വിധുവിനൊപ്പമുള്ള ഗോപികമാർ; വിശ്വാസം സംരക്ഷിക്കേണ്ടത് അദ്ദേഹമാണ്; എന്നെ ബാധിക്കില്ല; ദീപ്തി
ജനപ്രിയ താര ദമ്പതികളാണ് വിധു പ്രതാപും ദീപ്തിയും. എപ്പോഴും രസകരമായി സംസാരിക്കുന്ന വിധു പ്രതാപ് ഇന്ന് ടെലിവിഷൻ ഷോകളിലെ താരമാണ്. 2008 ലാണ് വിധു പ്രതാപും ദീപ്തിയും വിവാഹിതരാകുന്നത്. യൂട്യൂബ് ചാനലിൽ ഇവർ പങ്കുവെക്കുന്ന വീഡിയോകൾ ജനശ്രദ്ധ നേടാറുണ്ട്. 15 വർഷത്തിലേറെയായി വിവാഹ ജീവിതം നയിക്കുന്ന വിധു പ്രതാപും ദീപ്തിയും കുടുംബ വിശേഷങ്ങൾ പങ്കുവെക്കുകയാണിപ്പോൾ. ഭാര്യയും ഭർത്താവുമെന്ന നിലയിലുള്ള ഇൻസെക്യൂരിറ്റികൾ, അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങിയവയെക്കുറിച്ച് ദമ്പതികൾ സംസാരിച്ചു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്.
ചില സമയങ്ങളിൽ വഴക്കുകളുണ്ടാകാറുണ്ടെന്ന് ദീപ്തി പറയുന്നു. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോൾ ചിലപ്പോൾ പൊട്ടിത്തെറിയുണ്ടാകും. നിങ്ങൾ മാതൃകാ ദമ്പതികളാണെന്ന് പലരും പറയും. മാതൃകാ ദമ്പതികളെന്നത് എപ്പോഴും സ്നേഹിച്ചിരിക്കുന്ന കപ്പിൾസ് അല്ല. സ്നേഹം ഉള്ളിടത്തേ അടിയും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകൂ. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനം ഉണ്ടാകണം. എത്ര തമാശ പറഞ്ഞാലും എത്ര അടി കൂടിയാലും ആ ബഹുമാനത്തിന്റെ വര കടക്കാതിരിക്കുകയെന്നത് രണ്ട് പേരും ചിന്തിക്കേണ്ട കാര്യമാണ്.

ചില കാര്യങ്ങൾ നമ്മൾ നമ്മളുടെ ഫാമിലിയിൽ ഇരിക്കുമ്പോൾ മനസിലാക്കിയിട്ടുണ്ടാവില്ല. കല്യാണം കഴിഞ്ഞ് വേറൊരാളുടെ കൂടെ ജീവിച്ച് തുടങ്ങുമ്പോഴായിരിക്കും ഇതാണ് നല്ലതും മോശവും അറിയാൻ പറ്റുന്നതെന്നും ദീപ്തി ചൂണ്ടിക്കാട്ടി. വിധുവിന്റെയൊപ്പം എപ്പോഴും ഗോപികമാരാണ് എങ്ങനെയാണ് ദീപ്തിയിത് കൈകാര്യം ചെയ്യുന്നത് എന്ന ചോദ്യത്തിനും ദീപ്തി മറുപടി നൽകി. വിധു എങ്ങനെ അത് ഹാൻഡിൽ ചെയ്യുന്നു എന്നത് മാത്രമേ നോക്കേണ്ട കാര്യമുള്ളൂ. നമുക്ക് ഒരാളോട് വിശ്വാസവും സ്നേഹവുമാണെങ്കിൽ ആ വിശ്വാസം സംരക്ഷിക്കേണ്ടത് അയാളുടെ സത്യസന്ധതയ്ക്കനുസരിച്ചാണ്.
എന്നെയത് ബാധിക്കുന്ന കാര്യമല്ല. അദ്ദേഹം വിവാഹിതനാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നാൽ മതിയെന്നും ദീപ്തി ചൂണ്ടിക്കാട്ടി. ദീപ്തിയുടെ കാര്യത്തിൽ ഇൻസെക്യൂരിറ്റി ഇല്ലെന്ന് വിധു പ്രതാപും വ്യക്തമാക്കി. ആരും അങ്ങനെ അടുക്കില്ല. അടുത്താൽ തീർന്നെന്നും വിധു പ്രതാപ് ചിരിച്ച് കൊണ്ട് പറഞ്ഞു. അപ്പോച്ചുകൾ വരാറുണ്ട്. അതിനോട് പ്രതികരിക്കണോ എന്നത് നമ്മുടെ തീരുമാനമാണെന്നും ദീപ്തി വ്യക്തമാക്കി.

കുട്ടികളില്ലാത്തതിന്റെ പേരിൽ വരുന്ന ചോദ്യങ്ങളെക്കുറിച്ചും ദീപ്തി സംസാരിച്ചു. തങ്ങളേക്കാൾ പുറത്ത് നിന്നുള്ളവർക്കാണ് ആശങ്ക. ആദ്യമായി കാണുന്നവർ പോലും കുട്ടികളില്ലാത്ത കാര്യം ചോദിക്കും. കുട്ടികൾ വേണോ വേണ്ടയോ എന്നത് രണ്ട് പേർ മാത്രം എടുക്കേണ്ട തീരുമാനമാണെന്നും ദീപ്തി ചൂണ്ടിക്കാട്ടി.
കുട്ടികളില്ലാത്ത എല്ലാ ദമ്പതിമാരും ദൈവം അനുഗ്രഹിക്കാത്തവരോ വിഷമിച്ചിരിക്കുന്നവരോ അല്ല. കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ച് വിവാഹം ചെയ്ത എത്രയോ ദമ്പതിമാരുണ്ട്. ഇത്തരം കാര്യങ്ങളിൽ മറ്റുള്ളവരിൽ ഇടപെടേണ്ടതില്ലെന്നും ദീപ്തി വ്യക്തമാക്കി. തനിക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങളെക്കുറിച്ച് വിധു പ്രതാപും സംസാരിച്ചു.
കുട്ടികളില്ലെന്നറിഞ്ഞപ്പോൾ കാരണം പോലും ചോദിക്കാതെ തന്നെ ഡോക്ടറുടെ പേര് നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടികൾ വേണോ വേണ്ടയോ എന്നത് ഒരോ ദമ്പതികളുടെ വ്യക്തിപരമായ കാര്യമാണെന്നും വിധു പ്രതാപ് ചൂണ്ടിക്കാട്ടി. വിധു പ്രതാപിന്റെയും ദീപ്തിയുടെയും തുറന്ന് പറച്ചിൽ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.


Click it and Unblock the Notifications











