മമ്മൂക്ക കാണിച്ച ധൈര്യം ബോളിവുഡില്‍ ഒരു സൂപ്പര്‍ സ്റ്റാറും കാണിക്കില്ല; കാതലിനെക്കുറിച്ച് വിദ്യ ബാലന്‍
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍ ദ കോര്‍. സ്വവര്‍ഗാനുരാഗിയായ മാത്യു ദേവസിയുടെയും ഭാര്യയുടെയും കഥ പറയുന്ന ചിത്രം രചിച്ചത് പോള്‍സണ്‍ സ്‌കറിയയും ആദര്‍ശും ചേര്‍ന്നാണ്. കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു കാതല്‍ എന്ന ചിത്രം.
ചിത്രത്തെക്കുറിച്ചും മമ്മൂട്ടിയെ കുറിച്ചും ബോളിവുഡ് നടിയായ വിദ്യാ ബാലന്‍ സംസാരിക്കുന്ന വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മലയാലത്തിലെ സൂപ്പര്‍ സ്റ്റാര്‍ ആയി അറിയപ്പെടുന്ന ഒരാള്‍, സ്വവര്‍ഗാനുരാഗിയായിട്ടുള്ള കഥാപാത്രം ചെയ്യുന്നു എന്ന് പറയുന്നത് മികച്ച ഒരു കാര്യമാണെന്നും അത് സംഭവിക്കുന്നത് മലയാളം ഇന്‍ഡസ്ട്രിയായതുകൊണ്ടാണെന്നും വിദ്യ പറഞ്ഞു.

തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി അണ്‍ഫില്‍ട്ടേര്‍ഡ് വിത്ത് സാംദിഷ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് മലയാളം സിനിമകള്‍ കാണുന്നതിനെക്കുറിച്ചും കാതലിനെക്കുറിച്ചും വിദ്യ സംസാരിച്ചത്. ബോളിവുഡിലെ ഒരു സൂപ്പര്‍സ്റ്റാറും ഇത്തരത്തില്‍ ഒരു വേഷം ചെയ്യാന്‍ തയ്യാറാവില്ലെന്നും വിദ്യ പറഞ്ഞു.
'ഇപ്പോള്‍ ഞാന്‍ കുറേ മലയാളം സിനിമകള്‍ കാണാന്‍ തുടങ്ങി. ലാലേട്ടന്റെ സിനിമകളാണ് ഞാന്‍ കൂടുതലും കണ്ടിട്ടുള്ളത്. അദ്ദേഹം ചെയ്തട്ടുള്ള കോമഡി രംഗങ്ങള്‍ കാരണം കൂടിയാണ് മലയാളം സിനിമകള്‍ കണ്ടിട്ടുള്ളത്. അതേസമയം എനിക്ക് മമ്മൂക്കയെയും ഒത്തിരി ഇഷ്ടമാണ്. അദ്ദേഹത്തിന്റെ കാതല്‍ ദ കോര്‍ എന്ന സിനിമയാണ് അടുത്തിടെ ഞാന്‍ കണ്ടത്. അദ്ദേഹം എന്ത് മനോഹരമായിട്ടാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്,' വിദ്യ പറഞ്ഞു.
സിനിമ കണ്ട് കഴിഞ്ഞ ശേഷം, എന്റെ മെസേജ് ഒന്ന് അച്ഛന്റെ അടുത്ത് പറയാമോ എന്ന് ചോദിച്ച് ഞാന്‍ ദുല്‍ഖറിന് മെസ്സേജ് അയച്ചു. സിനിമയില്‍ അഭിനയിക്കുക മാത്രമല്ല, അദ്ദേഹം തന്നെയാണ് അത് പ്രൊഡ്യൂസ് ചെയ്തതും. അതില്‍ അദ്ദേഹം അഭിനയിച്ചത് ഗേ ആയിട്ടുള്ള ഒരു വ്യക്തിയായാണ്.
മലയാളത്തിലെ വലിയ സൂപ്പര്‍ സ്റ്റാര്‍ നടനാണ് അങ്ങനെ ഒരു കഥാപാത്രം ചെയ്തിരിക്കുന്നത്. എനിക്ക് തോന്നുന്നത്, എല്ലാ കമ്യൂണിറ്റിക്കും നമ്മള്‍ അംഗീകാരവും പിന്തുണയും ഒക്കെ നല്‍കേണ്ടതുണ്ട്. ഇതുവഴി ആളുകളുടെ മനസും നമുക്ക് മാറ്റാന്‍ കഴിയും. ബോളിവുഡിലെ ഒരു നടനും ഇത്തരത്തില്‍ കാതല്‍ പോലൊരു സിനിമ ചെയ്യാന്‍ തയ്യാറാകുമെന്ന് എനിക്ക് തോന്നുന്നില്ല.
നടന്മാരെ തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. ഫീമെയില്‍ ഹീറോ എന്നൊക്കെ പറയുന്നത് പുതിയ കോണ്‍സപ്റ്റ് ആണ്. അത്തരത്തില്‍ ചുരുക്കം ചില സ്ത്രീകളായ ഹീറോകള്‍ നമുക്ക് മുമ്പ് ഉണ്ടായിരുന്നെങ്കിലും 2008 ഒക്കെ മുതലാണ് സ്ത്രീ ഹീറോകള്‍ എന്ന രീതിയില്‍ കൂടുതല്‍ ചിന്തിക്കാനും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമൊക്കെ തുടങ്ങിയത്.
ഒരു സ്ത്രീ ഹീറോയും ഇങ്ങനെയായിരിക്കണം എന്ന് പറയുന്ന ഫോര്‍മുല ഒന്നുമില്ല. പക്ഷെ ആണ്‍ ഹീറോകള്‍ അങ്ങനെയല്ല, അവര്‍ക്ക് എങ്ങനെയായിരിക്കണം എന്ന ഒരു നിശ്ചിത രൂപം നേരത്തെ തന്നയുണ്ട്. ആയുഷ്മാന്‍ ഖുറാനയെ ഒക്കെ പോലെയുള്ള പുതിയ കാലത്തെ നടന്മാര്‍ ഒത്തിരി മാറ്റങ്ങള്‍ കൊണ്ടു വരുന്നുണ്ട്. പക്ഷെ അതുപോലെയല്ല, മലയാളത്തിലെയോ ബോളിവുഡിലെയോ നേരത്തെ ഉള്ള സൂപ്പര്‍സ്റ്റാറുകള്‍.

