എന്തിന് വെയിറ്റ് കുറയ്ക്കണം?, എന്റെ ഇപ്പോഴത്തെ ശരീരത്തിൽ ഞാൻ സന്തോഷവതി, നന്നായി ഭക്ഷണം കഴിക്കുന്നയാളാണ്; വീണ
അഭിനയത്തിൽ സജീവമായിരുന്നുവെങ്കിലും ചെറുപ്പം മുതൽ പരിശീലിക്കുന്ന നൃത്തം നടി വീണ നായർ ഒരു പൊതുവേദിയിൽ അവതരിപ്പിച്ചിട്ട് വർഷങ്ങൾ ഏറെയായി. മഹാശിവരാത്രിയോട് അടുപ്പിച്ച് നടന്ന ആഘോഷങ്ങളുടെ ഭാഗമായി പതിമൂന്ന് വർഷങ്ങൾക്ക് ശേഷം വീണ നായർ വീണ്ടും ചിലങ്കയണിഞ്ഞ് ഭരതനാട്യം അവതരിപ്പിച്ചു. റീൽസിനായി സുഹൃത്തുക്കൾക്കൊപ്പം സിനിമാ ഗാനങ്ങൾക്ക് ചുവടുവെയ്ക്കുന്ന വീണയെ മാത്രമെ പ്രേക്ഷകർ കണ്ടിട്ടുള്ളു.
അതിനാൽ തന്നെ ക്ലാസിക്കൽ നൃത്തം നടി അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്കും അതൊരു കൗതുക കാഴ്ചയായി. ഇങ്ങനെ നൃത്തം കളിക്കുമായിരുന്നോ?. അറിഞ്ഞില്ല... ഒത്തിരി സന്തോഷം കണ്ടപ്പോൾ. നന്നായി നൃത്തം ചെയ്യുന്നു. ഒരുപാട് വേദികൾ കിട്ടാൻ പ്രാർത്ഥനകൾ നേരുന്നു... എന്നിങ്ങനെയായിരുന്നു വീണയെ പ്രശംസിച്ച് വന്ന കമന്റുകൾ.

നൃത്തത്തിന്റെ വീഡിയോ വൈറലായപ്പോൾ പതിവുപോലെ ചില ബോഡിഷെയ്മിങ് കമന്റുകളും പ്രത്യക്ഷപ്പെട്ടു. നടിയുടെ ശരീര ഭാരത്തെ വിമർശിച്ച് നിരവധി കമന്റുകൾ വന്നിരുന്നു. നൃത്തം മനോഹരമാണെങ്കിലും അമിത വണ്ണം അഭംഗിയായി തോന്നുന്നുവെന്ന തരത്തിലായിരുന്നു കമന്റുകൾ. വർക്കൗട്ട് ചെയ്യാനും ഫിറ്റ്നസ് നിലനിർത്താൻ ഉപദേശിച്ചും അടക്കം കമന്റുകളുണ്ടായിരുന്നു. ഇപ്പോഴിതാ താരം ഭാഗമായ പുതിയ സിനിമ കൂടോത്രത്തിന്റെ പ്രമോഷന് എത്തിയപ്പോൾ ശരീര ഭാരത്തെ കുറിച്ചുള്ള കമന്റുകളോട് വീണ പ്രതികരിച്ചു.
താൻ നന്നായി ഭക്ഷണം കഴിക്കുന്നയാളാണെന്നും തന്റെ ശരീരത്തിലും വണ്ണത്തിലും രൂപത്തിലും താൻ വളരെ ഹാപ്പിയാണെന്നും വീണ പറയുന്നു. എന്തിനാണ് ഞാൻ വെയിറ്റ് കുറയ്ക്കുന്നത്?. എന്റെ ഇപ്പോഴത്തെ ശരീരത്തിൽ ഞാൻ സന്തോഷവതിയാണ്. ദൈവം അനുഗ്രഹിച്ച് എനിക്ക് അസുഖങ്ങൾ ഒന്നും ഇല്ല.
ചെറുപ്പം മുതൽ ഞാൻ വളരെ ഗുണ്ടായിട്ടുള്ള ഒരാളാണ്. ഞാൻ നന്നായി ഭക്ഷണം കഴിക്കുന്നയാളാണ്. സത്യസന്ധമായി പറയുകയാണ് വണ്ണം ഉണ്ട് വണ്ണം ഉണ്ട് എന്ന് എല്ലാവരും പറയുമ്പോഴും എനിക്ക് എന്നെ ഭയങ്കര ഇഷ്ടമാണ്. എന്റെ ശരീരത്തിലും വണ്ണത്തിലും രൂപത്തിലും ഞാൻ വളരെ ഹാപ്പിയാണ് എന്നാണ് വീണ പറഞ്ഞത്. ലോക്ക് ഡൗൺ സമയത്ത് വീണ ശരീര ഭാരം കുറച്ച് ആരാധകരെ അമ്പരപ്പിച്ചിരുന്നു.
ലോക്ക് ഡൗൺ ദിനങ്ങൾ പ്രയോജനപ്രദമായി വിനിയോഗിച്ചതിന്റെ ഭാഗമായിരുന്നു ശരീര ഭാരം കുറയ്ക്കുക എന്നത്. ശരീരഭാരം കൂടുതലായി ഉള്ളപ്പോഴും പിന്നീട് വണ്ണം കുറഞ്ഞതിന് ശേഷവും ഉള്ള ചിത്രങ്ങൾ വീണ ഇന്‍സ്റ്റഗ്രാമില്‍ അന്ന് പങ്കുവെക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഒരു മാസം കൊണ്ട് ആറ് കിലോ ശരീര ഭാരമാണ് നടി കുറച്ചത്.

