കാരവാനിലേക്ക് വിളിച്ചപ്പോഴാണ് വിദ്യ അറിഞ്ഞത്; ഡാൻസറിയാതെ നടി; പക്ഷെ ശോഭനയേക്കാളും നന്നായെന്ന് സഹ സംവിധായകൻ
ബോളിവുഡ‍് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് റിലീസിനൊരുങ്ങുന്ന ഭൂൽ ഭുലയ്യ 3 എന്ന സിനിമയെ നോക്കിക്കാണുന്നത്. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും വൻ ഹിറ്റായതാണ്. വിദ്യ ബാലൻ, കാർത്തിക് ആര്യൻ, മാധുരി ദീക്ഷിത്, തൃപ്തി ദിമിത്രി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിലും നായിക വിദ്യയായിരുന്നു. മലയാള ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായിരുന്നു ഭൂൽ ഭുലയ്യ. മണിച്ചിത്രത്താഴ് പല ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ജനശ്രദ്ധ ലഭിച്ചത് ഹിന്ദി റീമേക്കിനാണ്.
ശോഭനയുടെ പെർഫോമൻസിന് ഒപ്പമെത്താൻ വിദ്യ ബാലന് സാധിച്ചെന്നും സാധിച്ചില്ലെന്നും അഭിപ്രായങ്ങൾ വന്നു. മണിച്ചിത്രത്താഴിലെയും റീമേക്കുകളിലെയും ഏറ്റവും നിർണായക സീൻ ക്ലെെമാക്സിലെ ഡാൻസാണ്. ഈ ഗാന രംഗം ചെയ്യുക വിദ്യ ബാലൻ എളുപ്പമായിരുന്നില്ല. ഇതേക്കുറിച്ച് ഭൂൽ ഭുലയ്യയിൽ സഹസംവിധായകനായി പ്രവർത്തിച്ച സുരേഷ് കൃഷ്ണൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭൂൽ ഭുലയ്യയിലെ ഭൂരിഭാഗം സീനുകളും എടുത്ത ശേഷമാണ് വിദ്യക്ക് ഡാൻസ് അറിയില്ലെന്ന് മനസിലായതെന്ന് ഇദ്ദേഹം പറയുന്നു.

ഞങ്ങളെ ഞെട്ടിച്ച് കളഞ്ഞ സംഭവമുണ്ട്. ഒരു വിഷുവിന് വിദ്യ ബാലൻ എന്നെയും അഭിലാഷ് എന്ന അസോസിയേറ്റിനെയും കാരവാനിലേക്ക് വിളിച്ചു. വിഷുവിന് കൈ നീട്ടമായി രണ്ട് ഷർട്ട് ഞങ്ങൾക്ക് തന്നു. സുരേഷേട്ടാ ഇതെങ്ങനെയാണ് ക്ലെെമാക്സ് എന്ന് ചോദിച്ചു. ക്ലെെമാക്സ് മുഴുവൻ ഡാൻസാണെന്ന് ഞാൻ. ചുമ്മാ പറ്റിക്കരുതെന്ന് വിദ്യ ബാലൻ.
വിദ്യ ബാലന് ഡാൻസ് അറിയില്ല. പടമാണെങ്കിൽ 65 ശതമാനം ഷൂട്ട് കഴിഞ്ഞു. ഞാൻ ഇക്കാര്യം പ്രിയൻ ചേട്ടനോട് പറഞ്ഞു. അദ്ദേഹം വിളിച്ചപ്പോൾ ബേസിക്കായ ഡാൻസേ അറിയൂ എന്ന് വിദ്യ പറഞ്ഞു. അങ്ങനെ ഒരാളെ വെച്ച് ഷൂട്ട് ചെയ്യാൻ പറ്റുമോ. കാരണം ക്ലെെമാക്സ് ഗംഭീരമായ ഡാൻസാണ്.

വിനീതും പോണി വർമയുമാണ് കൊറിയോഗ്രാഫർമാർ. അവർ രണ്ട് പേരോടും നേരത്തെ വരാൻ പറഞ്ഞ് ഹോട്ടലിലെ ഹാളിൽ പരിശീലനം തുടങ്ങി. ഏഴ് മണി തൊട്ട് പത്ത് മണി വരെ ഡാൻസ് പ്രാക്ടീസ് നടക്കും. എങ്ങനെയുണ്ട് വിനീതേ എന്ന് ചോദിച്ചപ്പോൾ എനിക്കൊരു പ്രതീക്ഷയുമില്ലെന്ന് പറഞ്ഞു. നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ ചിലപ്പോൾ ശരിയാകുമെന്ന് തോന്നുന്നെന്ന് വിനീത്. പിന്നീട് ഒപ്പിക്കാം എന്നും പറഞ്ഞു. അപ്പോഴേക്കും ക്ലെെമാക്സായി.
ഞങ്ങളെയെല്ലാം ഞെട്ടിച്ച് കൊണ്ട് വിദ്യ ബാലൻ മനോഹരമായി ചെയ്തു. പത്ത് ദിവസത്തെ ട്രെയിനിംഗ് കൊണ്ട് ഗംഭീരമായി ചെയ്തു. ശോഭന ചെയ്ത അത്രത്തോളം വരില്ല. ശോഭന ഒരു ഡാൻസറാണ്. വിദ്യ ഡാൻസറല്ല എന്ന് ആലോചിക്കണം. എനിക്ക് നന്നായിട്ട് തോന്നിയത് വിദ്യ ബാലന്റെ ഡാൻസാണ് കാരണം ഒന്നുമറിയാതിരുന്ന ആൾ ഇത് പോലൊരു ഡാൻസ് ചെയ്തില്ലേയെന്നും ഇദ്ദേഹം ചോദിച്ചു. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.


Click it and Unblock the Notifications











