഷനും.
മലയാള ഹാസ്യതാരങ്ങൾ ഒഴിച്ചിട്ട ഇരിപ്പിടങ്ങൾക്ക് നല്ലൊരു പിൻഗാമി തന്നെയാണ് ബേസിൽ. അർജുൻ അശോകൻ, റിയ സൈറ, ഗണപതി, ബാലു വർഗീസ്, തുടങ്ങിയവരും അവരുടെ ഭാഗങ്ങൾ ഭംഗിയാക്കി. സദാചാര ബോധങ്ങളെ ചെറുതായെങ്കിലും ഉലയ്ക്കാൻ ശ്രമിക്കുന്ന 'കാമുകി' കഥാപാത്രവും മികച്ച പ്ലെയ്സ്മെന്റാണ്. സിദ്ധാർഥ് മേനോന്റെ സീരിയൽ കഥാപാത്രം വളരെ രസകരമായി തോന്നി. പെണ്ണുങ്ങളുടെത് എന്ന് ആണുങ്ങൾ പൊതുസഭയിൽ പറഞ്ഞൊഴിയുന്ന സീരിയലിനോടുള്ള ആൺകഥാപാത്രങ്ങളുടെ ഇടപെടലും. എടുത്തുപറയേണ്ടത്, പലക്കാട്ടുകാരനായി വന്നു തകർത്ത പാലക്കാട്ടുകാരൻ ശരത് സഭയെയാണ്. ഒരുപാട് ചിരിപ്പിച്ചു. നൂറുശതമാനം കഥാപാത്രത്തോട് നീതിപുലർത്തിയിട്ടുണ്ട് ശരത്. ഒടിയനിൽ ശരത് സഖാവായി ഉടനീളമുണ്ടായിരുന്നു. പ്രതിഭയാണെന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നു. അഭിനയിച്ച ഓരോരുത്തർക്കും കൃത്യമായ ഇടം നൽകിയ ഒരു ഉഗ്രൻ സിനിമ- അതാണ് ജാനെ മൻ. ചിദംബരത്തിനും ടീമിനും പ്രത്യേക അഭിനന്ദനങ്ങൾ . ഇനിയും ഇത്തരം നല്ല സിനിമകൾ ഇവരിൽ നിന്നും ഉണ്ടാവട്ടെ...ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു.


Click it and Unblock the Notifications