സമയം കളയാനില്ല, മക്കൾക്കൊപ്പമുണ്ടാകണം; നയൻതാര ഇപ്പോഴെടുത്ത തീരുമാനം: വിഘ്നേശ് ശിവൻ
നയൻതാരയെക്കുറിച്ച് സംസാരിച്ച് ഭർത്താവ് വിഘ്നേശ് ശിവൻ. നയൻതാരയ്ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം തനിക്കില്ലെന്ന് വിഘ്നേശ് പറയുന്നു. നയൻതാരയ്ക്ക് ഓപ്പോസിറ്റ് അഭിനയിക്കുന്ന ഹീറോയായി എന്നെ കാണാനാകുന്നില്ല. നയൻതാര സമ്മതിക്കില്ല. സൽമാൻ ഖാനൊപ്പമുള്ള സിനിമയുടെ ഷൂട്ടിന് പോകുകയാണ് നാളെ നയൻതാര. ഇതിനിടെ ഞാനിടയിൽ വരേണ്ടതില്ല. നയൻതാര എനിക്ക് വേണ്ടി എന്തും ചെയ്യും.
നാനും റൗഡി താനിന്റെ കഥ പറഞ്ഞപ്പോൾ ആർക്കും ഇഷ്‌ടപ്പെട്ടിരുന്നില്ല. കഥ പറഞ്ഞപ്പോൾ ആദ്യം ചിരിച്ചയാളാണ് നയൻതാര. നയൻതാര ഇപ്പോൾ സിനിമകളിൽ സെലക്ടീവ് ആണ്. കാരണം സമയം കളയാൻ പറ്റില്ല. പറ്റുന്നിടത്തോളം മക്കളോടൊപ്പം ചെലവഴിക്കണം. അതിനാൽ ചില സിനിമകൾ മാത്രമേ നയൻതാര ഇപ്പോൾ ചെയ്യുന്നുള്ളൂയെന്ന് വിഘ്നേശ് ശിവൻ പറയുന്നു.

2022 ലാണ് നയൻതാരയ്ക്കും വിഘ്നേശ് ശിവനും സരൊഗസിയിലൂടെ ഇരട്ടക്കുട്ടികൾ പിറക്കുന്നത്. ഉയിർ, ഉലകം എന്നിങ്ങനെയാണ് മക്കളുടെ പേര്. മക്കൾ പിറന്ന ശേഷവും സിനിമാ രംഗത്ത് നയൻതാര സജീവമാണ്. എന്നാൽ ഷൂട്ടിന് ചില നിബന്ധനകളുണ്ട്. നിശ്ചിത സമയത്തിൽ കൂടുതൽ നയൻതാര സെറ്റിൽ തുടരില്ല. മക്കളെ നോക്കാൻ ആയമാരുണ്ട്. എന്നാലും മക്കൾക്ക് തന്റെ സാന്നിധ്യം നയൻതാര ഉറപ്പ് വരുത്തുന്നു. ചില ഷൂട്ടിംഗ് സെറ്റുകളിൽ മക്കളെയും ഒപ്പം കൊണ്ട് പോകാറുണ്ട്.
മക്കളുടെ ആയമാരുടെ സെറ്റിലെ ചെലവ് സിനിമകളുടെ നിർമാതാക്കൾ വഹിക്കേണ്ട സാഹചര്യമാണെന്ന് നേരത്തെ ആരോപണം വന്നിരുന്നു. ഇതേക്കുറിച്ച് നയൻതാര പ്രതികരിച്ചിട്ടില്ല. 2026 ൽ നയൻതാരയ്ക്ക് തുടരെ റിലീസുകളാണ്. പാട്രിയോട് ആണ് മലയാളത്തിൽ റിലീസ് ചെയ്യാനുള്ള സിനിമ. കന്നഡ ചിത്രം ടോക്സിക്കും ഈ വർഷം റിലീസിനെത്തും. മൂക്കുത്തി അമ്മൻ 2, രാക്കയീ, ഹായ് എന്നിങ്ങനെ പല സിനിമകളും റിലീസ് ചെയ്യാനുണ്ട്.
മറുവശത്ത് വിഘ്നേശ് ശിവനും കരിയറിലെ തിരക്കുകളിലാണ്. വിഘ്നേശ് സംവിധാനം ചെയ്ത എൽഐകെ എന്ന സിനിമ ഈയടുത്താണ് റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് പ്രദീപ് രംഗനാഥൻ നായകനായ സിനിമയ്ക്ക് ലഭിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് വിഘ്നേശിന്റെ സിനിമ ബിഗ് സ്ക്രീനിലെത്തുന്നത്. പ്രൊഡക്ഷനിലെ തടസങ്ങൾ കാരണം എൽഐകെയുടെ റിലീസ് ഏറെക്കാലമായി നീണ്ട് പോകുകയായിരുന്നു.


Click it and Unblock the Notifications