മഞ്ജു വാര്യരുടെ ആ സീനുകൾക്ക് സംഭവിച്ചത്, വേറെ വഴിയില്ലായിരുന്നു; ആരാധകരുടെ പരാതിയിൽ സംവിധായകൻ
തിയറ്ററിൽ പ്രദർശനം തുടരുകയാണ് രജിനികാന്ത് ചിത്രം വേട്ടയാൻ. ടിജെ ഞ്ജാനവേൽ സംവിധാനം ചെയ്ത സിനിമയിൽ വൻ താരനിരയാണ് അണിനിരന്നത്. അമിതാഭ് ബച്ചൻ, റാണ ദഗുബതി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, അഭിരാമി, ദുഷാര തുടങ്ങിയവരുടെ സാന്നിധ്യം പ്രേക്ഷകർക്ക് വേട്ടയാന് മേൽ വലിയ പ്രതീക്ഷ വരാൻ കാരണമായി. അതേസമയം പതിവ് ശൈലിയിലുള്ള രജിനികാന്ത് ചിത്രമല്ല വേട്ടയാൻ. ഇതേക്കുറിച്ച് പല അഭിപ്രായങ്ങളും വരുന്നുണ്ട്.
സിനിമയിൽ മഞ്ജു വാര്യർ ആരാധകർക്ക് തോന്നിയ പ്രധാന പരാതി നടിക്ക് അധികം സീനുകളില്ലാത്തതാണ്. ലഭിച്ച സീനുകളും ഗാനരംഗവും മഞ്ജു അവിസ്മരണീയമാക്കിയെങ്കിലും കുറേക്കൂടി പ്രാധാന്യം താരത്തിന്റെ കഥാപാത്രത്തിന് വേണമായിരുന്നു എന്ന അഭിപ്രായം പ്രേക്ഷകർക്കുണ്ട്. റിലീസിന് മുമ്പ് മഞ്ജുവിന്റെ മനസിലായോ ഗാനം ഹിറ്റായതോടെ ആരാധകർക്ക് പ്രതീക്ഷകളേറെയായിരുന്നു.

ഇപ്പോഴിതാ മഞ്ജു വാര്യർക്ക് പ്രാധാന്യം കുറഞ്ഞ് പോയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജ്ഞാനവേൽ. മഞ്ജുവിന്റെ സീനുകൾ വെട്ടിക്കുറയ്ക്കേണ്ടി വന്നതാണെന്ന് ഇദ്ദേഹം പറയുന്നു. ഒരു തമിഴ് മീഡിയയോടാണ് പ്രതികരണം. മഞ്ജു വാര്യരുടെ കഥാപാത്രത്തിന് കുറേക്കൂടി സ്പേസ് ഉണ്ടായിരുന്നു. പക്ഷെ എഡിറ്റിൽ പോയി.
2 മണിക്കൂർ 45 മണിക്കൂറായിരുന്നൂ സിനിമയുടെ ദൈർഘ്യം. എന്നാൽ ഫീഡ് ബാക്കുകൾ എടുത്തപ്പോൾ കുറയ്ക്കണം എന്ന അഭിപ്രായം വന്നു. അങ്ങനെ വെട്ടിക്കുറച്ചപ്പോൾ മഞ്ജു വാര്യരുടെ പ്രധാനപ്പെട്ട രണ്ട് മൂന്ന് സീനുകൾ പോയി. മറ്റൊരു വഴിയില്ലായിരുന്നെന്നും സംവിധായകൻ വ്യക്തമാക്കി.

വേട്ടയാന് വരുന്ന റിവ്യൂകളെക്കുറിച്ചും ജ്ഞാനവേൽ സംസാരിച്ചു. ഞാൻ പ്രേക്ഷകരുടെ റിവ്യൂവാണ് നോക്കാറ്. പ്രേക്ഷകർ നന്നായിരിക്കുന്നു എന്ന് പറഞ്ഞാൽ സിനിമ നല്ലതാണ്. അതാണ് ഏറ്റവും ഉയർന്നത്. സോഷ്യൽ മീഡിയ റിവ്യൂ ഓരോരുത്തരുടെ വീക്ഷണമാണ്. അതിൽ ആവശ്യമുള്ളത് സ്വീകരിക്കുമെന്നും സവിധായകൻ വ്യക്തമാക്കി. ബച്ചൻ സാറും രജിനി സാറും ഒരുമിച്ചുള്ള ഷോട്ടിൽ ആദ്യം ഭയം തോന്നി.
എന്നാൽ ആദ്യ ഷോട്ട് എടുത്തതോടെ അത് മാറി. രണ്ട് പേരും ഡയറക്ടേർസ് ആക്ടർ ആണ്. ബച്ചൻ സർ തയ്യാറെടുപ്പ് നടത്തിയാണ് വരിക. ചർച്ചകളൊക്കെ നേരത്തെ നടത്തും. ഒരോ ഷോട്ട് കഴിയുമ്പോഴും ആർ യു ഹാപ്പി എന്ന് ചോദിക്കുമെന്നും ജ്ഞാനവേൽ പറഞ്ഞു. വേട്ടയാന് ശേഷം ഇനി വരാനിരിക്കുന്ന മഞ്ജുവിന്റെ തമിഴ് ചിത്രം വിടുതലൈ 2 ആണ്. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ.
മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യ, ഗൗതം കാർത്തിക് എന്നിവരാണ് ചിത്രത്തിലെ നായകൻമാർ. മലയാളത്തിൽ എമ്പുരാനും ഒരുങ്ങുന്നു. തുനിവ്, അസുരൻ എന്നിവയാണ് വേട്ടയാന് മുമ്പ് മഞ്ജുവിന്റേതായി റിലീസ് ചെയ്ത സിനിമകൾ. രണ്ട് സിനിമകളും വൻ ഹിറ്റായിരുന്നു. അസുരനിൽ ധനുഷിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് മഞ്ജുവിന് ലഭിച്ചത്. എന്നാൽ തുനിവിൽ താരതമ്യേന ചെറിയ കഥാപാത്രമായിരുന്നു. തമിഴകത്ത് നിന്നും നടിക്കിന്ന് തുടരെ സിനിമകൾ വരുന്നുണ്ട്.


Click it and Unblock the Notifications