ഫിറ്റ് ട്രീറ്റ് കപ്പിള്‍സിന്റെ ട്രെയിനിങിലാണ് വീണ തടി കുറച്ചത്. വണ്ണം കൂടുതലാണെന്ന് പറഞ്ഞ് പല റോളുകളും വീണയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കാസ്റ്റ് ചെയ്യുന്ന സമയത്ത് പലരും എന്നോട് വണ്ണത്തിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. വെൽക്കം ടു സെൻട്രൽ ജയിലിന്റെ സമയത്തും എനിക്ക് അമിത വണ്ണമാണെന്ന് അണിയറപ്രവർത്തകർ പറയുന്നത് ഞാൻ കേട്ടിരുന്നു.
അന്ന് സിനിമയുടെ തിരക്കഥാകൃത്തായിരുന്ന ബെന്നി പി നായരമ്പലം ചേട്ടൻ പറഞ്ഞു അത്ര വണ്ണമൊന്നുമില്ല കഥാപാത്രത്തിന് സ്യൂട്ടാകുന്ന വണ്ണമേയുള്ളുവെന്ന്. അങ്ങനെയാണ് ഞാൻ ആ സിനിമയുടെ ഭാഗമായത്. ഡേറ്റ് കൊടുത്തശേഷമാണ് ഞാൻ അറിഞ്ഞത് ഞാൻ രണ്ട് മാസം ഗർഭിണിയാണെന്ന്. അൂകൂടി കേട്ടപ്പോൾ അവർക്ക് ടെൻഷനായിരുന്നു. അഞ്ച് മാസം വരെ ഞാൻ ആ സിനിമയിൽ അഭിനയിച്ചു.
എട്ടാം മാസമായപ്പോഴാണ് എന്റെ വയർ വലുതായത്. വയർ ഉള്ളത് ആർക്കും മനസിലാവില്ലായിരുന്നു. എല്ലാവരും കരുതിയത് ഞാൻ വീണ്ടും തടിവെച്ചതാണെന്നാണ് എന്നാണ് ഒരിക്കൽ ശരീരഭാരം അഭിനയ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് പങ്കുവെച്ച് വീണ പറഞ്ഞത്.


Click it and Unblock the Notifications











