ഡബ്ല്യുസിസിയിൽ ഏറ്റവും കൂടുതൽ സിനിമ ചെയ്തത് പാർവതി; സംഘടനയിൽ നിന്നും പുറത്ത് പോയതിനെക്കുറിച്ചും വിധു
ഡബ്ല്യുസിസിയുടെ ഭാഗമായ ശേഷം തനിക്ക് സിനിമകളിൽ അവസരങ്ങൾ കുറഞ്ഞെന്ന് നടി പാർവതി തിരുവോത്ത് ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട്. സിനിമാ രംഗത്തെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിക്കുന്നയാളാണ് പാർവതി. ഇപ്പോഴിതാ പാർവതിയുടെ വാദത്തിലുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് സംവിധായിക വിധു വിൻസെന്റ്. പാർവതിക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് വിധു വിൻസെന്റ് പറയുന്നു. ഡെടൂറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായിക.
ഡബ്ല്യുസിസിയിൽ ആയിരിക്കുമ്പോഴും ആ നിലയിൽ ഏറ്റവും കൂടുതൽ റോളുകൾ കിട്ടിയിട്ടുള്ളതും വ്യത്യസ്തമായ വേഷങ്ങൾ കിട്ടിയിട്ടുള്ളതും പാർവതിക്ക് തന്നെയായിരുന്നു. പാർവതി വേണ്ടെന്ന് വെച്ച എത്രയോ അവസരങ്ങളുണ്ട്. അത് ഓരോ ആക്ടറുടെയും ചോയ്സാണ്. എനിക്കതേക്കുറിച്ച് അറിയില്ല. പക്ഷെ റിമ കല്ലിങ്കൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അവസരങ്ങൾ ഇല്ലാതായത്. പക്ഷെ പാർവതിയുടെ കാര്യത്തിൽ അറിയില്ല. ഇത് സംബന്ധിച്ചുള്ള ചർച്ചയിൽ ഫെഫ്കയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പാർവതിക്ക് കിട്ടിയ അവസരങ്ങളുടെ ലിസ്റ്റ് തന്നെ പുറത്ത് വിട്ടു. ഡബ്ല്യുസിസിയിൽ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത് പാർവതി തന്നെയാണെന്നും വിധു വിൻസെന്റ് പറയുന്നു.

ഡബ്ല്യുസിസിയിൽ പുറത്ത് പോയതിനെക്കുറിച്ചും വിധു വിൻസെന്റ് സംസാരിച്ചു. സംഘടനയോട് ആശയപരമായുള്ള എതിർപ്പ് കാരണമാണ് ഞാൻ അതിൽ നിന്നും വിട്ട് നിൽക്കുന്നതും പുറമെ നിന്ന് പിന്തുണയ്ക്കുന്ന ഒരുപാട് ആളുകളുടെ ഭാഗമാകാൻ തീരുമാനിച്ചതും. ആശയപരമായുള്ള യോജിപ്പില്ലെങ്കിൽ നമുക്ക് ഒരുമിച്ചുള്ള പോക്ക് ബുദ്ധിമുട്ടായിരിക്കും. അങ്ങനെ ഒരുമിച്ച് പോക്ക് സാധ്യമല്ലാത്തവർ അതിൽ നിന്നും മാറി നിന്നിട്ടുണ്ട്. പക്ഷെ മാറി നിന്നവരാരും ആ സംഘടനയുടെ സാന്നിധ്യത്തെ നിഷേധിച്ച് കൊണ്ടല്ല മാറി നിന്നത്. ഓരോ സംഘടനയ്ക്കും ഓരോ മൂവ്മെന്റിനും ഓരോ കാലമുണ്ട്.
ആ കാലമാണ് അതിന്റെ ആവശ്യകത നിർണയിക്കുന്നത്. ഡബ്ല്യുസിസി ആശയപരമായ വ്യാപ്തി കുറേക്കൂടി വിപുലപ്പെടുത്തേണ്ടതുണ്ട്. ചുരുക്കപ്പെട്ട ഫെമിനിസ്റ്റിക് ഐഡിയോളജിയിൽ ഇൻഡസ്‌ട്രിയിൽ നിൽക്കുക എത്രത്തോളം സാധ്യമാണെന്ന് അറിയില്ല. മനുഷ്യത്വം ചേർത്ത് പിടിച്ച് നമുക്ക് ഈ ഐഡിയോളജിയെ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാം എന്ന ആലോചന ചിലപ്പോൾ വേണ്ടി വന്നേക്കാമെന്നും വിധു വിൻസെന്റ് അഭിപ്രായപ്പെട്ടു.

വിവാദങ്ങളും നിലപാടുകളും കരിയറിനെ ബാധിച്ചെങ്കിലും പാർവതി തളരാതെ മുന്നോട്ട് പോയി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും സിനിമകൾ ചെയ്തു. ഉള്ളടക്കം ആണ് പാർവതിയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. ഉർവശിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തത്. നോ ബഡി ആണ് ഇനി റിലീസ് ചെയ്യാനുള്ള മലയാള സിനിമകളിലൊന്ന്. മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമയാണ് നോ ബഡി. പൃഥ്വിരാജും പാർവതി തിരുവോത്തും ഏറെക്കാലത്തിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും നോ ബഡിക്കുണ്ട്. ഇ4 എന്റർടെയിൻമെന്റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം. എന്ന് നിന്റെ മൊയ്തീൻ, കൂടെ, മെെ ലൗ സ്റ്റോറി എന്നിവയാണ് പൃഥ്വിരാജും പാർവതിയും ഒരുമിച്ച് അഭിനയിച്ച് ഇതുവരെ റിലീസ് ചെയ്ത സിനിമകൾ.


Click it and Unblock the Notifications











