പ്രണയം പൂവണിയാൻ പോകുന്നു; വേടൻ വിവാഹിതനാകുന്നു, ആഢംബരമില്ലാതെ 24ന് രജിസ്റ്റർ മാരേജ്, വധു യുവ എഴുത്തുകാരി!
യുവ റാപ്പറും ഗാനരചയിതാവുമായ വേടൻ എന്ന അറിയപ്പെടുന്ന ഹിരൺ ദാസ് മുരളി വിവാഹിതനാകുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സമാപന വേദിയിൽ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് സന്തോഷ വാർത്ത ഔദ്യോഗികമായി അറിയിച്ചത്. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ആഘോഷമോ ആഢംബരവുമില്ലാതെ ഫെബ്രുവരി 24ന് രജിസ്റ്റർ മാരേജ് ചെയ്യാനാണ് ഇരുവരുടേയും തീരുമാനം.
മാഷ് പറഞ്ഞതുപോലെ വരുന്ന 24ആം തീയതി ഞാൻ രജിസ്റ്റർ മാരേജ് ചെയ്യാൻ പോവുകയാണ്. എന്റെ കല്യാണമാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് എം.വി ഗോവിന്ദന്റെ വാക്കുകൾ സ്ഥിരീകരിച്ചുകൊണ്ട് വേടൻ പറഞ്ഞത്.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിൽ തന്നെ വധുവിന്റെ വേഷത്തിൽ അണിയിച്ച് ഒരുക്കാനായി നവമിലത തെരഞ്ഞെടുത്തിരിക്കുന്നത് സെലിബ്രിറ്റ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിനെയാണ്. അങ്ങനെ ആ തീരുമാനം നടപ്പിലാകാൻ പോകുന്നു... വേടൻ കുട്ടന് നവമി പെണ്ണ് കൂട്ട്... മൈ അപ് കമിങ് ബ്രൈഡ് എന്നാണ് നവമിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് രഞ്ജു കുറിച്ചത്.
വേടന്റെയും നവമിയുടേയും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് വിവാഹത്തിന്റെ ഭാഗമാകാൻ സാധിക്കുന്ന സന്തോഷം രഞ്ജു രഞ്ജിമാർ പങ്കിട്ടപ്പോൾ നിരവധി പേരാണ് വേടനും നവമിക്കും ആശംസകൾ നേർന്ന് എത്തിയത്. അതേസമയം വേടന് എതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ അടിസ്ഥാനത്തിൽ ചിലർ ഗായകനെ വിമർശിച്ചും കമന്റുകൾ കുറിച്ചു. വ്യാജ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതിപ്പെട്ട് യുവ ഡോക്ടർ വേടന് എതിരെ രംഗത്ത് എത്തിയത് വലിയ വാർത്തയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ അടക്കം ഇരയ്ക്കൊപ്പം നിന്ന് നീതിക്ക് വേണ്ടി പോരാടിയ രഞ്ജു രഞ്ജിമാർ വേടനെ പിന്തുണയ്ക്കുന്നതിലെ എതിർപ്പായിരുന്നു കമന്റ് ബോക്സിൽ ചിലർ പ്രകടിപ്പിച്ചത്. 2021 മുതൽ 2023 വരെ പലതവണ തന്നെ വേടൻ ബലാത്സംഗത്തിനിരയാക്കി എന്നാണ് യുവതിയുടെ മൊഴി. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നത്.
വേടനുമായി ചില സാമ്പത്തിക ഇടപാടുകൾ നടന്നതായും യുവതിയുടെ പരാതിയിൽ ഉണ്ടായിരുന്നു. അതേസമയം ഏറെ നാളായി വേടനും നവമിയും പ്രണയത്തിലാണ്. നവമിയും തൃശൂർ സ്വദേശിനിയാണ്. അടുത്തിടെ വേടൻ എഴുതി ഹിറ്റായ മോണലോവ എന്ന ഗാനം പ്രണയിനി നവമിയെ കുറിച്ചുള്ളതാണ്. ഗായകൻ തന്നെ അക്കാര്യം മുമ്പ് തുറന്ന് സമ്മതിച്ചിട്ടുണ്ട്.

തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ മോണലോവയെ വിശേഷിപ്പിച്ചത്. 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ട് കൊച്ചുകുട്ടികൾക്ക് പോലും മനപാഠമാണ്. ഒരുത്തീ എന്ന വാക്കിൽ തുടങ്ങുന്ന പാട്ടിലെ എണ്ണക്കറുപ്പിയെ നിന്റെ കണ്ണില്‍ കുരുങ്ങി ഞാന്‍ മരിച്ചു. രണ്ടാം പിറവിയേ... ഇത് രണ്ടാം പിറവിയേ എന്ന വരികളാണ് ഹൈലൈറ്റ്. കേസും വിവാദങ്ങളും ഉണ്ടായപ്പോഴും നവമി വേടനൊപ്പം പിന്തുണയായി ഉണ്ടായിരുന്നു.
അടുത്തിടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിക്കാൻ എത്തിയപ്പോഴും നവമിയെ ഗായകൻ ഒപ്പം കൂട്ടിയിരുന്നു. കുടുംബവുമൊത്ത് ഒരുമിച്ച് ജീവിക്കണം എന്ന് അതിയായ ആഗ്രഹമുള്ളയാളാണ് താനെന്ന് അടുത്തിടെ രഞ്ജിനി ഹരിദാസിന്റെ ഷോയിൽ അതിഥിയായി എത്തിയപ്പോൾ വേടൻ തുറന്ന് പറഞ്ഞിരുന്നു.
അമ്മയെ കുറച്ച് നാളുകൾക്ക് മുമ്പാണ് വേടന് നഷ്ടപ്പെട്ടത്. അച്ഛനും സഹോദരങ്ങളുമാണ് ഇപ്പോൾ വേടന്റെ ലോകം. 2020ൽ പുറത്തിറക്കിയ വോയ്‌സ് ഓഫ് ദ് വോയ്‌സ്‌ലെസ് എന്ന ആദ്യ സംഗീത വിഡിയോയിലൂടെയാണ് വേടൻ ശ്രദ്ധനേടുന്നത്.


Click it and Unblock the Notifications

















