ഇങ്ങനെയൊരു ദിവസം വരുമെന്ന് എനിക്കറിയാമായിരുന്നു; അഭിമാനമുണ്ട്; അകന്ന് പോയ മകനെക്കുറിച്ച് വനിത
നടി വനിത വിജയകുമാറിന്റെ വ്യക്തി ജീവിതം സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്. നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയകുമാറിന്റെയും മകളാണ് വനിത. കുടുംബത്തിൽ നിന്നും അകന്ന് നിൽക്കുന്ന വനിത ഒന്നിലേറെ തവണ വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. തന്നെ കുടുംബം ഒന്നടങ്കം മാറ്റി നിർത്തുകയാണെന്നും സംസാരിക്കാൻ പോലും തയ്യാറാകുന്നില്ലെന്നുമാണ് വനിത വിജയകുമാർ പറയുന്നത്. മൂന്ന് വിവാഹങ്ങളാണ് വനിതയുടെ ജീവിതത്തിലുണ്ടായത്. ആദ്യ രണ്ട് വിവാഹങ്ങളിലായി മൂന്ന് മക്കളും നടിക്കുണ്ട്.
നടൻ ആകാശ് ആണ് വനിതയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ പിറന്ന മക്കളാണ് വിജയ് ശ്രീ ഹരിയും ജോവികയും. ജോവിക അമ്മയ്ക്കൊപ്പമാണുള്ളത്. മകളെ സിനിമാ താരമാക്കാനുള്ള ശ്രമത്തിലാണ് വനിത. എന്നാൽ മകൻ വിജയ് ശ്രീ ഹരി വനിതയിൽ നിന്ന് അകന്ന് കഴിയുകയാണ്. അച്ഛൻ ആകാശും അമ്മയുടെ പിതാവ് വിജയകുമാറുമാണ് വിജയ് ശ്രീ ഹരിയുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്. വനിത തന്റെ അമ്മയാണെന്ന് പറയാൻ പോലും ഒരു ഘട്ടത്തിൽ വിജയ് ശ്രീ ഹരി തയ്യാറായിട്ടില്ല.

ഇപ്പോഴിതാ സിനിമാ രംഗത്തേക്ക് കടന്ന് വരികയാണ് താരപുത്രൻ. പ്രഭുസോളമന്റെ മാംബൊ എന്ന സിനിമയിലൂടെയാണ് വിജയ് ശ്രീ ഹരി തുടക്കം കുറിക്കുന്നത്. സിനിമയുടെ പത്രസമ്മേളന ചടങ്ങിൽ വിജയകുമാർ സംസാരിച്ചു. എന്നാൽ വനിത എത്തിയില്ല. അമ്മയും മകനും ഇപ്പോഴും ഒരുമിച്ചല്ല. റിപ്പോർട്ടുകൾ പ്രകാരം ഇവന്റിന് വനിതയ്ക്ക് ക്ഷണം ലഭിച്ചില്ല. എന്നാൽ സോഷ്യൽ മീഡിയയിലൂടെ വനിത മകന് ആശംസകൾ അറിയിച്ചിട്ടുണ്ട്.
'എന്റെ ബേബി ഹീറോയായിരിക്കുന്നു. മീഡിയ കുടുംബത്തോടും സഹോദരീ സഹോദരൻമാരോടും എല്ലാ സ്നേഹവും അനുഗ്രഹവും നൽകാൻ ഞാൻ അഭ്യർത്ഥിക്കുന്നു. വിജയ് ശ്രീ ഹരി എന്റെ മകനാണെന്ന് പറയുന്നതിൽ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. ഇങ്ങനെയൊരു ദിവസം വരുമെന്ന് എനിക്കറിയാമായിരുന്നു. ദൈവം എപ്പോഴും അവനെ അനുഗ്രഹിക്കട്ടെ', എന്നാണ് വനിത വിജയകുമാർ സോഷ്യൽമീഡിയയിൽ കുറിച്ചത്.

മകൻ തന്നിൽ നിന്നും അകന്നതിനെക്കുറിച്ച് വനിത നേരത്തെ ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. ആൺമക്കൾ അമ്മയെ അവരുടേത് മാത്രമായാണ് കാണുന്നത്. അമ്മയ്ക്ക് മറ്റൊരു ജീവിതമുണ്ടാകുന്നത് അവർക്ക് ഉൾക്കൊള്ളാൻ പറ്റില്ലെന്ന് വനിത വിജയകുമാർ പറഞ്ഞു. അതേസമയം മകനോട് തനിക്കിന്നും സ്നേഹമുണ്ടെന്നും വനിത പറഞ്ഞിട്ടുണ്ട്.
ശ്രീ ഹരിയോട് നിങ്ങൾ സംസാരിക്കരുതെന്ന് ജോവിക പറയും. കാരണം അവൾ പൊസസീവ് ആണ്. ശ്രീ ഹരിയോട് അവൾക്ക് ദേഷ്യമാണ്. എന്റെ മകനോട് സംസാരിക്കണോ വേണ്ടയോ എന്ന് നീ എന്നോട് പറയേണ്ട. അത് എന്റെ തീരുമാനമാണ്. നിന്നെ ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷെ ഞാൻ ആരോട് സംസാരിക്കണം സംസാരിക്കരുതെന്ന് നീ പറയേണ്ടെന്ന് ഞാൻ മറുപടി നൽകിയെന്ന് വനിത വിജയകുമാർ അന്ന് പറഞ്ഞു. വിജയ് ശ്രീ ഹരിക്കും ജോവികയ്ക്കും പുറമെ ജോനിത എന്ന മകളും വനിതയ്ക്കുണ്ട്.


Click it and Unblock the Notifications











