'ഡിപ്രഷൻ സ്റ്റാറെന്ന വിളി കേൾക്കുമ്പോൾ സങ്കടം വരും, ഇരയാകുന്നത് പോലെ തോന്നും, തെറ്റിദ്ധാരണയുണ്ട്'; ഷെയ്ൻ!
യുവതലമുറയിലെ അഭിനേതാവ് എന്ന രീതിയിൽ ഭാവിയിൽ സൂപ്പർസ്റ്റാറായി വരുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരു നടനാണ് ഷെയ്ൻ നിഗം. സഹനടനായി അഭിനയിച്ച് തുടങ്ങിയ കാലം മുതൽ സിനിമാപ്രേമികൾ ഷെയ്നിന്റെ പ്രകടനത്തിലെ പ്രത്യേകത എപ്പോഴും തിരിച്ചറിഞ്ഞിരുന്നു. കലാഭവൻ അബിയുടെ മകൻ എന്ന ലേബലിലാണ് സിനിമയിലേക്ക് വന്നതെങ്കിലും ഇന്ന് സിനിമയിൽ ഷെയ്ൻ പിടിച്ച് നിൽക്കുന്നത് അഭിനയപ്രകടത്തിലെ മികവ് കൊണ്ട് തന്നെയാണ്.
സിനിമയിൽ വന്ന കാലം മുതൽ പ്രതിഫലം അടക്കം പല കാരണങ്ങളുടെ പേരിൽ ഷെയ്ൻ വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ആർഡിഎക്സ് സിനിമയുടെ റിലീസിന് ശേഷം യൂത്ത് സ്റ്റാർ എന്ന ലെവലിലേക്ക് ഷെയ്ൻ വളരാൻ തുടങ്ങി. സമൂഹത്തിൽ വളരെ അധികം സ്വാധീനം ചെലുത്താൻ സാധിക്കുന്നവരാണ് താരങ്ങളെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

എന്നാൽ പല താരങ്ങളും സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയോ അഭിപ്രായങ്ങൾ പങ്കുവെക്കുകയോ ചെയ്യുന്നത് വളരെ വിരളമാണ്. എന്നാൽ ഷെയ്ൻ സോഷ്യൽമീഡിയ പേജുകൾ വഴി തന്റെ നിലപാടുകൾ പറയാൻ മടി കാണിക്കാറില്ല. അടുത്തിടെ കൊച്ചി സ്ഫോടനം അടക്കമുള്ള വിഷയങ്ങളിൽ ഷെയ്ൻ പങ്കുവെച്ച കുറിപ്പുകൾ ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ ഏറ്റവും പുതിയ സിനിമ വേലയുടെ പ്രമോഷന്റെ ഭാഗമായി ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ആർഡിഎക്സ് സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ അടക്കം പ്രതികരിച്ചിരിക്കുകയാണ് ഷെയ്ൻ നിഗം.
ഡിപ്രഷൻ സ്റ്റാറെന്ന വിളി കേൾക്കുമ്പോൾ സങ്കടം വരാറുണ്ടെന്നും ഷെയ്ൻ പറയുന്നു. 'ഞാൻ കാണാൻ ആഗ്രഹിക്കുന്ന സിനിമകളുടെ ഭാഗമായിരുന്നു തുടക്കത്തിൽ ഞാൻ. പിന്നെ ടേസ്റ്റ് ഓഫ് ഇന്ററെസ്റ്റ് മാറി. അപ്പോഴാണ് ജനകീയമാകാൻ സാധ്യതയുള്ള പടങ്ങളുടെ ഭാഗമായി മാറിയത്. ചില്ലായി ഇരുന്ന് കാണാൻ സാധിക്കുന്ന സിനിമകൾ ചെയ്യണമെന്ന് തോന്നൽ വന്നു.'
'അതുപോലെ തന്നെ സീരിയസ് സബ്ജെക്ടുള്ള സിനിമകൾ ചെയ്യുന്ന സമയത്ത് നമ്മുടെ ജീവിതത്തിലെ കുറെ ഭാഗങ്ങൾ നമ്മൾ തന്നെ ഒരു ഡാർക്കർ ഏരിയയിലേക്ക് തള്ളിവിടുന്നപോലെയാണ് അത്തരം സിനിമകൾ ചെയ്യുമ്പോൾ സംഭവിക്കുന്നത്. പക്ഷെ അതിനുള്ള റെക്കഗനേഷൻ കിട്ടാറുണ്ടോ എന്നത് തോന്നാറുണ്ട്.'

'അതുപോലെ തന്നെ വേറൊരു രീതിയിൽ നമ്മൾ ടാഗ് ചെയ്യപ്പെടുകയും ഡിപ്രഷൻ സ്റ്റാറെന്ന വിളി കേൾക്കുമ്പോൾ സങ്കടം വരികയും ചെയ്യാറുണ്ട്. ഇത്രയും സീരിയസായി വർക്ക് ചെയ്തിട്ടും ഇങ്ങനെയാണല്ലോ കേൾക്കുന്നതെന്ന തോന്നൽ വരാറുണ്ടെന്നും', ഷെയ്ൻ പറയുന്നു. ജനങ്ങൾക്ക് വേറൊരു മൂഡാണെന്നത് തനിക്ക് പിന്നീട് പതിയെ മനസിലായെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.
കുറച്ച് കൂടി സിംപിളായിട്ടുള്ള സിനിമകൾ ചെയ്യണമെന്ന തോന്നൽ വന്നിട്ടുണ്ട്. അത്തരം സിനിമകളിൽ എങ്ങനെ പുതുമ കൊണ്ടുവരാമെന്ന ശ്രമത്തിലാണ് ഇപ്പോഴെന്നും ഷെയ്ൻ പറയുന്നു. ആർഡിഎക്സ് റിലീസിന് മുമ്പ് തന്റെ കഥാപാത്രത്തിന് കൂടുതൽ പ്രധാന്യം വേണമെന്ന തരത്തിൽ ഷെയ്ൻ പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നാണ് വിവാദങ്ങളുണ്ടായത്. നീരജ് മാധവും ആന്റണി പെപ്പെയുമായിരുന്നു ചിത്രത്തിൽ ഷെയ്നിനൊപ്പം അഭിനയിച്ചത്.
'ആർഡിഎക്സിലെ നീല നിലവെ പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് ആളുകൾക്ക് ക്രിഞ്ച് അടിക്കുമോയെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. ആർഡിഎക്സുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ അതിന്റെ നിർമാതാവോ സംവിധായകനോ വന്ന് സംസാരിച്ചിരുന്നെങ്കിൽ ആളുകൾക്ക് കുറച്ച് കൂടി ക്ലാരിറ്റി കിട്ടുമായിരുന്നു. വാർത്താസമ്മേളനം മാത്രമാണ് ആളുകൾ കണ്ടത്.'
'അന്നത്തെ പ്രശ്നം വലുതല്ലെന്ന് നിർമാതാവ് തന്നെ പറഞ്ഞിട്ടുമുണ്ട്. ജനങ്ങളാണ് ഇതിൽ നിന്നും മനസിലാക്കി എടുക്കേണ്ടത്. ഞാൻ തന്നെ വീണ്ടും പറഞ്ഞാൽ ഇരയാകുന്നത് പോലെ തോന്നും. അതുകൊണ്ടാണ് മൗനം പാലിച്ചത്', എന്നാണ് ഷെയ്ൻ പറഞ്ഞത്. നവംബർ പത്തിന് റിലീസിനൊരുങ്ങുന്ന വേലയിൽ സണ്ണി വെയ്നാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.


Click it and Unblock the Notifications











