കഷ്ടപ്പെട്ട് ഞാൻ ഉണ്ടാക്കിയെടുത്ത വിജയത്തിന് പിന്നിൽ ഐശ്വര്യയാണെന്ന് എത്ര നിസാരമായി നിങ്ങൾ പറയുന്നു; ധനുഷ്!
തമിഴ് സിനിമയെന്നാൽ പാട്ടും ബഹളവും മാത്രമല്ല കുറച്ച് അഭിനയം കൂടിയാണെന്ന് ഇടയ്ക്കെങ്കിലും ഓർക്കുന്ന യുവ നടൻ എന്നാണ് ധനുഷിനെ കുറിച്ച് സംസാരിക്കുമ്പോൾ പൊതുവെ ആരാധകർ പറയാറുള്ളത്. കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഏറ്റവും മികച്ച സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള ചുരുക്കം ചില തമിഴ് നടന്മാരിൽ ഒരാളുമാണ് ധനുഷ്. തമിഴ് സിനിമ സമ്മാനിച്ച ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളിൽ ഒരാൾ കൂടിയാണ് താരം.
നായകനാകാനുള്ള സൗന്ദര്യമോ രൂപമോ ഇല്ലെന്ന് വിമർശിച്ചവരുടെ വായ നായകനായി ബ്ലോക്ക് ബസ്റ്ററുകളും ദേശീയ അവാർഡും നേടി കൊണ്ട് അടപ്പിച്ച നടൻ കൂടിയാണ് താരം. ആദ്യമായി നൂറ് മില്യൺ വ്യൂസ് നേടിയ ഗാനം പാടിയ പിന്നണി ഗായകനും ധനുഷ് തന്നെ. നടൻ എന്നതിലുപരി സംവിധായകൻ, നിർമാതാവ്, ഗായകൻ, ഗാനരചയിതാവ് തുടങ്ങി ധനുഷ് കൈവെക്കാത്ത മേഖലകൾ കുറവാണ്.

സിനിമാ കുടുംബത്തിൽ നിന്നാണ് വരവെങ്കിലും മറ്റുള്ള അഭിനേതാക്കൾക്ക് ഉണ്ടായിരുന്നതിനേക്കാൾ കടമ്പകൾ മറി കടന്നാണ് ഇന്ന് തമിഴ് സിനിമയുടെ മുൻനിരയിൽ ധനുഷ് ഇരിക്കുന്നത്. ഏറ്റവും അവസാനം റിലീസ് ചെയ്ത നടന്റെ സിനിമ രായനായിരുന്നു. ധനുഷ് തന്നെയാണ് സംവിധാനം ചെയ്ത് അഭിനയിച്ചത്. പക്ഷെ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കുബേര, ഇഡലി കടയ് എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റ് ധനുഷ് സിനിമകൾ.
ശേഖർ കമുലയാണ് കുബേരയുടെ സംവിധായകൻ. ഇഡലി കടയ് സംവിധാനവും നിർമ്മാണവും നായകനുമെല്ലാം ധനുഷ് തന്നെയാണ്. രജിനികാന്തിന്റെ മൂത്തമകളും സംവിധായികയുമായ ഐശ്വര്യയായിരുന്നു ധനുഷിന്റെ ഭാര്യ. ഇരുവർക്കും യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് ആൺമക്കളാണുള്ളത്. രണ്ട് മാസം മുമ്പാണ് ഇരുവരും വിവാഹമോചിതരായത്.
പതിനെട്ട് വർഷത്തോളം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് ധനുഷും ഐശ്വര്യയും സോഷ്യൽമീഡിയ വഴി പ്രഖ്യാപിച്ചപ്പോൾ ആരാധകർക്കും അതൊരു അമ്പരപ്പാണ് സമ്മാനിച്ചത്. പക്ഷെ എന്തുകൊണ്ട് വേർപിരിയുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഇരുവരേയും രമ്യതയിലാക്കാൻ രജിനികാന്ത് അടക്കമുള്ള ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
പക്ഷെ ഇന്നോ ഇന്നലയോ തുടങ്ങിയ പ്രശ്നങ്ങളെല്ലെന്നും രണ്ടുപേർക്കും ഇടയിൽ വർഷങ്ങളായി ഈഗോ പ്രവർത്തിക്കുന്നുണ്ടെന്നും അതിന്റെ ഫലമാണ് വിവാഹമോചനമെന്നുമാണ് ആരാധകരുടെ പക്ഷം. ധനുഷ് പരസ്യമായി പലപ്പോഴും ഐശ്വര്യയെ പരിഹസിച്ചിരുന്നുവെന്നും ആരാധകർ പറയുന്നു. ഉദാഹരണമായി വേലയില്ലാ പട്ടതാരിയുടെ സമയത്തെ ഒരു പ്രമോഷൻ വീഡിയോയും ആരാധകർ ചൂണ്ടി കാട്ടുന്നുണ്ട്.

വർഷങ്ങൾക്ക് മുമ്പ് വേലയില്ലാ പട്ടതാരിയുടെ റിലീസിന് മുന്നോടിയായി അന്തരിച്ച നടൻ വിവേക്, ധനുഷ് എന്നിവരെല്ലാം ചേർന്ന് ഒരു ഷോയിൽ പങ്കെടുത്തിരുന്നു. ഷോ പുരോഗമിക്കുന്നതിനിടെ അവതാരകൻ ധനുഷിനോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ഓരോ പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാകുമെന്ന് പറയുന്നതുപോലെ താങ്കളുടെ വിജയത്തിന് പിന്നിൽ ഭാര്യ ഐശ്വര്യയ്ക്കും പങ്കുണ്ടാകും അല്ലേയെന്നാണ് അവതാരകൻ ധനുഷിനോട് ചോദിച്ചത്.
എന്നാൽ ഐശ്വര്യയെ ഒട്ടും വിലമതിക്കാത്ത തരത്തിലായിരുന്നു നടന്റെ മറുപടി. നടൻ വിവേകിലേക്ക് തിരിഞ്ഞുകൊണ്ടാണ് ധനുഷ് സംസാരിച്ച് തുടങ്ങിയത്. കണ്ടോ സാർ..? നമ്മൾ കഷ്ടപ്പെട്ടും നൃത്തം ചെയ്തും ജോലി ചെയ്തും മുന്നേറി വന്ന് വിജയം നേടി കഴിയുമ്പോൾ ഈ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടെന്ന് എത്ര നിസാരമായാണ് ഇവർ പറയുന്നത്. അതുപോലെ പിന്നിൽ നിന്നിട്ട് എന്ത് പ്രയോജനം? യോ... പോയാ എന്നാണ് ധനുഷ് പരിഹാസ ചിരിയോടെ പറഞ്ഞത്.
ഈ അഭിമുഖം വീണ്ടും വൈറലായതോടെയാണ് ധനുഷ്-ഐശ്വര്യ ദമ്പതികൾക്കിടയിലുള്ള ഈഗോ ആരാധകർക്കിടയിൽ ചർച്ചയായി മാറിയത്. ഈ അഭിമുഖം പുറത്ത് വന്നത് മുതൽ ധനുഷും ഐശ്വര്യയും തമ്മിൽ പ്രശ്‌നമുണ്ടാകുമെന്നും അതാകും വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്നുമാണ് ആരാധകരുടെ കണ്ടെത്തൽ.


Click it and Unblock the Notifications











