'നയൻതാരയുടെ ഡിവോഴ്സ് കാണാൻ കാത്തിരുന്നവർ കണ്ടോളൂ...'; പരസ്പരം ചുംബിച്ചും കെട്ടിപിടിച്ചും വിക്കിയും നയൻസും!
ഇതുവരെ മലയാളത്തിൽ നിന്നും തമിഴിലേക്ക് ചേക്കേറി നയൻതാരയോളം ഓളം സൃഷ്ടിച്ച മറ്റൊരു നടിയുണ്ടാവില്ല. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ അഭിനയത്തിലേക്ക് എത്തിയ നയൻതാര ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായി വളർന്ന് കഴിഞ്ഞു. 20 വർഷത്തെ കഠിനാധ്വാനമാണ് ലേഡി സൂപ്പർസ്റ്റാർ പദവിക്ക് നയൻസിനെ അർഹയാക്കിയത്. മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് ചേക്കേറിയപ്പോൾ മുതൽ എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുള്ള ഒരാളാണ് നയൻതാര.
നടിയുടെ പ്രൊഫഷണൽ ലൈഫിനേക്കാൾ കൂടുതൽ അന്നും ഇന്നും ചർച്ച ചെയ്യപ്പെടാറുള്ളത് സ്വകാര്യ ജീവിതമാണ്. തിരുവല്ലക്കാരിയായ നയൻതാര കുടുംബസമേതം ഇപ്പോൾ ചെന്നൈയിൽ സെറ്റിൽഡാണ്. വളരെ വിരളമായി മാത്രമാണ് കേരളത്തിലേക്ക് എത്താറുള്ളത്. നയൻതാരയുടെ മാതാപിതാക്കൾ കേരളത്തിൽ തന്നെയാണ് താമസം. ജവാൻ സിനിമ റിലീസിനോട് അനുബന്ധിച്ചാണ് നയൻതാര സോഷ്യൽമീഡിയ അക്കൗണ്ട് ആരംഭിച്ചത്.

അതിന് മുമ്പ് നയൻതാരയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത് ഭർത്താവ് വിഘ്നേഷ് ശിവന്റെ സോഷ്യൽമീഡിയ പേജുവഴിയാണ്. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ രണ്ട് ആൺകുഞ്ഞുങ്ങൾ നയൻതാരയ്ക്ക് പിറന്നിരുന്നു. വിവാഹശേഷവും പ്രൊഫഷനും ഫാമിലി ലൈഫും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുകയാണ് താരം.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നയൻതാര-വിഘ്നേഷ് ശിവൻ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ തുടങ്ങിയതായി വാർത്തകൾ വന്നിരുന്നു. അതിനുള്ള തുടക്കം നയൻതാരയുടെ സോഷ്യൽമീഡിയ പോസ്റ്റിൽ നിന്ന് തന്നെയാണ്. എപ്പോഴും ഭർത്താവിന്റെയും മക്കളുടെയും വിശേഷങ്ങളും സന്തോഷകരമായ നിമിഷങ്ങളുടെ വീഡിയോയും ഫോട്ടോയും മാത്രമാണ് നയൻതാര പങ്കിട്ടിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം നിഗൂഢമായ ഒരു പോസ്റ്റാണ് സ്റ്റോറിയിൽ നയൻസ് പങ്കുവെച്ചത്. കണ്ണീരോടെയാണെങ്കിലും അവള്‍ പറയും എനിക്കത് ലഭിച്ചു എന്നായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിൽ നയന്‍താര പങ്കുവെച്ചത്. മാത്രമല്ല വിക്കി അൺഫോളോ ചെയ്തതായും റിപ്പോർട്ട് വന്നു. ഇതോടെ ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉടലെടുത്തുവെന്നും വൈകാതെ പിരിയുമെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി.
എന്നാൽ ഇരുവരും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും സന്തോഷത്തോടെയുള്ള ജീവിതമാണ് നയിക്കുന്നതെന്നും വ്യക്തമാക്കിയുള്ള പുത്തൻ പോസ്റ്റ് വൈറലാവുകയാണ്. വിക്കിയുടെ സോഷ്യൽമീഡിയ പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മറുവാര്‍ത്തൈ പേസാതെ... എന്ന തമിഴ് പാട്ടിന് അനുസരിച്ച് ഓടക്കുഴല്‍ വിദ്വാൻ നവീന്‍ ഓടക്കുഴല്‍ വായിക്കുന്നതും നയന്‍താര വിഘ്‌നേഷിനെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമെല്ലാമാണ് ഈ വീഡിയോയിലുള്ളത്.

ഇരുവരുടേയും വിവാഹ വാര്‍ഷിക ദിവസം എടുത്തതാണ് ഇപ്പോൾ വൈറലാകുന്ന പഴയ വീഡിയോ. അന്ന് ഇരുവര്‍ക്കും നവീന്‍ നല്‍കിയ സമ്മാനമായിരുന്നു ആ പാട്ട്. വിക്കിയുടെ പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് നയൻതാര സ്റ്റോറിയാക്കുകയും ചെയ്തിരുന്നു. ഇതിന് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇരുവരും വേര്‍പിരിയാന്‍ പോകുകയാണെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഈ വീഡിയോ എന്നാണ് മിക്കവരും കമന്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഈ വീഡിയോ വിഘ്‌നേഷും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ ബേബിയുടെ സ്‌നേഹം ഇതില്‍ കാണാനാകും. അതാണ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നതും എന്ന ക്യാപ്ഷനോടെയാണ് വിഘ്‌നേഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നയൻതാരയുടെ ഡിവോഴ്സ് കാണാൻ കാത്തിരുന്നവർ കണ്ടോളൂ എന്നുള്ള തരത്തിലും കമന്റുകളുണ്ട്.
ഈ വീഡിയോയ്ക്കും ചിലർ വിമർശനവുമായി എത്തിയിരുന്നു. നയൻതാര ഓവർ റൊമാന്റിക്കായി എന്തൊക്കയോ കാട്ടികൂട്ടുന്നുവെന്നായിരുന്നു ചിലരുടെ വിമർശനം. അവരുടെ ഭർത്താവിനോട് അല്ലാതെ മറ്റാരോടാണ് അവർ റൊമാന്റിക്ക് ആകേണ്ടത് എന്നാണ് വീഡിയോയെ അനുകൂലിച്ചവർ കുറിച്ചത്. വിഘ്നേഷ് ശിവൻ പുതിയ സിനിമയുടെ പണിപ്പുരയിലാണ്. ജവാന് ശേഷം ബോളിവുഡിൽ അടക്കം തിരക്കുള്ള നായികയാണ് നയൻതാര. അടുത്തിടെ വാലന്റൈസ് ഡെ ഇരുവരും ആഘോഷമാക്കിയിരുന്നു.


Click it and Unblock the Notifications