ധനുഷും സിമ്പുവും തമ്മിലുള്ള ശത്രുതയ്ക്ക് അന്ത്യമോ? വെട്രിമാരന്റെ വെളിപ്പെടുത്തൽ വൈറൽ
സംവിധായകൻ വെട്രിമാരൻ ബഹുമുഖ പ്രതിഭയായ സിമ്പു എന്ന സിലമ്പരസനൊപ്പം ഒരു ചിത്രം ചെയ്യുന്നു എന്ന് ഉറപ്പായിക്കഴിഞ്ഞു. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം, 2018ൽ പുറത്തിറങ്ങിയ വട ചെന്നൈ എന്ന ധനുഷ് ചിത്രത്തിന്റെ രണ്ടാം ഭാഗമായേക്കാം എന്ന സൂചനകൾ വന്നതോടെ, പ്രശസ്ത നടനും സംവിധായകനും തമ്മിലുള്ള സൗഹൃദം അവസാനിച്ചെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ധനുഷും സിമ്പുവും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്നു എന്ന് പറയപ്പെടുന്ന ശത്രുത കണക്കിലെടുത്താണ് ഈ നിഗമനത്തിലാണ് പലരും എത്തിയത്. എന്നാൽ ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് വെട്രിമാരൻ ഇപ്പോൾ.
സിമ്പുവിന് വേണ്ടി ധനുഷിനോട് പിണങ്ങിയിട്ടില്ല: വെട്രിമാരൻ
അടുത്തിടെ, തെറ്റായ വാർത്തകൾക്കെതിരെ വെട്രിമാരൻ തന്റെ പ്രൊഡക്ഷൻ കമ്പനിയായ ഗ്രാസ് റൂട്ട് ഫിലിംസിന്റെ യൂട്യൂബ് ചാനലിൽ എത്തിയിരുന്നു. ധനുഷുമായി യാതൊരു പ്രശ്നങ്ങൾ ഇല്ലെന്ന് വെളിപ്പെടുത്തിയ സംവിധായകൻ, റിപ്പോർട്ടുകളിൽ പറഞ്ഞത് പോലെ സിലമ്പരസനൊപ്പം താൻ സിനിമ ചെയ്യുന്നതിൽ ആടുകളം നായകന് യാതൊരു മുഷിച്ചിലും ഇല്ലെന്നും വ്യക്തമാക്കി.

സിമ്പു നായകവുന്ന ചിത്രം ധനുഷിന്റെ വട ചെന്നൈയുടെ രണ്ടാം ഭാഗം അല്ലെന്നും, ആ ലോകത്ത് തന്നെ സെറ്റ് ചെയ്തിട്ടുള്ള സ്പിൻ-ഓഫ് മാത്രമാണെന്നും സംവിധായകൻ വെളിപ്പെടുത്തി. "സിമ്പു ചിത്രം വട ചെന്നൈയുടെ ലോകത്താണ് നടക്കുന്നത്, പക്ഷേ ഇത് വട ചെന്നൈ 2 അല്ല. സിമ്പുവിനൊപ്പം ഈ ചിത്രത്തെക്കുറിച്ച് ഞാൻ ധനുഷിനോട് പറഞ്ഞു, അപ്പോൾ ഇത് എനിക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനിടെ സിമ്പു എന്നെ വന്നു കണ്ടു, എനിക്ക് ഓക്കേ ആണെങ്കിൽ മാത്രം ഈ സിനിമ ചെയ്താൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്," വെട്രിമാരൻ വെളിപ്പെടുത്തി.
സിമ്പുവും ധനുഷും പരസ്പരം ബഹുമാനിക്കുന്നു
"വട ചെന്നൈയുടെ ലോകത്ത് നിന്ന് മാറിയുള്ള ഒരു സിനിമയും സമ്മതമാണെന്ന് സിലമ്പരശൻ പറഞ്ഞു. എനിക്കും ധനുഷിനും ഇടയിൽ യാതൊരു വിധത്തിലും പ്രശ്നങ്ങൾ ഉണ്ടാകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അവർ പരസ്പരം ബഹുമാനിക്കുന്നുണ്ട്, ഒപ്പം എനിക്ക് ഞാനായിരിക്കാൻ ഇടം നൽകാൻ തയ്യാറുമാണ്," ധനുഷും സിമ്പുവും തമ്മിലുള്ള അകൽച്ചയെക്കുറിച്ചുള്ള റൂമറുകൾ തള്ളിക്കളഞ്ഞു കൊണ്ട് വെട്രിമാരൻ വെളിപ്പെടുത്തി.

ധനുഷും താനും തമ്മിൽ ഈ പ്രോജക്ടിനെച്ചൊല്ലി യാതൊരു തർക്കവും ഇല്ലെന്നും, എല്ലാം നല്ല നിലയ്ക്കാണ് മുന്നോട്ട് പോവുന്നതെന്നും വെട്രിമാരൻ വ്യക്തമാക്കി. "ധനുഷിനെയും ഈ സിനിമയെയും ചുറ്റിപ്പറ്റിയുള്ള സംഭാഷണം എനിക്ക് ഇഷ്ടമല്ല. ധനുഷുമായുള്ള എന്റെ ബന്ധത്തിന് മാറ്റമൊന്നും വന്നിട്ടില്ല, അത് സിനിമയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. എന്റെ സൃഷ്ടിപരമായ ഒഴുക്കിനെ അദ്ദേഹം ഒരിക്കലും തടസ്സപ്പെടുത്തില്ല," അദ്ദേഹം പറഞ്ഞു. വട ചെന്നൈ ലോകത്ത് നടക്കുന്ന കഥയായതു കൊണ്ട് എൻ.ഒ.സി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ, യാതൊരു എതിർപ്പും കൂടാതെ, ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ ധനുഷ് അത് തന്നുവെന്നും വെട്രിമാരൻ പറഞ്ഞു.
ധനുഷും സിമ്പുവും തമ്മിലുള്ള ശത്രുതയെക്കുറിച്ചുള്ള റൂമറുകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇരുവരുടെയും കരിയറിന്റെ തുടക്ക കാലം മുതൽക്ക് തന്നെ, പരസ്പരം പല വിഷയങ്ങളിലും ഇവർ തമ്മിൽ ഇടഞ്ഞിരുന്നു. സിമ്പുവിന്റെ ബാല്യകാല സുഹൃത്തായ ഐശ്വര്യയെ ധനുഷ് വിവാഹം ചെയ്തതോടെ ഇതിന് ആക്കം കൂടി. പലപ്പോഴും, പല അഭിമുഖങ്ങളിലും പരസ്പരമുള്ള ഇഷ്ടക്കേട് മറച്ചു വയ്ക്കാതെ ഇരുവരും സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ അടുത്തിടെ, ഒരു പരിപാടിയിൽ വച്ച് സിമ്പുവും ധനുഷും ഒന്നിച്ചു ഫോട്ടോകൾക്ക് പോസ് ചെയ്ത് ആരാധകരെ അമ്പരപ്പിച്ചിരുന്നു.


Click it and Unblock the Notifications











