അച്ഛനുമായി പിരിഞ്ഞ് പൊട്ടിക്കരഞ്ഞ അമ്മ, എന്റെ ചോദ്യത്തോടെ അമ്മ മാറി, അച്ഛനോട് ദേഷ്യമുണ്ടായിരുന്നു: വരലക്ഷ്മി
നടൻ ശരത്കുമാറിന് മുൻഭാര്യ ഛായദേവിയിൽ പിറന്ന മകളാണ് വരലക്ഷ്മി ശരത്കുമാർ. അച്ഛനും അമ്മയും പിരിഞ്ഞ കാലം വരലക്ഷ്മിക്ക് കുറേ തിരിച്ചറിവുകളുടേതായിരുന്നു. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ വരലക്ഷ്മി തുറന്ന് സംസാരിക്കുന്നുണ്ട്. നടിയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. വളരെ അടുത്ത സുഹൃത്തുക്കളുള്ളപ്പോൾ മാത്രമേ ഞാൻ എന്റെ ദൗർബല്യങ്ങൾ പുറത്ത് കാട്ടാറുള്ളൂ. ഇപ്പോൾ ഭർത്താവ് നിക്ക് ഉണ്ട്. കുട്ടിക്കാലത്തേ ഞാനിങ്ങനെയാണ്.
ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ടീച്ചേർസിന് എന്നെ ഇഷ്ടമാണ്. എല്ലാവർക്കും പ്രിയപ്പെട്ട കുട്ടി. സ്കൂളിൽ നിന്ന് ഒരു പരാതിയും എനിക്കെതിരെ വന്നിട്ടില്ല. അന്നേ ആളുകളുമായി നന്നായി ഇടപഴകുന്ന ആളാണ് ഞാൻ. അച്ഛനും അമ്മയും പിരിഞ്ഞപ്പോൾ ഞാനത് പ്രോസസ് ചെയ്തിട്ടില്ല. ഒരു നിസഹായതയായിരുന്നു.

എന്താണിങ്ങനെ സംഭവിക്കുന്നത്, നമ്മൾ കാരണമാണ്, നമ്മളെക്കൊണ്ട് സഹായിക്കാൻ പറ്റുമോ എന്നെല്ലാം ചിന്തിക്കും. യാഥാർത്ഥ്യം ഉൾക്കൊള്ളാൻ സമയമെടുക്കും. അച്ഛനെയും അമ്മയെയും കുറിച്ച് നമുക്കൊരു ഇമേജുണ്ടാകും. പിരിയുമ്പോൾ നമ്മളുടേതായ മാനസിക സംഘർഷം ഉണ്ടാകും. ഒരു ദിവസം എല്ലാം കഴിഞ്ഞ് അമ്മ കരഞ്ഞ് കൊണ്ടിരുന്നു. എനിക്കന്ന് പത്ത് വയസാണ്. ഞാൻ റൂമിലേക്ക് ചെന്ന് ഇതാണോ നിങ്ങളുടെ ഇനിയുള്ള ജീവിതം എന്ന് ചോദിച്ചു. അന്ന് അമ്മയ്ക്ക് ട്രിഗറായി. അമ്മ വലിയ ബിസിനസ് തുടങ്ങി.
കഴിഞ്ഞത് കഴിഞ്ഞു, ഇനിയെന്ത് എന്ന യാഥാർത്ഥ്യത്തിലേക്ക് അമ്മ വന്നു. കല്യാണ ജീവിതം മാത്രമാണ് ജീവിതം എന്ന് കരുതുന്ന കാലഘട്ടമാണത്. ബിസിനസിൽ അമ്മ വിജയിച്ചു. വലിയ വീട് ഞങ്ങൾക്കായി പണിതു. അച്ഛനോട് എനിക്ക് ദേഷ്യം തോന്നിയില്ലെന്ന് പറയാനാകില്ല. സ്നേഹം ദേഷ്യത്തെ മറികടക്കുകയായിരുന്നെന്നും വരലക്ഷ്മി പറയുന്നു.


Click it and Unblock the Notifications

