വേടന്റെ ഫാൻസിന് തന്നെ അതിൽ താൽപര്യമില്ല; അറിയാത്തത് ഇത്ര വലിയ തെറ്റോ? റെഡിറ്റിലെ ചർച്ചയിങ്ങനെ
സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ച ചെയ്യുന്നത് റാപ്പർ വേടനെക്കുറിച്ചാണ്. വിവാദങ്ങൾക്ക് നടുവിലാണെങ്കിലും ആരാധകരുടെ വലിയ പിന്തുണ വേടനുണ്ട്. യുവത്വത്തിന്റെ ഹരമായി വേടൻ മാറിക്കഴിഞ്ഞു. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമാണ് വേടന്റെ വരികളെന്ന് ആരാധകർ പറയുന്നു. കഞ്ചാവുമായി വേടൻ പിടിയിലായ വാർത്ത ഈയടുത്ത് വലിയ ചർച്ചയായതാണ്. അപ്പോഴും വലിയ ജനപിന്തുണ റാപ്പർക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം വേടനെ അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിൽ വ്യാപക വിമർശനമാണ് ഗായകൻ എംജി ശ്രീകുമാറിന് നേരിടേണ്ടി വന്നത്. കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിലായതിന് ശേഷം ഒരു ചാനൽ ചർച്ചയിൽ എംജി ശ്രീകുമാർ നടത്തിയ പരാമർശമാണ് വിമർശത്തിന് കാരണമായത്.
വേടനെ അറിയില്ലെന്നാണ് എംജി ശ്രീകുമാർ പറഞ്ഞത്. പിന്നാലെ വ്യാപക വിമർശനം എംജി ശ്രീകുമാറിന് നേരെ വന്നു. ഇതേക്കുറിച്ച് റെഡിറ്റിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. എംജി ശ്രീകുമാറിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്. എംജി ശ്രീകുമാറിന്റെ അമ്മാവനിസമാണ് ഇങ്ങനെയൊരു പ്രസ്താവനയ്ക്ക് കാരണമെന്ന് വാദമുണ്ട്. ഒരു സാധാരണക്കാരന് വേടനെ അറിയില്ലെന്ന് പറയുന്നതിൽ പ്രശ്നമില്ല. പക്ഷെ മലയാള സംഗീക ലോകത്തുള്ള ഒരാൾ അങ്ങനെ പറയുമ്പോൾ ആറ്റിറ്റ്യൂഡ് പ്രശ്നം തന്നെയാണത്. റെലവന്റ് ആയിരിക്കാൻ സ്വന്തം ഇൻഡസ്ട്രിയെക്കുറിച്ച് പഠിക്കണമെന്നാണ് ഒരാളുടെ കമന്റ്.
അതേസമയം എംജി ശ്രീകുമാറിനെ അനുകൂലിക്കുന്നവരുമുണ്ട്. വേടനെ അറിയാത്തത് ഇത്ര വലിയ തെറ്റാണോ എന്നാണ് ഇവരുടെ ചോദ്യം. റാപ്പ് മ്യൂസിക് മലയാളികൾക്ക് വലിയ താൽപര്യമില്ലാത്തതാണ്. വേടന്റെ മിക്ക ഫാൻസിന് പോലും റാപ് സോങ്സ് ഇഷ്ടമല്ല. ഒരു കാര്യം പോപ്പുലറാകുമ്പോൾ എല്ലാവരും ആ ട്രെൻഡ് ഫോളോ ചെയ്യുകയാണ്, ഒരാളുടെ കമന്റിങ്ങനെ.
ആളുകൾ സെലിബ്രിറ്റികളെ വിമർശിക്കാൻ എപ്പോഴും എന്തെങ്കിലും കാരണം തേടുകയാണ്. മറ്റുള്ളവരെ ഇടിച്ച് താഴ്ത്തി സ്വന്തം ഫ്രസ്ട്രേഷനും ഇൻസെക്യൂരിറ്റികളും അവർ തുറന്ന് കാട്ടുന്നു, ഒരു റെഡിറ്റ് യൂസറുടെ കമന്റിങ്ങനെ. കേസുകളിലൂടെയാണ് വേടനെക്കുറിച്ച് ഞാൻ അറിഞ്ഞതെന്നാണ് ഒരാളുടെ കമന്റ്.

