നസ്രിയയെ ആശങ്കപ്പെടുത്തിയ എന്റെ സ്വഭാവം, അവളെന്നെ ഉൾക്കൊള്ളുന്നു; അന്നും ഇന്നും പ്രണയിക്കുന്ന താരദമ്പതികൾ
വാലെന്റെെൻസ് ദിനമടുത്തിരിക്കെ സിനിമാ ലോകത്തെ പ്രണയ കഥകളും ആരാധക ശ്രദ്ധ നേടുകയാണ്. മലയാള സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ താര വിവാഹമായിരുന്നു ഫഹദ് ഫാസിലിന്റെയും നസ്രിയയുടേതും. ബാംഗ്ലൂർ ഡെയ്സിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും അടുക്കുന്നത്. അന്ന് മുൻനിര നായിക നടിയായി വളർന്ന് വരികയാണ് നസ്രിയ. പ്രായം 19 ഉം. നടിയേക്കാൾ 12 വയസ് കൂടുതലാണ് ഫഹദിന്. ഈ പ്രായവ്യത്യാസം അന്നേറെ ചർച്ചയായി.
പ്രണയകാലത്തെക്കുറിച്ച് നസ്രിയയും ഫഹദും നിരവധി തവണ സംസാരിച്ചിട്ടുണ്ട്. ബാംഗ്ലൂർ ഡെയ്സിന്റെ ഷൂട്ടിംഗ് സമയത്ത് ഇരുവർക്കും ഒരുമിച്ച് സമയം ചെലവഴിക്കേണ്ടി വന്നു. ഫഹദും താനും ഒരു മാസത്തോളം ഷൂട്ട് ചെയ്യുന്ന ഫ്ലാറ്റിൽ സ്റ്റക്കായിരുന്നു. ആരായിരുന്നാലും ആ സമയത്ത് പ്രണയിച്ച് പോകുമെന്ന് നസ്രിയ അടുത്തിടെ പറയുകയുണ്ടായി.

ബാംഗ്ലൂർ ഡെയ്സിൽ നസ്രിയ പാടിയ എന്റെ കണ്ണിൽ നിനക്കായ് എന്ന പാട്ട് ഫഹദിന് പ്രിയപ്പെട്ടതാണ്. ഷൂട്ടിന്റെ സമയത്ത് ഫഹദ് സ്ഥിരം കേട്ട് കൊണ്ടിരുന്ന പാട്ടായിരുന്നു ഇത്. ഫഹദിന്റെ ഡ്രെെവർ എന്നോട് വന്ന് മാഡം, ഈ പാട്ട് കുറച്ച് നാളത്തേക്ക് ഇടരുതെന്ന് ഒന്ന് പറയുമോ എന്ന് ചോദിച്ചിട്ടുണ്ടെന്ന് നസ്രിയ ഒരിക്കൽ പറയുകയുണ്ടായി.
ബാംഗ്ലൂർ ഡെയ്സിന് മുമ്പും നസ്രിയക്ക് ഫഹദിന്റെ സിനിമകളിൽ നിന്ന് ഓഫർ വന്നിരുന്നു. ഫഹദിന്റെ ഇഷ്ടപ്പെട്ട സിനിമ ആർട്ടിസ്റ്റാണ്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്നാണത്. ആ സിനിമ എനിക്ക് ഓഫർ ചെയ്തിരുന്നു. പക്ഷെ ഞാനന്ന് ട്വൽത്തിൽ പഠിക്കുകയാണ്. ആ സിനിമ ചെയ്തില്ല. ആ സമയത്ത് ഞങ്ങൾ ഡേറ്റിംഗിൽ അല്ല. പക്ഷെ സഹപ്രവർത്തകരായതിനാൽ വിളിച്ച് പ്രശംസിച്ചിട്ടുണ്ടെന്നും നസ്രിയ വ്യക്തമാക്കി.
