രാവിലെ മുതൽ അത്രയും ജോലി, വഴക്കിടാൻ പോലും സമയമില്ല; പൊസസീവ്നെസ് പ്രശ്നമാണ്: വിഘ്നേശ് ശിവന്റെ വാക്കുകൾ
സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും. 2022 ൽ വിവാഹിതരായ ഇരുവരും ഇന്ന് മാതാപിതാക്കളാണ്. ഉയിർ, ഇലകം എന്നിങ്ങനെയാണ് മക്കളുടെ പേര്. കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് നയൻതാരയും വിഘ്നേശും. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായിക നടിയാണ് വിവാഹം ചെയ്യുന്ന സമയത്തും ഇപ്പോഴും നയൻതാര. എന്നാൽ ഇതിവരുടെ ബന്ധത്തെ ബാധിച്ചില്ല. വിവാഹ ജീവിതത്തെക്കുറിച്ച് വിഘ്നേശ് ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരുമിച്ച് സിനിമ ചെയ്യുമ്പോൾ ഞാനെന്റെ ജോലി മാത്രമാണ് ചെയ്തത്. അവളെ ഡയരക്ട് ചെയ്തു. പിന്നീട് ഞങ്ങൾക്ക് രണ്ട് പേർക്കും ഇഷ്ടമായി. സംസാരിച്ച് തുടങ്ങി. പ്രണയത്തിലായ ശേഷം ഷൂട്ടിംഗിനിടെ മാം എന്ന് തന്നെയാണ് വിളിച്ചത്. പിന്നീട് പ്രണയം പുറത്തറിഞ്ഞപ്പോഴാണ് മാറ്റിയതെന്നും വിഘ്നേശ് തുറന്ന് പറഞ്ഞു. നയൻതാരയെ പോലെ ഒരു താരത്തിന് എന്നെ ഇഷ്ടമായതെന്ത് കൊണ്ടെന്ന് അവൾക്കേ അറിയൂയെന്നും സംവിധായകൻ വ്യക്തമാക്കി.
ഞങ്ങൾ പൊസസീവ് അല്ല, പ്രാക്ടിക്കൽ ആണ്.ഒരു പരിധിക്കപ്പുറം പൊസസീവ്നെസ് പ്രശ്നമാണ്. കൃത്യമായ ബാലൻസ് വേണം. ഞങ്ങൾ തമ്മിൽ ബന്ധത്തിലാണെങ്കിലും നയൻതാരയെ വെച്ച് നായകനും നായികയുമാക്കിയുള്ള സിനിമ ചെയ്യാം. വർക്കിനെ അത് ബാധിക്കില്ലെന്നും വിഘ്നേശ് ശിവൻ മറുപടി നൽകി.
വഴക്കുണ്ടാക്കാൻ മാത്രം സമയം തങ്ങൾക്ക് ലഭിക്കാറില്ല. രാവിലെ എണീക്കുന്നത് മുതൽ അത്രയേറെ ജോലികളുണ്ട്. സിനിമകളുടെ ചർച്ചകൾ നടക്കും. ദൈവം സഹായിച്ച് വഴക്കുകൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിഘ്നേശ് ശിവൻ വ്യക്തമാക്കി.

ഇന്ന് ഭർത്താവ് വിഘ്നേശ് ശിവനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന നയൻതാര വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ട ഒരു കാലഘട്ടം ഉണ്ടായിരുന്നു. പ്രഭുദേവയുമായുണ്ടായ ബന്ധവും ഈ ബന്ധത്തിന്റെ തകർച്ചയും നടിയുടെ ജീവിതത്തിൽ വലിയ സ്വാധീനമുണ്ടാക്കി. ഇതിന് ശേഷമാണ് വിഘ്നേശ് ശിവന്റെ കടന്ന് വരവ്. നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് നയൻതാരയും വിഘ്നേശ് ശിവനും അടുക്കുന്നത്. 2015 ൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് വിഘ്നേശും നായിക നയൻതാരയുമായിരുന്നു. ഷൂട്ടിംഗ് തുടങ്ങി സെക്കന്റ് ഷെഡ്യൂളിലേക്ക് കടക്കുമ്പോഴേക്കും വിഘ്നേശും നയൻസും പ്രണയത്തിലായിട്ടുണ്ട്.
ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേശും വിവാഹ ജീവിതത്തിലേക്ക് കടന്നത്. മഹാബലിപുരത്ത് വെച്ച് നടന്ന വിവാഹത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൽ, നടൻ ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. വിഘ്നേശ് ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമാണ് കരിയറിനെ കുറേക്കൂടി ഗൗരവമായി കണ്ടതെന്ന് നയൻതാര ഒരിക്കൽ പറഞ്ഞിട്ടുണ്ട്. താരമൂല്യത്തിലും സീനിയോരിറ്റിയിലും വിഘ്നേശിനേക്കാൾ ബഹുദൂരം മുന്നിലാണ് നയൻതാര. ഇപ്പോഴും തമിഴകത്ത് പേരെടുത്ത സംവിധായകനല്ല വിഘ്നേശ്. ഒടുവിൽ പുറത്തിറങ്ങിയ എൽഐകെ എന്ന സിനിമയും പരാജയമായിരുന്നു.


Click it and Unblock the Notifications