'വേടന്റെ ഗാനങ്ങൾ എംജിയുടെ അമ്പത് ഗാനങ്ങളിൽ ഒന്നിന്റെ അത്ര പോലും എന്നെ എന്റർടെയിൻ ചെയ്തിട്ടില്ല. വേടൻ എഴുതുമെന്ന് അറിയാം. പക്ഷെ ഒരു ആസ്വാദകനെന്ന നിലയിൽ അത് ഞാൻ ഇവിടെ പരിഗണിക്കുന്നില്ല. ഇവർ രണ്ട് പേരുടെയും പ്രൊഡക്ടുകളാണ് താരതമ്യം ചെയ്യുന്നത്. എംജിയുടെ പാട്ടുകളാണ് എന്റർടെയിനിംഗ്. വേടൻ ഒരു സാസ്കാരിക പ്രതിഭാസമാണ്. കലയോ വിനോദമോ അത്ര പ്രധാനമല്ല. അദ്ദേഹത്തിന്റെ മിക്ക സോങ്സും ശരാശരിയാണ്. ഫെജോ, ഹനുമാൻകെെൻഡ് തുടങ്ങിയവരാണ് എന്നെ കൂടുതൽ വിനോദിപ്പിക്കുന്നത്. ഇതിനർത്ഥം വേടനെ വെറുക്കുന്നു എന്നല്ല. ലോകം എല്ലാവരുടേതുമാണ്. എന്നാൽ എംജിക്ക് വേടനെ അറിയാത്തത് എനിക്കൊരു പ്രശ്നമായി തോന്നുന്നില്ല,' ഒരു റെഡിറ്റ് യൂസറുടെ അഭിപ്രായമിങ്ങനെ.
സോഷ്യൽ മീഡിയയിൽ വന്ന വിമർശനങ്ങൾക്ക് നേരത്തെ എംജി ശ്രീകുമാർ മറുപടി നൽകിയതാണ്. ഗാന രചയിതാവായ മൃദുല ദേവി എസിന്റെ വിമർശനത്തിനാണ് എംജി ശ്രീകുമാർ മറുപടി നൽകിയത്. 'പ്രിയപ്പെട്ട എം ജി ശ്രീകുമാറിന് ഒരു കുറിപ്പ്. ഈ ഫോട്ടോയിൽ കാണുന്നയാളാണ് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി. താങ്കൾക്ക് വേടനെ അറിയില്ലെങ്കിലും വേടൻ താങ്കളെ അറിയും. ഗായകനായ ശ്രീകുമാറിനെക്കാൾ കൂടുതലായി മാലിന്യം കായലിൽ വലിച്ചെറിഞ്ഞു കളഞ്ഞിട്ട് വീട്ടിലെ ജോലിക്കാരിയുടെ തലയിൽ വച്ച് കെട്ടിയ താങ്കളെപ്പോലുള്ളവരുടെ അറിവില്ലായ്മ അവന്റെ പാട്ടിലെ മുഖ്യവിഷയമാണ്,' എന്നായിരുന്നു മൃദുല ദേവി എസിന്റെ പോസ്റ്റ്.
'ഞാൻ എംജി. ഒരു ചാനൽ എന്നെ വിളിച്ചു ലഹരി ഉപയോഗിച്ച് കൊണ്ട് ഗായകർ പാടുന്നത് ശരിയാണോ എന്ന് ചോദിച്ചതിന്, മറുപടിയായി, എന്റെ സ്വന്തം കാര്യം മാത്രമാണ് മറുപടി പറഞ്ഞത്. അത് മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്.വേടനെ (ഹിരൺ ദാസ് മുരളി ). എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ. പരിചയമില്ല. അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല. ഫേസ്ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിനും,ബാൻഡിനും എല്ലാ നന്മകളും നേരുന്നു. സ്നേഹപൂർവ്വം എം ജി' എന്നായിരുന്നു പോസ്റ്റിന് എംജി ശ്രീകുമാറിന്റെ മറുപടി.
കേരളത്തിൽ ഇതിനകം വേടനും വേടന്റെ പാട്ടുകളും രാഷ്‌ട്രീയ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ആർഎസ്എസ് നേതാവും കേസരിയുടെ മുഖപത്രാധിപരുമായ എൻആർ മധുവിന്റെ പരാമർശം വിവാദമായി. വേടന്റെ പാട്ടുകൾ ജാതിഭീകര വാദം പ്രചരിപ്പിക്കുന്നതാണെന്നും വേടന് പിന്നിൽ രാജ്യത്ത് വിഘടനവാദം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും എൻആർ മധു ആരോപിച്ചു. കൊല്ലം കുണ്ടറയ്ക്കടുത്തുള്ള ക്ഷേത്ര പരിപാടിയിൽ സംസാരിക്കുകയായിരുന്നു എൻആർ മധു. പിന്നാലെ പ്രതികരണവുമായി വേടനെത്തി.
