'ഉളുന്തൂർപേട്ടൈ നായയ്ക്ക് നാഗൂർ ബിരിയാണി, കൊച്ചിയിലേക്ക് ക്ഷണിച്ചിട്ടും പോയില്ല'; അന്ന് വിഘ്നേഷ് ശിവൻ കേട്ടത്
വിഘ്നേഷ് ശിവനെ നയൻതാരയുടെ ആരാധകർ ഗ്രീൻ ഫോറസ്റ്റ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കാരണം നടി ജീവിതം ആസ്വദിച്ച് തുടങ്ങിയത് വിക്കിയുമായി പ്രണയത്തിലായശേഷമാണെന്നാണ് താരത്തിന്റെ പിന്നീടുള്ള ജീവിതം വിലയിരുത്തി ആരാധകർ പറയുന്നത്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരകുടുംബമാണ് വിഘ്നേഷ് ശിവന്റെയും നയൻതാരയുടേയും. ഉയിർ, ഉലക് എന്നീ രണ്ട് ഇരട്ട കുട്ടികളുടെ മാതാപിതാക്കൾ കൂടിയാണ് ഇരുവരും ഇപ്പോൾ.
ഇരുപത് വർഷത്തെ സിനിമാ ജീവിതത്തിനിടെ നയൻതാരയോളം വിമർശനവും പരിഹാസവും കുറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിട്ടുള്ള മറ്റൊരു അഭിനേത്രിയുണ്ടോയെന്ന് സംശയമാണ്. യാതൊരു വിധത്തിലുള്ള സിനിമാ പാരമ്പര്യവുമില്ലാത്ത കുടുംബത്തിൽ നിന്നും എത്തിയാണ് തെന്നിന്ത്യയുടെ താരറാണിയായി നയൻതാര മാറിയത്. ഇന്ന് താരം നാൽപ്പതാം പിറന്നാൾ ആഘോഷിക്കുമ്പോൾ ചർച്ചയാകുന്നത് നടിയുടെ ജീവിത കഥ പറയുന്ന ഡോക്യുമെന്ററിയാണ്.

നയൻതാര ബിയോണ്ട് ദി ഫെയറി ടെയ്ൽ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്. ഇതുവരെ നയൻതാരയുടെ സ്വകാര്യ ജീവിതത്തിന്റെയും സിനിമാ ജീവിതത്തിന്റെയും ഭാഗമായിട്ടുള്ള ആളുകളെല്ലാം നടിയെ കുറിച്ച് ഡോക്യുമെന്ററിയിൽ വാചാലരായി. അക്കൂട്ടത്തിൽ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ നയൻതാരയുമായുള്ള പ്രണയകാലഘട്ടത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
നയൻതാരയെ പ്രണയിച്ചതിന് അന്നും ഇന്നും വിമർശനം കേൾക്കുന്നയാളാണ് വിഘ്നേഷ് ശിവൻ. കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി നയൻതാരയുടെ ബലം വിഘ്നേഷ് ശിവനാണ്. വിക്കി ഒപ്പമുണ്ടെങ്കിൽ ഒന്നിനെ കുറിച്ചും ടെൻഷനടിക്കേണ്ട ആവശ്യമില്ലെന്നും എല്ലാം ശരിയായി തന്നെ നടക്കുമെന്നുമാണ് നയൻതാര പറയാറുള്ളത്.
നാനും റൗഡി താൻ സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നതും അത് പിന്നീട് പ്രണയമായി മാറുന്നതും. പക്ഷെ സെറ്റിലാർക്കും ഇരുവരും പ്രണയത്തിലാണെന്ന് ആദ്യമൊന്നും അറിയില്ലായിരുന്നു. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാറിനെ പ്രണയിച്ച് തുടങ്ങിയപ്പോൾ തന്റെ ശ്രദ്ധയിൽപ്പെട്ട ഒരു ട്രോളിനെ കുറിച്ചും ഡോക്യുമെന്ററിയിൽ വിഘ്നേഷ് വിവരിച്ചു. നാനും റൗഡി താൻ സിനിമ പൂർത്തിയായശേഷം ഒന്ന് കാണണമെന്ന് നയൻ മാം പറഞ്ഞു.
സിനിമയുടെ പണിയിലാണ് എന്നായിരുന്നു എന്റെ പ്രതികരണം. കൊച്ചിയിലേക്ക് വരാമോ എന്ന് ചോദിച്ചപ്പോഴും പോകാൻ മടിച്ചു. എന്നാൽ വിധിപോലെ എല്ലാം നടന്നു. പ്ലസ് ടുവിൽ പഠിക്കുന്ന സമയത്തായിരുന്നു എനിക്ക് അച്ഛനെ നഷ്‌ടപ്പെട്ടത്. അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം എന്നിലേക്ക് വന്നു. എന്നാൽ കുടുംബഭാരം എന്നെകൊണ്ട് ചുമപ്പിക്കുന്നതിന് പകരം സിനിമയുടെ പിന്നാലെ പോകാൻ അമ്മ അനുവാദം നൽകി.

അമ്മയും അച്ഛനും പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി നോക്കിയിരുന്നവരാണ്. ഒടുവിൽ ആ സിനിമ തന്നെ എനിക്ക് നയൻതാരയേയും തന്നു. ഞങ്ങളുടെ പ്രണയം പുറംലോകം അറിഞ്ഞ് തുടങ്ങിയ സമയത്ത് നിരവധി ട്രോളുകളും മീമുകളും പരിഹാസവും വന്നിരുന്നു. അതിൽ ഒന്ന് ഇങ്ങനെയായിരുന്നു.... ഉളുന്തൂർപേട്ടൈ നായയ്ക്ക് നാഗൂർ ബിരിയാണി എന്നായിരുന്നു അത്. സുന്ദരി പ്രണയിച്ച ഭൂതത്തിന്റെ കഥയുള്ളപ്പോൾ ബസ് കണ്ടക്ടറായിരുന്ന ആൾ സൂപ്പർസ്റ്റാറായ ചരിത്രമുള്ളപ്പോൾ ഇതൊക്കെ ഒരു വിഷയമാണോ... എന്നാണ് വിഘ്നേഷ് അന്ന് കേട്ട പഴികളെ കുറിച്ച് വെളിപ്പെടുത്തി പറഞ്ഞത്.
ഡോക്യുമെന്ററിയിൽ നയൻതാരയും വിഘ്നേഷിനെ കുറിച്ച് വാചാലനായി. എന്നെ എന്തുപറഞ്ഞാലും അത് കൂസാക്കാതെയിരിക്കാൻ സാധിക്കും. എന്നാൽ വിഗ്നേഷ് ശിവനെ ആരെങ്കിലും മോശം പറഞ്ഞാൽ അത് എന്നേയും ബാധിക്കും. എന്റെ സ്ട്രങ്ത്തും വീക്ക്നെസും വിക്കിയാണ് എന്നാണ് നയൻതാര പറഞ്ഞത്.
രണ്ട് വർഷം മുമ്പ് മഹാബലിപുരത്ത് വെച്ചായിരുന്നു വിഘ്നേഷിന്റെയും നയൻതാരയുടേയും വിവാഹം. സൂപ്പര്‍സ്റ്റാറുകളായ രജിനികാന്ത്, ഷാരൂഖ് ഖാന്‍, വിജയ് സേതുപതി, സൂര്യ, സംവിധായകൻ മണിരത്നം, ദിലീപ് എന്നിവരടക്കം വന്‍താരനിരയായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.


Click it and Unblock the Notifications