സിനിമാല നിന്നപ്പോൾ ഭീകമായ അവസ്ഥ, ഷോകളുടെ സ്വഭാവം മാറി; അത് വല്ലാത്തൊരു ഘട്ടമായിരുന്നു: വിനോദ്
മോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് വാഴ 2. നടൻമാരായ ബിജു കുട്ടൻ, വിനോദ് കെടാമംഗലം എന്നിവർക്ക് ശ്രദ്ധേയ വേഷമാണ് വാഴ 2 വിൽ ലഭിച്ചത്. സിനിമാ രംഗത്ത് ഏറെക്കാലമായി തുടരുന്ന വിനോദിന് ആദ്യമായാണ് ഇത്രയും ശ്രദ്ധിക്കപ്പെട്ട വേഷം ലഭിക്കുന്നത്. കരിയറിൽ അവസരങ്ങൾ കുറഞ്ഞ കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനോദിപ്പോൾ. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
സിനിമാലയുണ്ടായിരുന്ന കാലഘട്ടം എന്നെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നു. കാരണം ഇഷ്ടം പോലെ പ്രോഗ്രാമുകൾ. സിനിമാലയ്ക്ക് പുറമെ അതിന് അനുബന്ധമായി വിദേശത്ത് പ്രോഗ്രാമുകൾ. സജീവമായി പ്രോഗ്രാമുകൾ ചെയ്ത കാലഘട്ടമായിരുന്നു അത്. പിന്നെ സിനിമാല നിന്നു. സിനിമയിലേക്ക് വന്നു. കാലഘട്ടത്തിന് അനുസരിച്ച് സ്റ്റേഡിന്റെ സ്വഭാവം മാറി. പ്രോഗ്രാമുകൾ കുറഞ്ഞു. സിനിമകളിലേക്ക് മാത്രം ശ്രദ്ധ കൊടുത്തു. സിനിമയിൽ നിന്ന് അവസരങ്ങൾ വരാതാകുമ്പോൾ മാനസികമായി തളരും.

കുറേ സിനിമകൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം വരുന്നില്ല. സംവിധായകൻമാരും കൺട്രോളർമാരും സുഹൃത്തുക്കളായത് കൊണ്ട് സിനിമയിൽ എവിടെയെങ്കിലും നമ്മളെ ഉൾപ്പെടുത്തും. പക്ഷെ ശ്രദ്ധേയമായിരുന്നില്ല. അത് വല്ലാത്തൊരു ഘട്ടമായിരുന്നു. ഈ രംഗത്ത് നിൽക്കണമെന്ന ആഗ്രഹം കൊണ്ട് വല്ലാത്ത ആത്മവിശ്വാസത്തിൽ പിടിച്ച് നിൽക്കുകയായിരുന്നു. കുടുംബത്തിന്റെ വലിയ പിന്തുണയും. ഒരു സമയത്തും അവരിൽ നിന്ന് ബുദ്ധിമുട്ടുണ്ടായിട്ടില്ല.
അച്ഛനും അമ്മയുമാണ് എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത്. പഠനകാലത്ത് മിമിക്രിയിലായിരുന്നു മുഴുവൻ സമയവും. അന്നും അച്ഛനും അമ്മയും എന്നെ വളരെ പ്രോത്സാഹിപ്പിച്ചു. അച്ഛൻ മരിച്ചു. ഇന്ന് അച്ഛനൊപ്പമുണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹമുണ്ടെന്നും വിനോദ് കെടാമംഗലം പറഞ്ഞു.
സിനിമാല നിന്ന് പോയ കാലഘട്ടം ഭീകരമായിരുന്നു. 20 വർഷം തുടർന്ന ഷോയാണ്. 10 വർഷത്തോളം ഞങ്ങളാണ് സജീവമായി നിന്നത്. സിനിമാല വലിയൊരു അഡ്രസ് ആയിരുന്നു. നിർത്തിയപ്പോൾ വലിയ ശൂന്യതയായി. എല്ലാവരും ഛിന്നഭിന്നമായി. ഇപ്പോഴും ഇടയ്ക്ക് ഞങ്ങൾ കൂടാറുണ്ട്. വർഷത്തിലൊരിക്കൽ ഞങ്ങളെല്ലാവരും യാത്ര പോകുമെന്നും വിനോദ് കെടാമംഗലം പറയുന്നു.


Click it and Unblock the Notifications