മമ്മൂട്ടി, മോഹന്‍ലാല്‍ അല്ലെങ്കില്‍ ഇവിടുത്തെ ഷാരൂഖ് സല്‍മാന്‍ ആമീര്‍ ഖാന്‍മാര്‍ പോലത്തെ ആള്‍ക്കാരെയാണ് താന്‍ ഉദ്ദേശിച്ചതെന്നും വിദ്യ ബാലന്‍ വ്യക്തമാക്കി. കേരളത്തില്‍ സാക്ഷരരായ ആളുകള്‍ കൂടുതലുള്ള സ്ഥലമാണ്. അദ്ദേഹം അത് ചെയ്തത് വലിയ കാര്യമാണെങ്കിലും കേരളത്തിലെ ജനങ്ങള്‍ കുറച്ചുകൂടി സാക്ഷരരാണ് എന്നുള്ളതുകൊണ്ട് തന്നെ ഇവിടുത്തെ പോലയല്ല, മലയാളത്തില്‍ അത് ചെയ്യാന്‍ കുറച്ചുകൂടി എളുപ്പമാണ്.
സൗത്തിലൊക്കെ സൂപ്പര്‍ സ്റ്റാറുകളെ ആളുകള്‍ ആരാധിക്കുന്ന ഒരു രീതിയാണ്. അങ്ങനെയുള്ളപ്പോള്‍ ഒരു നടന്‍ ഇത്തരം ഒരു കഥാപാത്രം ചെയ്യാന്‍ തയ്യാറായി എന്നത് വലിയ കാര്യം തന്നെയാണ്. മാത്രമല്ല, അങ്ങനെയുള്ള സൂപ്പര്‍ സ്റ്റാര്‍ അങ്ങനെ അഭിനയിക്കുമ്പോള്‍ ആളുകള്‍ കുറച്ചു കൂടി തുറന്ന മനസോടെ ഇത്തരം കാര്യങ്ങളെ സമീപിക്കാന്‍ തയ്യാറാകുമെന്നും വിദ്യാ ബാലന്‍ പറയുന്നു.


Click it and Unblock the Notifications