എന്റെ മോശം ശീലങ്ങൾ..., തുറന്ന് പറഞ്ഞ് വേടൻ; 'കുറേ കാര്യങ്ങൾ ജീവിതത്തിൽ മാറ്റാനുണ്ട്'
കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയാകുന്ന റാപ്പറാണ് വേടൻ. വിപ്ലവകരമായ പാട്ടുകളുമായി കരിയറിൽ മുന്നേറുന്ന വേടൻ പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. പ്രതിസന്ധികളിലും വലിയ ജനപിന്തുണ വേടന് ലഭിച്ചിട്ടുണ്ട്. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് വേടൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
പേഴ്സണൽ ആയ കുറേ കാര്യങ്ങൾ ജീവിതത്തിൽ മാറ്റാനുണ്ട്. പെരുമാറ്റം കുറച്ച് മാറ്റാനുണ്ട്. എനിക്ക് 31 വയസായി. ഈ വയസിൽ ഒരാൾ ജീവിതം പഠിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിന് ഞാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇതുവരെയുണ്ടായ സന്തോഷങ്ങളിലും സ്ട്രഗിളുകളിലും ഞാൻ ഗ്രേറ്റ്ഫുൾ ആണ്. കാരണം എനിക്കുണ്ടായ വേദനയാണ് എന്നെ ഇപ്പോഴത്തെ ഒരാളായി മോൾഡ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ഞാൻ സ്ട്രോങ് ആണ്.

എന്റെ മോശം ശീലങ്ങളാണ് എന്റെ ഫോക്കസ് കളയുന്നത്. ലഹരി ഉപയോഗം. ഏറ്റവും ശക്തി കുടുംബമാണ്. അനാവശ്യമായ സ്വഭാവങ്ങളാണ് എന്റെ വീക്ക്നെസ് എന്ന് വേടൻ പറയുന്നു. തന്റെ നല്ല ഗുണങ്ങളെക്കുറിച്ചും വേടൻ സംസാരിച്ചു. ഞാൻ പെട്ടെന്ന് സൗഹൃദത്തിലാകും. ചില സമയത്ത് അത് പ്രശ്നമാണ്. പക്ഷെ അത് നല്ല ഗുണമായി തോന്നിയിട്ടുണ്ട്.
പരമാവധി ഒരാളെ വെറുപ്പിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്. ചിലയിടങ്ങളിൽ പാളിപ്പോകുമെന്നും വേടൻ പറഞ്ഞു. സ്ട്രഗിളുള്ള ഒരു യാത്രയായിരുന്നു എന്റേത്. പക്ഷെ ഞാൻ ഹാപ്പിയാണ്. ആർട്ടിസ്റ്റ് എന്നതിലുപരി ഒരുപാട് ആൾക്കാർക്ക് അവസരം കൊടുക്കാനാകുന്നു. അത് കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. ആ കാര്യത്തിൽ ഞാൻ ഭയങ്കര ഹാപ്പിയാണെന്നും വേടൻ പറഞ്ഞു.
അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമാണ് വേടന്റെ വരികളെന്ന് ആരാധകർ പറയുന്നു. കഞ്ചാവുമായി വേടൻ പിടിയിലായ വാർത്ത കഴിഞ്ഞ വർഷം ചർച്ചയായതാണ്. അപ്പോഴും വലിയ ജനപിന്തുണ റാപ്പർക്ക് ലഭിച്ചു. വേടനെ അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിൽ വലിയ വിമർശനമാണ് ഗായകൻ എംജി ശ്രീകുമാറിന് നേരിടേണ്ടി വന്നത്. കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിലായതിന് ശേഷം ഒരു ചാനൽ ചർച്ചയിൽ എംജി ശ്രീകുമാർ നടത്തിയ പരാമർശമാണ് വിമർശത്തിന് കാരണമായത്.
വേടന്റെ കേരളത്തിൽ രാഷ്ട്രീയ വിഷയവുമാണ്. വേടനെതിരെ ആർഎസ്എസ് നേതാവും കേസരിയുടെ മുഖപത്രാധിപരുമായ എൻആർ മധുവിന്റെ പരാമർശം വിവാദമായതാണ്. വേടന്റെ പാട്ടുകൾ ജാതിഭീകര വാദം പ്രചരിപ്പിക്കുന്നതാണെന്നും വേടന് പിന്നിൽ രാജ്യത്ത് വിഘടനവാദം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും എൻആർ മധു ആരോപിച്ചു. സംഭവത്തിൽ വ്യാപക വിമർശനമാണ് ഉയർന്ന് വന്നത്. പരാമർശത്തിൽ വേടൻ പ്രതികരിച്ചു.
ഞാൻ വിഘടനവാദിയാണെന്ന് മുൻപും ആളുകൾ പറഞ്ഞിട്ടുണ്ട്. അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. സർവജീവികൾക്കും സമത്വം വിചാരിക്കുന്ന അംബേദ്ക്കർ രാഷ്ട്രീയത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. മുമ്പും ഈ വിമർശനം കേട്ടിട്ടുണ്ട്. ഇത് പുതിയ കാര്യമല്ല. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല. നമ്മൾ എടുക്കുന്ന ജോലി പ്രവർത്തിക്കുന്നുണ്ട് എന്നാണ് മനസിലാകുന്നത്. നല്ല കാര്യമായി മാത്രമേ എടുക്കുന്നുള്ളൂ. എനിക്ക് അമ്പലങ്ങളിൽ ഇനിയും ഷോ കിട്ടും. ഞാൻ പാടുകയും ചെയ്യുമെന്നും വേടൻ പറഞ്ഞു.


Click it and Unblock the Notifications