വിവാഹ ശേഷം സിനിമകളുടെ എണ്ണം നസ്രിയ കുറച്ചു. വല്ലപ്പോഴുമേ നടി സിനിമ ചെയ്യാറുള്ളൂ. വീട്ടിൽ ഞങ്ങൾ വർക്കിനെക്കുറിച്ച് സംസാരിക്കാറില്ല. ഫഹദിന്റെ ഡെഡിക്കേഷനും ഹാർഡ് വർക്കും അതിശയിപ്പിക്കുന്നതാണ്. വിവാഹ ശേഷം താൻ ഇടവേളയെടുത്തു. കുറച്ച് കഴിഞ്ഞ് സ്ക്രിപ്റ്റുകളൊന്നും കേൾക്കുന്നില്ലേ, എന്താണിത്ര മടിയെന്ന് ഫഹദ് ചോദിച്ചിട്ടുണ്ടെന്നും നസ്രിയ ഒരിക്കൽ പറയുകയുണ്ടായി.
മെത്തേഡ് ആക്ടറായ ഫഹദ് നസ്രിയയുടെ സ്വാഭാവിക അഭിനയത്തിന്റെ ആരാധകനാണ്. നസ്രിയ വളരെ ചെറിയ പ്രായം മുതൽ സിനിമ ചെയ്യുന്ന ആളാണ്. ക്യാമറ കോൺഷ്യസ് അല്ല. അവൾ ഒരുപാട് ഹോം വർക്ക് ചെയ്യുന്ന കാര്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് ഇരുന്ന് സംസാരിക്കുകയല്ല. വെറുതെ എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കുമ്പോൾ സിനിമയെക്കുറിച്ച് പറയും. ഇങ്ങനെ ചെയ്യട്ടേ എന്ന് ചോദിക്കും. അവൾ തയ്യാറെടുക്കുമെന്നും ഫഹദ് പറഞ്ഞു.

തന്റെ സ്വഭാവ രീതികളെ നസ്രിയ മനസിലാക്കുന്നതിനെക്കുറിച്ച് ഒരിക്കൽ ഫഹദ് ചൂണ്ടിക്കാണിക്കുകയുണ്ടായി. എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാൻ എന്റെ ഉത്തരം കൃത്യം പോയന്റിലായിരിക്കില്ല. എവിടെയൊക്കെയോ പോകും. ഉത്തരം എവിടെയെങ്കിലുമുണ്ടാകും. ഉത്തരം കണ്ടെത്തുന്നത് കേൾക്കുന്നയാളാണ്. അത് കൊണ്ടാണ് ഞാൻ അധികം സംസാരിക്കാത്തത്. അവൾക്ക് എപ്പോഴും അതിൽ ആശങ്കയുണ്ട്. എന്തെങ്കിലും ചോദിക്കുമ്പോൾ ഉത്തരത്തിനടുത്തെത്തും. ചിലപ്പോൾ ഉത്തരമേ ഉണ്ടാകില്ല. എന്നെ ഞാനായി സ്വീകരിക്കുന്നു. അതിൽ താൻ ഭാഗ്യവാനാണെന്നുമാണ് ഫഹദ് പറഞ്ഞത്.
വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണിതെന്നാണ് നസ്രിയയുടെ പിതാവ് വിവാഹസമയത്ത് പറഞ്ഞത്. ഫാസിൽ സർ എന്നെ വിളിച്ച് സംസാരിച്ചതാണ്. ഞങ്ങൾക്ക് സമ്മതമായിരുന്നു. കുടുംബത്തെ ഞങ്ങൾക്ക് നന്നായിട്ട് അറിയാം. നസ്രിയ കൊച്ചുകുട്ടിയാണ്. പക്ഷെ വേണ്ട എന്ന് പറഞ്ഞില്ല, ആലോചിക്കാമെന്നാണ് പറഞ്ഞതെന്നും ഇദ്ദേഹം അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications