വിവാഹത്തോടെ വല്ലാതെ ഉൾവലിഞ്ഞു, പുറം ലോകം കാണാറില്ലെന്ന് വാണി; 'സിനിമയിലേത് പോലെയല്ല ജീവിതത്തിൽ'
മലയാളി പ്രേക്ഷകർക്ക് പ്രത്യേക മമത നടി വാണി വിശ്വനാഥിനോടുണ്ട്. ആക്ഷൻ ഹീറോയിൻ എന്ന ഇമേജ് വാണിക്ക് ശേഷം മറ്റാെരു നടിക്കും മലയാളത്തിൽ ലഭിച്ചിട്ടില്ല. നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങൾ വാണിക്ക് മലയാള സിനിമകളിൽ ലഭിച്ചു. ടൻ ബാബുരാജിനെ വിവാഹം ചെയ്ത ശേഷമാണ് വാണി വിശ്വനാഥ് മലയാള സിനിമകളിൽ സജീവമല്ലാതായത്. ഇപ്പോഴിതാ വാണിയെക്കുറിച്ച് നടി പൊന്നമ്മ ബാബു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹശേഷം വാണിക്ക് വന്ന മാറ്റത്തെക്കുറിച്ചാണ് പൊന്നമ്മ ബാബു സംസാരിച്ചത്. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പരാമർശം.
കല്യാണം കഴിഞ്ഞതോടെ വാണി ഉൾവലിഞ്ഞു. പിള്ളേരും കുടുംബവുമായി. കുഞ്ഞുങ്ങളുടെ പിറകെ ആയെന്ന് പാെന്നമ്മ ബാബു പറഞ്ഞു. ഇതേക്കുറിച്ച് അഭിമുഖത്തിൽ വാണി വിശ്വനാഥും സംസാരിച്ചു. സിനിമകളിൽ അഭിനയിക്കുന്ന കാലത്ത് തിരക്കിലായിരുന്നു. അപ്പോഴും പുറംലോകവുമായി അധികം ബന്ധമില്ല. എന്തെങ്കിലും പരിപാടികൾക്ക് പോകും. അല്ലാതെ ഒറ്റയ്ക്ക് ലാവിഷായി പോകുന്നത് കുറവായിരുന്നു. ഇപ്പോൾ തീരെയില്ല. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കുമില്ലാത്ത ആദ്യത്തെ നടിയായിരിക്കും ഞാൻ. പുറംലോകം താൻ കാണാറില്ല എന്നും വാണി വിശ്വനാഥ് ചിരിയോടെ പറഞ്ഞു.

സിനിമയിലെ വാണി വിശ്വനാഥല്ല ജീവിതത്തിൽ. വലിയ വ്യത്യാസമുണ്ട്. എന്നാൽ എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ ചെറിയ മറുപടി കൊടുക്കും. അച്ഛൻ ചെറുപ്പം മുതൽ എംജിആറിന്റെയും ബ്രൂസ് ലീയുടെയുമൊക്കെ പടങ്ങളാണ് എനിക്ക് കാണിച്ച് തന്നത്. അപ്പോൾ എനിക്ക് തന്നെ ഹീറോ മനോഭാവം വന്നു. മണിച്ചിത്രത്താഴിലെ ശോഭന ചെയ്ത കഥാപാത്രം ചേച്ചി ചെയ്താൽ നന്നായിരിക്കുമോ എന്നൊക്കെ ചിലർ ചോദിക്കും. എനിക്കാ സിനിമയിൽ ലാലേട്ടൻ ചെയ്ത റോൾ ചെയ്യാനാണിഷ്ടമെന്ന് ഞാൻ പറയും.
ഞാൻ ലാലേട്ടനും മമ്മൂക്കയുമൊക്കെ അഭിനയിക്കുന്നതാണ് കൂടുതൽ ശ്രദ്ധിക്കുക. ഇവരുടെ കൂടെയൊക്കെ അഭിനയിക്കുമ്പോഴാണ് എനിക്ക് പേടി വന്നത്. മമ്മൂക്കയുടെ കൂടെ കിംഗ് എന്ന സിനിമയൊക്കെ ചെയ്യുമ്പോൾ ഞാൻ മാറി നിന്ന് അദ്ദേഹത്തെ ശ്രദ്ധിക്കും. കാരണം എന്റെ ഫേവറെെറ്റ്സ് അവരാണ്. നായികയല്ല എനിക്കെപ്പോഴും വെല്ലുവിളി. നായകനാണെന്നും വാണി പറഞ്ഞു.

നേരത്തെയും വാണി വിശ്വനാഥ് ആക്ഷൻ റോളുകളോടുള്ള തന്റെ താൽപര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തെലുങ്കിൽ വിജയശാന്തി മാം പൊലീസ് വേഷങ്ങൾ ചെയ്യുമ്പോൾ ഞാനവിടെ ഗ്ലാമർ വേഷങ്ങളാണവിടെ ചെയ്ത് കൊണ്ടിരുന്നത്. ഇങ്ങനെ എനിക്കൊക്കെ ചെയ്യാൻ പറ്റുമോ എന്ന് അന്ന് തോന്നിയിട്ടുണ്ട്. പിന്നീട് മലയാളത്തിലേക്ക് വന്ന് തനിക്ക് അത്തരം കഥാപാത്രങ്ങൾ ലഭിച്ചു. തിരിച്ച് വരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തുള്ള സിനിമയിലൂടെ വരണമെന്നായിരുന്നു ആഗ്രഹമെന്നും വാണി വിശ്വനാഥ് പറഞ്ഞു.
റെെഫിൾ ക്ലബ് ആണ് തിരിച്ച് വരവിൽ വാണി ചെയ്ത ശ്രദ്ധേയ സിനിമ. ആക്ഷൻ രംഗങ്ങളിൽ വാണി തകർത്തഭിനയിച്ചു. സിനിമകളിൽ നിന്ന് മാറി നിന്ന കാലഘട്ടത്തെക്കുറിച്ചും വാണി നേരത്തെ സംസാരിച്ചിട്ടുണ്ട്. മാറി നിന്ന സമയത്ത് സിനിമ മിസ് ചെയ്തിട്ടില്ല. കാരണം അതിലും സന്തോഷമുള്ള കാര്യത്തിലായിരുന്നു. ദുഖമുള്ള കാര്യത്തിൽ ഏർപ്പെടുമ്പോഴേ മിസ് ചെയ്യൂ. എന്റെ മക്കൾ എനിക്ക് സിനിമയേക്കാൾ കൂടുതൽ സന്തോഷം തന്നെന്നും വാണി വിശ്വനാഥ് അന്ന് പറഞ്ഞു. വാണിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











