സ്വന്തം ശബ്ദം ഉപയോഗിക്കാമെന്ന് ഉർവശി; പക്ഷെ പിന്നീടവർക്ക് കരിയറിൽ സംഭവിച്ചത്; ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ
മലയാള സിനിമാ രംഗത്ത് നായികമാരുടെ ശബ്ദമായിരുന്നു അടുത്ത കാലം വരെയും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശോഭന, ഉർവശി, രേവതി തുടങ്ങിയ നായികമാർ ചെയ്ത കഥാപാത്രങ്ങൾ വിജയിച്ചതിന് പിന്നിൽ ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിനും പങ്കുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ ഉന്നമനത്തിനായി മുന്നിൽ നിന്ന് പ്രവർത്തിക്കാനും ഭാഗ്യലക്ഷ്മി തയ്യാറായി. ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്ക് ഇന്ന് ലഭിക്കുന്ന അംഗീകാരങ്ങൾക്ക് വേണ്ടി ഭാഗ്യലക്ഷ്മി നടത്തിയ ശ്രമങ്ങളും ചെറുതല്ല. ഇന്ന് ഡബ്ബിംഗിന് പുറമെ അഭിനയത്തിലും ഭാഗ്യലക്ഷ്മി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
തന്റെ കരിയറിലെ തുടക്കകാലത്തെക്കുറിച്ച് മുമ്പൊരിക്കൽ ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സഫാരി ടിവിയോടായിരുന്നു പ്രതികരണം. കോളിളക്കം എന്ന സിനിമയിൽ സുമലതയ്ക്ക് ഡബ് ചെയ്യാൻ എന്നെ വിളിച്ചു. ആദ്യമായാണ് നായികയ്ക്ക് ഡബ് ചെയ്യാൻ എന്നെ വിളിക്കുന്നത്. ചെറിയ ഡയലോഗുകളേ ഉള്ളൂ. എന്റെയുള്ളിൽ ഒരു കോൺഫിഡൻസ് വന്നു. ഞാനെന്തോ ഭയങ്കര ഡബിംഗ് ആർട്ടിസ്റ്റാണെന്ന തോന്നൽ.

അങ്ങനെയിരിക്കെ അനുമോദനം എന്ന സിനിമയ്ക്ക് ഡബ് ചെയ്യാൻ ചെന്നു. ഞാനും കമൽഹാസനും കൂടിയാണ് ഡബ് ചെയ്തത്. മുഴുവൻ സിനിമയും ഡബ് ചെയ്തിട്ടും എന്റെ ശബ്ദം മാറ്റി വേറൊരാളെക്കൊണ്ട് ഡബ് ചെയ്തു. നേരത്തെ ഞാൻ വിചാരിച്ചത് നല്ല ഡബ്ബിംഗ് ആർട്ടിസ്റ്റായി എന്നാണ്. എന്നാൽ തന്റെ ശബ്ദം മാറ്റിയതോടെ പണി പഠിച്ചില്ലേ എന്ന തോന്നൽ വന്നെന്നും ഭാഗ്യലക്ഷ്മി ഓർത്തു.
സിനിമാ രംഗത്ത് അക്കാലത്തുണ്ടായിരുന്ന മത്സരങ്ങളെക്കുറിച്ചും ഭാഗ്യലക്ഷ്മി സംസാരിച്ചു. നമുക്ക് മുന്നിൽ ഒരാളെ വളരാൻ വിടില്ല. ഡബ്ബിംഗിലും അങ്ങനെയുണ്ടായിട്ടുണ്ട്. കോട്ടയം ശാന്ത ചേച്ചിയോട് എങ്ങനെയാ ചേച്ചി കരയുന്നത് എന്ന് ചോദിച്ചാൽ പോടി അവിടെന്ന് എന്ന് പറയും. നമ്മളെ അവർ പഠിപ്പിച്ച് തരില്ല.

പ്രൊഫഷണൽ സീക്രട്ട് പോലെ അവർക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന രീതിയാണ്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ലിസിയോട് നിങ്ങൾ എത്ര മനോഹരമായി ചിരിക്കുന്നു, കരയുന്നു, അതെങ്ങനെയാണെന്ന് പറഞ്ഞ് തരാമോ എന്ന് ചോദിച്ചിട്ടുണ്ട്. അതൊന്നും പറഞ്ഞ് തരാൻ പറ്റില്ലെന്നാണ് അവനവൻ അവനവന്റെ കഴിവനുസരിച്ച് കണ്ടുപിടിക്കേണ്ടതാണ് എന്ന് പറയുമായിരുന്നെന്നും ഭാഗ്യലക്ഷ്മി ഓർത്തു.
പലപ്പോഴും നടിമാർ സ്വന്തമായി ഡബ് ചെയ്യുന്നില്ല, അതുകൊണ്ടാണ് ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ വരുന്നതെന്ന് പലരും പറയും. എനിക്കതിനോട് അത്ര യോജിക്കാൻ പറ്റില്ല. ആദ്യ കാലത്ത് ഉർവശിയുടെ മിക്ക സിനിമകളും ഡബ് ചെയ്തിരുന്നത്. മഴവിൽക്കാവടി എന്ന സിനിമ ഞാൻ ഡബ് ചെയ്യുമ്പോൾ ഉർവശി എന്റെയടുത്ത് വന്ന് പറഞ്ഞ് തരും. എന്തുകൊണ്ട് അവർക്ക് തന്നെ ഡബ് ചെയ്ത് കൂടെന്ന് നമുക്ക് തോന്നും. പക്ഷെ മലയാളത്തിൽ അന്ന് മനോഹരമായ ശബ്ദമുള്ളവർക്കേ ഡബ് ചെയ്യാനാവൂ.
ഉർവശിയുടെ കുറേ സിനിമകൾ ഞാൻ ഡബ് ചെയ്തു. അവർക്ക് അംഗീകാരങ്ങൾ കൂടുതൽ കിട്ടി. എന്നാൽ നമ്മളെയാരും അംഗീകരിക്കാതായി. അതോടെ സ്വന്തമായി ഡബ് ചെയ്യാമെന്ന തീരുമാനത്തിലേക്ക് ഉർവശി എത്തി. അപ്പോഴേക്കും പത്ത് നൂറ് സിനിമകൾ ചെയ്ത് കഴിഞ്ഞിട്ടുണ്ട്. അതിനുള്ളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റിന്റെ ശബ്ദം പ്രേക്ഷകരുടെ മനസിൽ പതിഞ്ഞു.
പിന്നെ പെട്ടെന്ന് ഉർവശിയുടെ ശബ്ദം വന്നപ്പോൾ വേറെ ആരുടെയോ ശബ്ദമാണെന്ന് പ്രേക്ഷകർ കരുതി. ഉർവശി എത്രയോ നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ സ്വന്തമായി ശബ്ദം കൊടുത്ത് തുടങ്ങിയപ്പോൾ നല്ല കഥാപാത്രങ്ങൾ കിട്ടിയില്ല. ഡബ്ബിംഗ് കാലത്താണ് ഉർവശിയുടെ ഏറ്റവും നല്ല സിനിമകൾ വന്നതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications