സ്വന്തം ചോരയായ അച്ഛനെ നേരിട്ട് കണ്ടു, തീർത്തും അപരിചിതൻ! ഞാൻ ഞെട്ടി: രാധികയുടെ മകൾ റയാൻ
നടൻ ശരത്കുമാറിന്റെയും നടി രാധിക ശരത്കുമാറിന്റെയും വിവാഹ ജീവിതം പലപ്പോഴും ചർച്ചയായതാണ്. ശരത്കുമാറിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. മുൻ ഭാര്യ ഛായദേവിയിൽ വരലക്ഷ്മി, പൂജ എന്നീ രണ്ട് മക്കൾ ശരത്കുമാറിനുണ്ട്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. ബ്രിട്ടീഷ് പൗരനായ റിച്ചാർഡ് ഹാർഡിയായിരുന്നു രണ്ടാം ഭർത്താവ്. ഈ ബന്ധത്തിൽ റയാൻ എന്ന മകളും ജനിച്ചു. വരലക്ഷ്മിയും റയാനും തങ്ങൾ വളർന്ന് വന്ന കാലത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. റയാനിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇവർ.
അച്ഛൻ അമ്മയുമായി പിരിഞ്ഞതിനെക്കുറിച്ച് വരലക്ഷ്മി സംസാരിച്ചു. അത് വേറൊരു കാലഘട്ടമായിരുന്നു. ഡിവോഴ്സിനെക്കുറിച്ച് അധികമാരും സംസാരിച്ചിരുന്നില്ല. എല്ലാ രണ്ടാം ശനിയാഴ്ചയും നിനക്ക് അച്ഛനെ കാണാമെന്ന് കോടതി പറഞ്ഞത് ഓർക്കുന്നു. അതൊക്കെ വിട്ടേക്ക്, നിനക്ക് എല്ലാ വീക്കെൻഡും അച്ഛനെ പോയി കാണണമെങ്കിൽ നീ പോയി കണ്ടോ എനിക്ക് എതിർപ്പില്ലെന്ന് അമ്മ പറഞ്ഞു.
എന്റെ അമ്മയും രാധിക ആന്റിയും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. അവർ മനക്കരുത്തുള്ളവരാണ്. ജീവിതത്തിലെ പ്രശ്നങ്ങളോട് അവർ പൊരുതി. ഞാൻ ശക്തയാകാൻ കാരണം എന്റെ അമ്മയാണ്. സിംഗിൾ പാരന്റായിരിക്കുക എളുപ്പമല്ല. അമ്മയുടെ നാട് ചെന്നെെയല്ല, ബാംഗ്ലൂരാണ്. വിവാഹമോചനത്തിന് ശേഷവും അവർ ചെന്നെെയിൽ തുടർന്നു. ഒരുപാട് ജോലികൾ അമ്മ ചെയ്തിട്ടുണ്ട്.
പരാജയം അമ്മയ്ക്ക് ഓപ്ഷനായിരുന്നില്ല. രണ്ട് മക്കൾക്ക് ഭക്ഷണം കാെടുക്കണം. അമ്മ മുമ്പ് മാധ്യമപ്രവർത്തകയായിരുന്നു. അമ്മ ദൂരദർശനിൽ ജോലി ചെയ്യുമ്പോൾ രാധികാന്റിയുടെ അഭിമുഖം എടുത്തിട്ടുണ്ട്. അന്ന് അച്ഛൻ അവിടെ ലെെറ്റ് മാൻ ആണ്. കുടുംബത്തിലെ പ്രശ്നങ്ങൾ കാരണം ആദ്യം അച്ഛനോട് അകൽച്ചയുണ്ടായിരുന്നു. കുട്ടിക്കാലത്ത് അദ്ദേഹത്തോട് സ്നേഹമായിരുന്നു. പിന്നെ അമ്മയുമായി പിരിഞ്ഞത് കൊണ്ട് അച്ഛനോട് ദേഷ്യം തോന്നി. രണ്ടാം വിവാഹം ചെയ്തപ്പോൾ വീണ്ടും ദേഷ്യം തോന്നി.

ക്രമേണ അത് മാറി. ചില സമയത്ത് രണ്ട് പേർ തമ്മിലുള്ള ബന്ധം മുന്നോട്ട് പോകില്ലെന്ന് മുതിർന്നപ്പോൾ ഞാൻ മനസിലാക്കി. പിരിഞ്ഞപ്പോൾ അവർ സന്തുഷ്ടരായി. അതുകൊണ്ട് അവർ നല്ല മാതാപിതാക്കളുമായെന്ന് കരുതുന്നെന്നും വരലക്ഷ്മി പറഞ്ഞു. അച്ഛനോട് ഞാൻ ക്ഷമിച്ചതാണ്. തെറാപ്പിക്ക് ശേഷമായിരുന്നു അത്. കഴിഞ്ഞ് പോയ കാര്യം മാറ്റാൻ പറ്റില്ലെന്നും വരലക്ഷ്മി പറഞ്ഞു.
രക്തബന്ധമല്ലെങ്കിലും ശരത്കുമാർ തനിക്ക് സ്വന്തം അച്ഛൻ തന്നെയാണെന്ന് റയാനും അഭിമുഖത്തിൽ പറയുന്നുണ്ട്. ബയോളജിക്കൽ പിതാവിനെ ഞാൻ കുറേ വർഷങ്ങൾ കണ്ടിരുന്നില്ല. കാണണമെന്ന് എനിക്കുണ്ടായിരുന്നു. എന്നാൽ അമ്മ സമ്മതിച്ചില്ല. 18 വയസായിട്ടില്ല, മകൾ തന്റെ അടുത്ത് നിന്നും പോയാലോ എന്ന് അമ്മ ചിന്തിച്ചു. എന്നാൽ അച്ഛൻ (ശരത്കുമാർ) ആണ് അവൾ പോയി കാണട്ടെ എന്ന് പറഞ്ഞത്. ഞാൻ ആവേശഭരിതയായി. എന്നാൽ അദ്ദേഹത്തെ കണ്ടതോടെ ഞാൻ ഞെട്ടി. റോഡിൽ ഒരാളെ കാണുന്നത് പോലെയായിരുന്നു അത്. തീർത്തും അപരിചതൻ. അപ്പോഴാണ് രക്തബന്ധമല്ലെങ്കിലും ശരത്കുമാറാണ് തന്റെ പിതാവെന്ന് താൻ തിരിച്ചറിയുന്നതെന്നും റയാൻ പറഞ്ഞു. റയാനെ ഒരിക്കലും വേർതിരിവോടെ കണ്ടിട്ടില്ലെന്ന് ശരത്കുമാർ അടുത്തിടെ പറഞ്ഞിരുന്നു.


Click it and Unblock the Notifications











