'ഞാൻ ഗർഭിണിയല്ല അതെല്ലാം വ്യാജ വാർത്തകൾ.'; വിശദീകരണവുമായി വിദ്യ, ഇതൊക്കെ ആര് ചിന്തിക്കുന്നുവെന്ന് പ്രേക്ഷകർ
ഒരു കാലത്ത് മലയാള സിനിമയിലും സീരിയലിലും നിറഞ്ഞ് നിന്നിരുന്ന നടിയാണ് വിദ്യ വിനു മോഹൻ. വെക്കേഷൻ എന്ന സിനിമയിലൂടെ 2005ൽ സിനിമയിലേക്കെത്തിയ വിദ്യ ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല. വളരെ വിരളമായി മാത്രമാണ് വിദ്യ സിനിമകൾ ചെയ്യുന്നത്. എന്നാൽ സോഷ്യൽമീഡിയയിൽ താരം സജീവമാണ്. സോഷ്യൽമീഡിയയുടെ വരവിനുശേഷം ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ പ്രചരിക്കാറുള്ളത് സിനിമാ താരങ്ങൾ വരെ ഉൾപ്പെടുന്ന സെലിബ്രിറ്റികളെ കുറിച്ചാണ്.
അത്തരത്തിൽ കഴിഞ്ഞ ദിവസം വ്യാപകമായി തന്നെ കുറിച്ച് പ്രചരിച്ചൊരു വാർത്തയുടെ സത്യാവസ്ഥ വിശദമാക്കി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് വിദ്യ വിനു മോഹൻ. കഴിഞ്ഞ ദിവസം സ്ലീവ് ലെസ് ഡീപ്പ് നെക്ക് പ്രിന്റഡ് ഗൗണിലുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ വിദ്യ പങ്കിട്ടിരുന്നു.

ഈ ചിത്രമാണ് വ്യാജ വാർത്തകൾക്ക് കാരണമായത്. ബോഡി കോൺ വസ്ത്രത്തിൽ സ്റ്റൈലിഷ് പോസിൽ നിന്ന വിദ്യ തന്റെ വലത് കൈ വയറിൽ വെച്ചിരുന്നു. ഇതോടെ താരം വയറ് താങ്ങി പിടിച്ച് നില്‍ക്കുകയാണെന്നും കണ്ടാല്‍ ഗർഭിണിയാണെന്നും ബേബി ബംപ് പോലെ തോന്നുന്നുവെന്നും ആരാധകർ കമന്റുകൾ കുറിക്കാൻ തുടങ്ങി. ചിലർ ഫോട്ടോയ്ക്ക് താഴെ ആശംസകളുമായി വരെ എത്തി. എന്നാല്‍ പ്രത്യേകിച്ച് ഒരു ക്യാപ്ഷനും വിദ്യ ഫോട്ടോയ്ക്ക് നല്‍കിയിരുന്നില്ല.
പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമായോ, വിദ്യ ഗര്‍ഭിണിയാണോ എന്ന തരത്തിലുള്ള സംശയം ആരാധകർ ചോദിക്കുകയും ചെയ്തിരുന്നു. വിദ്യയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് നിരവധി തമിഴ് ആരാധകരും കമന്റ് ബോക്‌സില്‍ എത്തിയിരുന്നു. ഫോട്ടോയും കമന്റ് ബോക്സും വൈറലായതോടെ വിദ്യ ഗർഭിണിയാണെന്ന് വാർത്തകൾ വന്നു.
ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട് നടി തന്നെ ഇപ്പോൾ യഥാർത്ഥ്യം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്. ഏവർക്കും നമസ്കാരം... ഇൻസ്റ്റാഗ്രാമിലെ സമീപകാല ഫോട്ടോകൾക്കൊപ്പം എൻ്റെ ഗർഭധാരണത്തെക്കുറിച്ച് ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അത് പൂർണ്ണമായും അസത്യമാണ് എന്നാണ് വ്യാജ വാർത്തയോട് പ്രതികരിച്ച് വിദ്യ സോഷ്യൽമീഡിയയിൽ കുറിച്ചത്.
വിദ്യയുടെ വിശദീകരണം വന്നതോടെ പതിവുപോലെ നിരവധി നിരസകരമായ കമന്റുകളും ആരാധകർ കുറിച്ചു. സമാധാനമായി... നാല് ദിവസമായി ഇത് ആലോചിച്ചിട്ട് ഉറക്കമില്ലായിരുന്നു, നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ഇവിടെ ആരും ശ്രദ്ധിക്കുന്നില്ല എന്നിങ്ങനെയായിരുന്നു അവയിൽ ചിലത്. ഗർഭിണിയാണെന്ന വാർത്ത കേട്ടാലും സന്തോഷം എന്നും മറ്റ് ചിലർ കുറിച്ചു.

2013ലായിരുന്നു വിനു മോഹന്റെയും വിദ്യയുടെയും വിവാഹം. ഈ തിരക്കിനിടയില്‍ എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചതിലൂടെയാണ് വിനു മോഹനും വിദ്യ മോഹനും പരിചയപ്പെട്ടതും അടുത്തതും. പിന്നീട് ഇരു വീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന് ശേഷവും വിദ്യ തമിഴ്-മലയാളം സീരിയലുകളില്‍ സജീവമായിരുന്നു.
വിനുവും വിദ്യയും ഫോട്ടോഷൂട്ടുകളും മറ്റും നടത്തി ഇൻസ്റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യാറുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് പൊതുവെ ഹിറ്റാകാറുള്ളത്. ഹരിനാരായണൻ സംവിധാനം ചെയ്ത നീലാമ്പരി എന്ന ചിത്രത്തിൽ സഹനടിയായിരുന്നു വിദ്യ സിനിമയിലേക്ക് വന്നത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത എന്റെ പെണ്ണ് എന്ന പരമ്പരയിൽ ഭാമ എന്ന കഥാപാത്രമായി അഭിനയിച്ചിരുന്നു.
ചെറിയ കള്ളനും വലിയ പോലീസും മഹാരാജ ടാക്കീസ്, എം.എൽ.എ മാണി: പത്താം ക്ലാസ്സും ഗുസ്തിയും, ഈ തിരക്കിനിടയിൽ എന്നിവയാണ് വിദ്യ അഭിനിയിച്ച മറ്റ് ചിത്രങ്ങൾ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് വിനു മോഹൻ അഭിനയത്തിലേക്കെത്തുന്നത്. വിനു മോഹന്റെ സഹോദരൻ അനു മോഹനും സിനിമയിൽ സജീവമാണ്.


Click it and Unblock the Notifications











