എമർജൻസി സിസേറിയനായിരുന്നു, അകന്ന് കഴിയുന്ന മകൻ ജനിച്ച നാളുകൾ, ഇനി ആരെയും കാത്തിരിക്കില്ല: വനിത വിജയകുമാർ
നടി വനിത വിജയകുമാറിന്റെ ജീവിതം വലിയ വിവാദങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. മൂന്ന് വിവാഹ ബന്ധങ്ങൾ തകർന്ന വനിത ഇന്ന് തന്റെ രണ്ട് പെൺമക്കൾക്കൊപ്പമാണ് കഴിയുന്നത്. മൂത്ത മകൻ ശ്രീഹരി വനിതയിൽ നിന്ന് അകന്ന് കഴിയുകയാണ്. നടൻ ആകാശ് ആണ് വനിതയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ പിറന്ന മക്കളാണ് ശ്രീഹരിയും ജോവികയും. ആകാശുമായി അകന്ന ശേഷം .2007 ൽ അനന്ദ് രാജ് എന്ന ബിസിനസുകാരനെ വനിത വിവാഹം കഴിച്ചു. ജോനിത എന്ന മകൾ ഇവർക്ക് പിറന്നു. എന്നാൽ ഈ വിവാഹവും വേർപിരിയലിൽ അവസാനിച്ചു. പിന്നീട് പീറ്റർ പോൾ എന്ന വ്യക്തിയെ വിവാഹം ചെയ്തെങ്കിലും ഈ ബന്ധവും തകർന്നു.
മക്കളുടെ ജനനത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ വനിത വിജയകുമാർ. മൂത്ത മകൻ ശ്രീഹരിയുടെ ജനന സമയത്ത് പ്രശ്നങ്ങളുണ്ടായിരുന്നെന്ന് വനിത പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ശ്രീഹരിയുടേത് എമർജൻസി സിസേറിയനായിരുന്നു. കഴുത്തിൽ പൊക്കിൾകൊടി കുരുങ്ങി. ഐസിയുവിലായിരുന്നു ഞാൻ. ആദ്യമായി അമ്മയായതാണ്. 18 വയസ് കഴിഞ്ഞതേയുള്ളൂ. ജൂൺ ഏഴിനായിരുന്നു ജനിക്കേണ്ടത്.

മെയ് 23 ന് ജനിച്ചു. അക്കാലത്ത് അതെല്ലാം വലിയ പേടിയാണ്. ഐസിയുവിലുള്ള എനിക്ക് കുഞ്ഞിനെ കാണിച്ച് തന്നു. ലോകത്തിൽ പകരം വെക്കാൻ പറ്റാത്ത നിമിഷമാണത്. കുഞ്ഞിനെ എടുക്കാൻ ഭയം. മുമ്പ് സഹോദരിമാരുടെ കുഞ്ഞിനെയൊക്കെ എടുത്തിട്ടുണ്ട്.
പക്ഷെ സ്വന്തം കുഞ്ഞായതിനാൽ വളരെ പേടി തോന്നി. മകനെ കയ്യിൽ വെച്ച് ഞാൻ കരഞ്ഞു. കുഞ്ഞുമായി അടുപ്പമുണ്ടാക്കണം, പക്ഷെ എങ്ങനെയെന്നറിയില്ല. അവൻ എന്റെ മടിയിൽ ഉറങ്ങുകയാണ്. നഴ്സ് കുഞ്ഞിനെ എടുക്കാൻ വന്നു. നീ എന്റെ കെെ വിരലിൽ പിടിച്ചാൽ നിനക്കെന്നെ ഇഷ്ടമാണെന്ന് ഞാൻ മനസിൽ പറഞ്ഞു. നഴ്സ് എടുക്കാൻ നോക്കുമ്പോൾ അവൻ എന്റെ കെെ വിരലിൽ പിടിച്ചു. കുഞ്ഞുങ്ങൾ വയറ്റിലിരിക്കുമ്പോഴേ നമ്മൾ പറയുന്നതെല്ലാം കേൾക്കുമോ എന്നെനിക്കറിയില്ല. കുഞ്ഞിനോട് എപ്പോഴും താൻ സംസാരിക്കുമായിരുന്നെന്നും വനിത വിജയകുമാർ വ്യക്തമാക്കി.

ജോവികയും സിസേറിയനായിരുന്നു. യുഎസിലാണ് ജനിച്ചത്. ഡോക്ടർമാർ വന്ന് സംസാരിക്കുന്നുണ്ട്. വെസ്റ്റേൺകാരാണ്. വാർത്തയിൽ വന്ന ആക്സിഡന്റും മറ്റുമാണ് അവർ സംസാരിക്കുന്നത്. അവർ കട്ട് ചെയ്തത് പോലും ഞാനറിഞ്ഞില്ല. ജയ ജനിച്ചപ്പോൾ റിക്കവറിക്ക് സമയമെടുത്തു. എന്റെ അവസാനത്തെ പ്രസവമാണിതെന്ന് അറിയാമായിരുന്നെന്നും വനിത വിജയകുമാർ ഓർത്തു.
കുടുംബവുമായി ഇനിയും ഒന്നിക്കുമെന്ന് പ്രതീക്ഷിച്ച് സമയം കളയാനില്ലെന്നും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുകയാണ് താനെന്നും വനിത പറയുന്നുണ്ട്. സംഭവിക്കാനുള്ളത് സംഭവിക്കട്ടെ. എന്റേതായ തിരക്കുകളുണ്ട്. മക്കൾ രണ്ട് പേരുടെയും കാര്യങ്ങൾ നോക്കണം. എന്നെ പറ്റി ചിന്തിക്കാത്തവരെക്കുറിച്ച് ചിന്തിക്കുന്നില്ല. മുമ്പ് ഞാനിങ്ങനെയായിരുന്നില്ല.
ഒരിക്കൽ എന്റെ പിറന്നാളിന് ശ്രീഹരിയെ ഓർത്ത് ഞാൻ കരഞ്ഞു. അമ്മ, നിങ്ങളുടെ പിറന്നാൾ ഓർക്കുക പോലും ചെയ്യാത്ത ഒരാൾക്ക് വേണ്ടി കരയാനാണോ നിങ്ങളെ മാത്രം വിചാരിച്ചിരിക്കുന്ന ഞങ്ങൾക്ക് വേണ്ടി നിങ്ങൾ ജീവിക്കുകയാണോ എന്ന് ചോദിച്ചു. അത് തന്നെ വല്ലാതെ സ്വാധീനിച്ചു. ഒപ്പമില്ലാത്തവരെക്കുറിച്ച് ചിന്തിച്ച് കരയാനില്ല. അവർ എന്നെ തേടി വന്നാൽ നോക്കാമെന്നാണ് ഇപ്പോഴത്തെ തീരുമാനമെന്നും വനിത വിജയകുമാർ വ്യക്തമാക്കി.


Click it and Unblock the Notifications











