'നൈറ്റ് ക്ലബ്ബുകളിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്, മാസം 750 രൂപയായിരുന്നു ശമ്പളം'; ഉഷ ഉതുപ്പ് പറയുന്നു!
നിരവധി വേദനകളുടേയും നിരാകരണങ്ങളുടേയും അവഗണനകളുടേയും അപശ്രുതികൾക്കിടയിൽ നിന്നാണ് ഉഷ ഉതുപ്പ് എന്ന ഗായിക തന്റെ ജീവിതസംഗീതം ശ്രുതി ചേർത്തതെന്നത് അറിയുമ്പോൾ ആർക്കും അത്ഭുതം തോന്നും. ചെന്നൈയിലെ നയൻ ജെംസ് എന്ന നിശാ ക്ലബ്ബിൽനിന്നാണ് ഉഷയുടെ ആത്മവിശ്വാസത്തിന്റെ തുടക്കം.
അവിടെ നിന്ന് കൊൽക്കത്തയിലെ ട്രിങ്കാസ് നൈറ്റ് ക്ലബ്ബിലേക്ക്. ഡൽഹിയിലെ ഒബ്‌റോയി ഹോട്ടലിൽ പ്രശസ്‌ത നടൻ ശശി കപൂറാണ് പാട്ടു കേട്ട് ഉഷയെ ആർ.ഡി ബർമന് പരിചയപ്പെടുത്തിയത്. കബി ദൂപ് കബി ഛാ എന്ന ഹിന്ദി ചിത്രത്തിലായിരുന്നു ഉഷയുടെ ആദ്യ ഗാനം. ചിത്രത്തിൽ ഹെലനും ധാരാസിങ്ങുമാണ് പാടി അഭിനയിച്ചത്. സ്ത്രൈണത കുറഞ്ഞ ശബ്ദമെന്ന പരിഹാസം പലരിൽ നിന്ന് കേട്ട് തഴമ്പിച്ചാണ് ഉഷ വളർന്നതും അറിയപ്പെടുന്ന ഗായികയായി മാറിയതും.

എഴുപത്തിയഞ്ച് പിന്നിട്ട് നിൽക്കുന്ന ഉഷയ്ക്ക് കേരളത്തിൽ അടക്കം നിരവധി ആരാധകരുണ്ട്. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉഷ തന്റെ ആദ്യ ജോലിയെക്കുറിച്ചും അന്ന് മാസം 750 രൂപയ്ക്ക് ചെയ്തതിനെ കുറിച്ചും വെളിപ്പെടുത്തി. 'വളരെ യാദൃശ്ചികമായി എന്റെ അമ്മായി എന്നെ ഒരു ജോലി നേടാൻ സഹായിച്ചു.'
'എല്ലാവർക്കും വേണ്ടി പാടാൻ ഞാൻ എപ്പോഴും ഇഷ്ടപ്പെട്ടു. അതിനാൽ ഞാൻ ഒരു ഹോട്ടലുമായി പ്രൊഫഷണൽ കരാർ ഒപ്പിട്ടു. അത് ശരിക്കും അതിശയകരമായ കാര്യമായിരുന്നു. കാരണം അന്ന് ശമ്പളമായി എനിക്ക് മാസ അവസാനം 750 രൂപ ലഭിക്കുമായിരുന്നു. ഞാൻ നൈറ്റ് ക്ലബ്ബിൽ നിരന്തരമായി പാടാൻ തുടങ്ങി. ആ സമയങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകയായിരുന്നു ഞാൻ. അതായത് ഒരു നിശാക്ലബ് ഗായിക എന്ന നിലയിൽ.'
'ആ പണം നൽകിയ ആവേശം മറ്റൊന്നായിരുന്നു ഉഷ ഉതുപ്പ് പറഞ്ഞു. ആദ്യ ശമ്പളം കിട്ടിയപ്പോൾ അഭിമാനം തോന്നിയെന്നും ഉഷ കൂട്ടിച്ചേർത്തു. അമ്മയ്ക്ക് ഒരു സാരിയും അച്ഛന് ഒരു ജോഡി സോക്സുമാണ് താൻ ആദ്യം വാങ്ങിയത് എന്നും' ഗായിക വെളിപ്പെടുത്തി. എല്ലാവർക്കും എന്തെങ്കിലും സമ്മാനം വാങ്ങുമ്പോൾ തനിക്കായി ഒരു സാധനം പോലും വാങ്ങിയിരുന്നില്ലെന്നും അങ്ങനൊരു ചിന്ത വന്നിട്ടില്ലെന്നും ഉഷ പറഞ്ഞു.

നിശാ ക്ലബ്ബുകളിലെ സ്റ്റേജിൽ ഒരു പെൺകുട്ടിയെ സങ്കൽപിക്കാൻ കഴിയാതിരുന്ന കാലത്താണ് ക്ലബ് നൈറ്റുകളിൽ പാടുന്നവരും ഗായികമാരാണ് എന്ന തുറന്ന പ്രഖ്യാപനത്തോടെ ഉഷ പാട്ട് പാടി കസറിയത്. പ്രമുഖ താരങ്ങളായ ശശി കപൂർ, അമിതാഭ് ബച്ചൻ, കമലഹാസൻ, സംവിധായകൻ സത്യജിത് റേ എന്നിങ്ങനെ പലരും ഉഷയുടെ പാട്ട് കേൾക്കാൻ നൈറ്റ് ക്ലബ്ബിൽ വന്നിട്ടുണ്ട്.
ബാപ്പി ലാഹിരിയുടെ റമ്പാ ഹോ.. ഉഷയ്ക്ക് ലോകത്തെമ്പാടും ആരാധകരെ നേടിക്കൊടുത്ത ഗാനമായിരുന്നു. പിന്നീട് ഇളയരാജയുടെയും എ.ആർ റഹ്മാന്റെയും ഹിറ്റ് ഗാനങ്ങൾ പാടി പ്രിയ ഗായിക. ബംഗാൾ മുഖ്യമന്ത്രിയും പോപ് സംഗീതപ്രിയനുമായിരുന്ന ജ്യോതി ബസു ഉഷയെ ദീദീ എന്നാണ് വിളിച്ചിരുന്നത്.
ആ വിളി പിന്നീട് ആരാധകരും ഏറ്റെടുക്കുകയായിരുന്നു. ഉഷയുടെ പാട്ട് ആഭാസമാണെന്ന് ചൂണ്ടിക്കാട്ടി 1983ൽ ബംഗാളിൽ നിരോധനം വരെ ഉണ്ടായി. കോടതിയിൽനിന്ന് അനുകൂല വിധി നേടി കൊൽക്കത്തയിൽത്തന്നെ സംഗീതനിശ സംഘടിപ്പിച്ചു പിന്നീട് ഉഷ. ഏറ്റവും കൂടുതൽ ഇംഗ്ലീഷ് ആൽബങ്ങൾ പാടിയ ഇന്ത്യൻ ഗായിക എന്ന റെക്കോർഡും ഉഷയ്ക്ക് സ്വന്തമാണ്.


Click it and Unblock the Notifications