താൻ വിഘടനവാദിയാണെന്ന് മുൻപും ആളുകൾ പറഞ്ഞിട്ടുണ്ടെന്ന് വേടൻ പ്രതികരിച്ചു. അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. സർവജീവികൾക്കും സമത്വം വിചാരിക്കുന്ന അംബേദ്ക്കർ രാഷ്ട്രീയത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. മുമ്പും ഈ വിമർശനം കേട്ടിട്ടുണ്ട്. പുതിയ കാര്യമല്ല. ഞാൻ വിഘടന വാദിയാണെന്ന് മുമ്പും ആളുകൾ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല.
നമ്മൾ എടുക്കുന്ന ജോലി എവിടെയോ പ്രവർത്തിക്കുന്നുണ്ട് എന്നാണ് മനസിലാകുന്നത്. നല്ല കാര്യമായി മാത്രമേ എടുക്കുന്നുള്ളൂ. എനിക്ക് അമ്പലങ്ങളിൽ ഇനിയും ഷോ കിട്ടും. ഞാൻ പാടുകയും ചെയ്യും. സ്വകാര്യ ജീവിതത്തിൽ കുറേ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അതിജീവിച്ച് താൻ മുന്നോട്ട് പോകുമെന്നും വേടൻ വ്യക്തമാക്കി.
ഏഴ് ഗ്രാം കഞ്ചാവാണ് വേടന്റെ ഫ്ലാറ്റിൽ നിന്നും പിടികൂടിയത്. കരിയറിൽ തിരക്കേറിയ സമയത്താണ് വേടൻ വിവാദത്തിലായത്. 2020 ൽ വോയ്സ് ഓഫ് ദ വോയിസ്ലെസ് എന്ന് തന്റെ ആദ്യ മ്യൂസിക് വീഡിയോ യൂട്യൂബിൽ പുറത്തിറങ്ങിയതോടെയാണ് വേടൻ ശ്രദ്ധേയനായത്. അന്ന് 24 കാരനാണ് വേടൻ. അതേവർഷം തന്നെ ഭൂമി ഞാൻ വാഴുന്നിടം എന്ന രണ്ടാമത്തെ മ്യൂസിക് ആൽബവും പുറത്തിറക്കി. 2024 ൽ മഞ്ഞുമ്മൽ ബോയ്സിലെ കുതന്ത്രം എന്ന എന്ന ട്രാക്കും ശ്രദ്ധ നേടി.
ഇതാദ്യമായല്ല വേടൻ വിവാദത്തിൽ അകപ്പെടുന്നത്. നേരത്തെ വേടനെതിരെ മീ ടൂ ആരോപണം വന്നിരുന്നു. ഇപ്പോഴത്തെ ചർച്ചകൾക്കിടെ ഈ വിഷയവും ഉയർന്ന് വന്നു. വേടനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ അഭിപ്രായങ്ങൾ പങ്കുവെച്ചു. മലയാള സിനിമാ ലോകത്തെ ലഹരി ഉപയോഗം വലിയ ചർച്ചയായിരിക്കെയാണ് വേടൻ കഞ്ചാവ് കേസിൽ അകപ്പെട്ടത്. നേരത്തെ ഷെെൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ലഹരിക്കേസിൽ ചോദ്യം ചെയ്തിരുന്നു. നടി വിൻസി അലോഷ്യസ് ഷെെൻ ടോം ചാക്കോയ്ക്കെതിരെ പരാതി നൽകുകയും ചെയ്തു. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഷെെൻ തന്നോട് മോശമായി സംസാരിച്ചു എന്നായിരുന്നു വിൻസി സിനിമാ സംഘടനകൾക്ക് നൽകിയ പരാതി. പിന്നീട് ഈ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുകയും ചെയ്തു. പ്രമുഖ താരങ്ങൾ സിന്തറ്റിക് ലഹരിക്ക് ഉപയോഗിക്കുന്നു എന്ന വാദം ഇതിനിടെ വന്നിരുന്നു.


Click it and Unblock the Notifications











