'അമ്മയിൽ നിന്ന് ഇനിയും പഠിക്കാനുണ്ട്, ഇന്നലെ വരെ ഒക്കത്തിരുന്ന കൊച്ചല്ലേ ഇത്'; ശോഭനയ്ക്കൊപ്പം മകളുടെ നൃത്തം!
1984ൽ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ സംവിധായകൻ ബാലചന്ദ്രമേനോൻ മലയാള സിനിമയ്ക്ക് മുന്നിലേക്ക് അവതരിപ്പിച്ച പതിനാല് വയസുകാരി ഒരൊറ്റ സിനിമ കൊണ്ട് മലയാളിയുടെ മനസിൽ ഒരു കസേര വലിച്ചിട്ടിരുന്നു. അതേ വർഷം തന്നെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന ഭരതൻ ചിത്രത്തിൽ മമ്മൂട്ടിയുടെ സഹനടിയായും കാണാമറയത്ത് എന്ന ചിത്രത്തിൽ അന്ന് മുപ്പത്തിയൊന്ന് വയസുള്ള മമ്മൂട്ടിയുടെ നായികയായും അതേ പതിനാല് വയസുകാരി മലയാള സിനിമയിൽ നിറഞ്ഞാടി.
പറഞ്ഞ് വരുന്നത് വേറാരേയും പറ്റിയല്ല ഒരു കാലഘട്ടത്തിന്റെ കൗമാര-യൗവനങ്ങളുടെ മധുരക്കിനാവുകളെയും സൗന്ദര്യസങ്കൽപ്പങ്ങളെയുമാകമാനം തന്റെ രൂപത്തിലേക്ക് വലിച്ചടുപ്പിച്ചുനിർത്തിയ ശോഭന എന്ന അഭിനേത്രിയെ കുറിച്ചാണ്. നൃത്തം ചെയ്യുന്ന നായികമാർ അനവധി ഉണ്ടാവുകയും പിന്നീട് അതേപോലെ മറഞ്ഞുപോവുകയും ചെയ്ത ഭൂമികയാണ് മലയാള സിനിമ.

അവിടെ നൃത്തത്തെയും സിനിമയെയും മുറുകെപ്പിടിച്ചുകൊണ്ട് അനുസ്യൂതം പടർന്നൊഴുകിയ പ്രതിഭയാണ് ശോഭനയുടേത്. മലയാളത്തിൽ നിന്നും തമിഴിലേക്കും കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഇന്ത്യൻ ഭാഷകളിലേക്കും അതും കടന്ന് ഇംഗ്ലീഷ് ഭാഷയിൽ സൃഷ്ടിക്കപ്പെട്ട സിനിമകളിലേക്ക് പോലും മലയാളത്തിന്റെ ഈ നടി ശോഭ പടർത്തി. അസാമാന്യ അഭിനയ പ്രതിഭ എന്നതിനപ്പുറം അഭിനയത്തിന്റെ ശോഭന ടച്ച് കഥാപാത്രങ്ങൾക്ക് നൽകാൻ അവർക്ക് സാധിച്ചു.
ഇന്നും ശോഭനയെ സ്ക്രീനിൽ കണ്ടാൽ ആരും നോക്കി നിന്നുപോകും. അമ്പത്തിമൂന്നിലും ശോഭനയ്ക്കുള്ള ഗ്രേസ് അത്രത്തോളമാണ്. അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും തന്റെ ജീവവായുവായ നൃത്തത്തിൽ ഇപ്പോഴും ശോഭന സജീവമാണ്. സോഷ്യൽമീഡിയയിൽ സജീവമായ ശോഭന തന്റെ വിശേഷങ്ങളും നൃത്തത്തിന്റെ വിശേഷങ്ങളും അതുവഴി പങ്കുവെക്കാറുമുണ്ട്.
