ദേവയാനിയുടെ മകൾക്ക് പ്രശംസ, ജോവികയ്ക്ക് കുറ്റപ്പെടുത്തൽ; പ്രതികരിച്ച് അമ്മ വനിത വിജയകുമാർ
കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന നടിയാണ് വനിത വിജയകുമാർ. തന്റെ ജീവിതത്തെക്കുറിച്ച് വനിത തുറന്ന് സംസാരിക്കാറുണ്ട്. വലിയ പ്രശ്നങ്ങൾ വനിതയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. കുടുംബവുമായി വനിത ഇന്നും അകൽച്ചയിലാണ്. തന്നോട് സംസാരിക്കാൻ പോലും അച്ഛനും സഹോദരങ്ങളും തയ്യാറാകുന്നില്ലെന്നാണ് വനിത പറയുന്നത്. മൂത്ത മകൻ ശ്രീഹരിയും വനിതയിൽ നിന്ന് അകലം കാണിക്കുന്നു. അതേസമയം പെൺമക്കളായ ജോവികയും ജോനിതയും വനിതയ്ക്കൊപ്പമുണ്ട്.
ജോവിക അഭിനയ രംഗത്ത് സാന്നിധ്യമറിയിച്ച് കഴിഞ്ഞു. മകൾ സിനിമാ താരമാകണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ വനിത ഒപ്പം നിൽക്കുകയായിരുന്നു. ബിഗ് ബോസ് തമിഴിൽ ജോവിക നേരത്തെ മത്സരാർത്ഥിയായെത്തിയിട്ടുണ്ട്. മകൾക്ക് സിനിമാ രംഗത്ത് സ്ഥാനം ലഭിക്കാൻ വനിത പരമാവധി ശ്രമിക്കുന്നുണ്ട്. വനിത സംവിധാനം ചെയ്ത് നായികയായെത്തുന്ന പുതിയ സിനിമ മിസിസ് ആന്റ് മിസ്റ്റർ. ജോവികയാണ് ഈ സിനിമ നിർമ്മിച്ചത്.

ദേവയാനിയുമായി തന്നെയും ദേവയാനിയുടെ മകളുമായി ജോവികയെയും താരതമ്യം ചെയ്യുന്നതിനെതിരെ സംസാരിക്കുകയാണ് വനിത വിജയകുമാറിപ്പോൾ. മിസിസ് ആന്റ് മിസ്റ്ററിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് പരാമർശം.
ഞങ്ങളെല്ലാം ഏകദേശം ഒരേ പ്രായക്കാരാണ്. ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളാണ്. തൊണ്ണൂറുകളിലെ നടിമാരുടെ മക്കൾ ഇന്ന് ഓരോരുത്തരായി സിനിമാ രംഗത്തേക്ക് വരുന്നു. ഈ കുട്ടികളെല്ലാം ഒരേ പ്രായക്കാരാണ്. താരതമ്യം എനിക്ക് മനസിലാകുന്നില്ല. തുറന്ന് പറയാം. ദേവയാനി വളരെ നല്ല ആർട്ടിസ്റ്റാണ്. അടുത്തിടെ ഒരു പ്രസ്മീറ്റിൽ ദേവയാനിയെ പ്രശംസിച്ച് ഞാൻ സംസാരിച്ചിരുന്നു. ഈയടുത്ത് ഞാൻ ദേവയാനിക്ക് മുന്നിൽ അഹങ്കാരത്തോടെ ഇരുന്നു എന്ന് കമന്റുകൾ വന്നു. എന്റെ മകളെയും അവളുടെ മകളെയും താരതമ്യം ചെയ്യുന്നു. എനിക്കിത് മനസിലാകുന്നില്ല. ആരെയും താരതമ്യം ചെയ്യാൻ പറ്റില്ലെന്നും വനിത വിജയകുമാർ പറഞ്ഞു.

അടുത്തിടെയാണ് ദേവയാനിയുടെ മകൾ ഇനിയ ലെെം ലെെറ്റിലേക്ക് കടന്ന് വന്നത്. സരിഗമപ ഷോയുടെ ഓഡിഷനിൽ ഇനിയ പാടി. 'മയിൽ പോലെ പൊണ്ണ് ഒന്ന്' എന്ന ദേവയാനിയുടെ ഹിറ്റ് ഗാനമാണ് ഇനിയ പാടിയത്. മനോഹരമായി പാടിയ ഇനിയ ഏവരുടെയും കയ്യടി നേടി. താരപദവി ഉപയോഗിച്ച് മകൾക്ക് അവസരങ്ങൾ നേടിക്കൊടുക്കാതെ എന്തുകാെണ്ട് ഈ ഷോയിലേക്ക് കൊണ്ട് വന്നെന്ന് ജഡ‍്ജസ് ദേവയാനിയോട് ചോദിച്ചു.
മകൾ സ്വന്തം പ്രയത്നത്തിൽ വളരമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ദേവയാനി മറുപടി നൽകി. ദേവയാനിയുടെ മറുപടി ഏവരുടെയും കയ്യടി നേടി. പിന്നാലെ ഇനിയയുടെയും ജോവികയുടെയും പെരുമാറ്റവും വസ്ത്രധാരണവും സോഷ്യൽ മീഡിയയിൽ താരതമ്യം ചെയ്യപ്പെട്ടു. മക്കളുടെ കരിയറിനെക്കുറിച്ച് ദേവയാനിക്കും വനിതയ്ക്കുമുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളും ചർച്ചയായി. ഈ സാഹചര്യത്തിലാണ് വനിത വിജയകുമാറിന്റെ പ്രതികരണം.
സംവിധായകൻ രാജകുമാരനാണ് ദേവയാനിയുടെ ഭർത്താവ്. ഇനിയ, പ്രിയങ്ക എന്നിവരാണ് മക്കൾ. മുംബെെക്കാരിയായ ദേവയാനി തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു. ഇന്നും അഭിനയ രംഗത്ത് ദേവയാനി സാന്നിധ്യം അറിയിക്കുന്നു. മറുവശത്ത് വനിതയും കരിയറിലെ തിരക്കുകളിലാണ്. . മൂന്ന് വിവാഹ ബന്ധങ്ങളാണ് വനിതയുടെ ജീവിതത്തിലുണ്ടായത്. വിവാഹമോചനങ്ങളുടെ പേരിൽ വനിത പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. 2000 ത്തിലായിരുന്നു വനിതയുടെ ആദ്യ വിവാഹം. നടൻ ആകാശിനെയാണ് വിവാഹം ചെയ്തത്. രണ്ടാമത് ബിസിനസുകാരൻ അനന്ദ് രാജിനെ വിവാഹം ചെയ്തു. ഈ ബന്ധവും പിരിഞ്ഞ ശേഷം പീറ്റർ പോൾ എന്നയാളെ വിവാഹം ചെയ്തു. മാസങ്ങൾക്കുള്ളിൽ ഈ ബന്ധവും പിരിഞ്ഞു.


Click it and Unblock the Notifications