അതേസമയം ഇപ്പോൾ ശോഭനയുടെ ഒരു വീഡിയോ വലിയ രീതിയിൽ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. ഒരു കൊച്ചുപെൺകുട്ടിക്കൊപ്പം നൃത്തം ചെയ്യുന്ന ശോഭനയുടെ വീഡിയോയാണ് വൈറലാകുന്നത്. ശോഭനയ്ക്കൊപ്പം വീഡിയോയിലുള്ള കൊച്ചുപെൺകുട്ടി മകൾ നാരായണിയാണെന്നാണ് പ്രചരിക്കുന്ന വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. ശോഭനയുടെ ഫാൻപേജിലാണ് വീഡിയോ പ്രചരിക്കുന്നത്.
പൊതുവെ മകളെ മാധ്യമങ്ങൾക്ക് മുമ്പിൽ കൊണ്ടുവരാൻ ഒട്ടും താൽപര്യമില്ലാത്തയാളാണ് ശോഭന. അങ്ങനെയുള്ള ശോഭന മകൾക്കൊപ്പം സ്റ്റേജിൽ നൃത്തം ചെയ്ത് തുടങ്ങിയോ എന്ന സംശയാണ് ആരാധകർക്ക്. നൃത്തത്തിനോട് നാരായണിയ്ക്കും താൽപര്യമുണ്ടെന്ന് ശോഭനയുടെ അഭിമുഖങ്ങളിൽ നിന്നും ആരാധകർ മനസിലാക്കിയിട്ടുള്ള കാര്യമാണ്.

ശോഭനയെ പോലെ തന്നെ ഗംഭീരമായാണ് നാരായണിയും ചുവടുകൾ വെയ്ക്കുന്നത്. ശോഭനയേയും നാരായണിയേയും ഒന്നിച്ച് കാണാൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇന്നലെ വരെ ഒക്കത്തിരുന്ന കൊച്ചല്ലേ ഇത് എന്നായിരുന്നു ചിലരുടെ കമന്റുകൾ. മറ്റ് ചിലർ ശോഭനയുടെ ഗ്രേസിനൊപ്പം എത്താൻ നാരായണിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കുറിച്ചത്.
ഇനിയും അമ്മയിൽ നിന്ന് നാരായണി ഒരുപാട് പഠിക്കാനുണ്ടെന്നായിരുന്നു ചിലരുടെ കമന്റുകൾ. നാരായണിക്ക് ഇപ്പോൾ പതിമൂന്ന് വയസ് പ്രായം വരും. അവിവാഹിതയായ ശോഭന ദത്തെടുത്ത കുട്ടിയാണ് അനന്ത നാരായണി. ആറ് മാസം പ്രായമായ കുഞ്ഞിനെയായിരുന്നു ശോഭന ദത്തെടുത്തത്. ഗുരുവായൂര്‍ അമ്പല നടയില്‍ വെച്ചായിരുന്നു അനന്ത നാരാണിയുടെ ചോറൂണ്.
പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് ശോഭന വിവാഹം കഴിക്കാഞ്ഞതെന്നുള്ള ചർച്ചകളും നിലനിൽക്കുന്നതിന്റെ ഇടയിലായിരുന്നു കുഞ്ഞിനെ ശോഭന ദത്തെടുക്കുന്നത്. എന്നാൽ സ്വതന്ത്ര്യമായി ജീവിക്കാൻ ഇഷ്ടപെടുന്ന സ്ത്രീയെന്ന നിലയിൽ മുൻനിരയിലാണ് ശോഭനയുടെ സ്ഥാനം.
ആരാധകർ നിരന്തരമായി ശോഭനയോട് മകളെ കുറിച്ച് ചോദിക്കാറുണ്ടെങ്കിലും മകളുടെ വിശേഷങ്ങൾ അധികം താരം പങ്കിടാറില്ല. മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടാണ് താരം അങ്ങനെ ചെയ്യുന്നത്. തന്റെ മകളാണ് തന്റെ ലോകമെന്ന് ശോഭന പലപ്പോഴായി തെളിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications