മൂക്കുത്തി അമ്മന്റെ അഡ്വാൻസ് നയൻതാര തന്നു, നിരന്തരം ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന് പിന്നിൽ; വിഘ്നേഷ് ശിവൻ!
തെന്നിന്ത്യൻ സിനിമയിലെ പവർ കപ്പിളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഏറെ ആരാധകരുള്ള താര ദമ്പതികൾ. സംവിധാനത്തിലും അഭിനയത്തിലും മാത്രമല്ല സിനിമ നിർമ്മാണം, വിതരണം തുടങ്ങിയവയിലും ഇരുവരുടേയും റൗഡി പിക്ചേഴ്സ് സജീവമാണ്. ഒരിടവേളയ്ക്കുശേഷം ഭർത്താവ് വിഘ്നേഷിന്റെ സംവിധാനത്തിൽ ഒരു സിനിമ തിയേറ്ററുകളിൽ എത്താൻ പോകുന്നതിന്റെ സന്തോഷത്തിലാണ് നയൻതാര.
തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രദീപ് രംഗനാഥന്‍ നായകനായെത്തുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനി. വിഘ്നേഷ് ശിവന്റെ സംവിധാനത്തില്‍ പ്രദീപ് രംഗനാഥന്‍, കൃതി ഷെട്ടി, എസ്.ജെ സൂര്യ എന്നിവര്‍ സിനിമയിൽ പ്രധാനവേഷങ്ങളിലെത്തുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ പ്രി റിലീസ് ഇവന്റ്.

പരിപാടിയിൽ പങ്കെടുത്ത് വിഘ്നേഷ് നടത്തിയ പ്രസംഗമാണ് ശ്രദ്ധ നേടുന്നത്. സ്വന്തം സിനിമയുടെ ഓഡിയോ ലോഞ്ചിൽ പോലും പങ്കെടുക്കാത്ത നയൻതാര ഭർത്താവിന്റെ സിനിമയുടെ പ്രി റിലീസ് ഇവന്റിൽ പങ്കെടുക്കാൻ എത്തിയത് പ്രേക്ഷകർക്കും കൗതുക കാഴ്ചയായി. ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഷൂട്ടിങ് പ്രതിസന്ധിയിലായ സമയത്ത് സഹായിച്ചത് നയൻതാരയാണെന്നും ചടങ്ങിൽ സംസാരിക്കവെ വിഘ്നേഷ് പറഞ്ഞു.
ഈ ഒരു സ്റ്റേജിലേക്കും എന്റെ ജീവിതത്തിൽ ഞാൻ ഇപ്പോൾ ആയിരിക്കുന്ന സ്റ്റേജിലേക്കും വരാനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ നിങ്ങൾ അത് വിശ്വസിക്കണമെന്നില്ല. നിരന്തരം ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ആളാണ് ഞാൻ. ആവശ്യങ്ങൾ ചോദിച്ചുകൊണ്ടല്ല ഞാൻ ക്ഷേത്ര ദർശനം നടത്തുന്നത്. എനിക്ക് ഇതുവരെ നൽകിയ സന്തോഷങ്ങൾക്കും സൗഭാഗ്യങ്ങൾക്കും നന്ദി പറയാനാണ് ക്ഷേത്രങ്ങളിൽ പോകുന്നത്.
അതുകൊണ്ടാണോയെന്ന് അറിയില്ല. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ പോലും നല്ല ഭക്ഷണവും വീടും മനസിലാക്കുന്ന കുടുംബവും എനിക്ക് വേണ്ടി ഉണ്ടായിരുന്നു. അതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. നാനും റൗഡി താൻ സിനിമ സെൻസർ കഴിഞ്ഞ് കിട്ടിയശേഷം ആരും ആ സിനിമ നല്ലതാണെന്ന് പറഞ്ഞിരുന്നില്ല. ഓഡിയൻസുമായുള്ള കണക്ഷൻ വിശ്വസിച്ചാണ് ആ സിനിമ ഞാൻ തിയേറ്ററിൽ എത്തിച്ചത്.
ലവ് ഇൻഷുറൻസ് കമ്പനിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. കഥയിലാണ് എന്റെ വിശ്വാസം. വലിയൊരു സിനിമ സംവിധാനം ചെയ്യാനുള്ള അവസരം പ്രദീപിന് ലഭിച്ചിരുന്നു. എന്നിട്ടും എനിക്ക് തന്നെ വാക്കിന്റെ പേരിൽ അദ്ദേഹം അതെല്ലാം വേണ്ടെന്ന് വെച്ച് ലവ് ഇൻഷുറൻസ് കമ്പനിയുടെ ഭാഗമാകാൻ എത്തുകയായിരുന്നു. അതിന് എല്ലാ കാലത്തും അദ്ദേഹത്തോട് ഞാൻ കടമപ്പെട്ടിരിക്കും.

ഹൈലി ടാലന്റഡ് ആക്ടറും സംവിധായകനും എല്ലാമാണ് പ്രദീപ്. ഈ സിനിമയിൽ പ്രദീപിൽ നിന്നും നിരവധി അഡ്വൈസ് ഞാൻ എടുത്തിട്ടുണ്ട്. മൂക്കുത്തി അമ്മൻ സിനിമയ്ക്ക് വാങ്ങിയ അഡ്വാൻസാണ് നയൻതാര മലേഷ്യയിലെ ഷൂട്ടിങ് ഭംഗിയായി നടക്കാനായി തന്നത്. പൊതുവെ ഓഡിയോ ലോഞ്ച് ഫങ്ഷനുകൾക്ക് നയൻതാര പോകാറില്ല.
നടി നയൻതാരയെ ഓഡിയോ ലോഞ്ചിന് കൊണ്ടുവരിക എന്നത് എനിക്കും സാധ്യമായ കാര്യമല്ല. ഇന്ന് ഭാര്യ എന്ന റോളിലാണ് നയൻതാര വന്നിരിക്കുന്നത്. രണ്ട് ദിവസമായി ഞങ്ങൾക്കൊപ്പം എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നില്ലേയെന്ന് തിരക്കിയും കാര്യങ്ങൾ നോക്കി നടത്തിയും നയൻതാര ഇവിടെയുണ്ട് എന്നുമാണ് വിഘ്നേഷ് ശിവൻ പറഞ്ഞത്. ചടങ്ങിൽ അതിഥികളായി പങ്കെടുത്തവരിൽ നയൻതാരയുടെ അമ്മയും വിഘ്നേഷിന്റെ അമ്മയുമുണ്ട്.
ഇരുവരും ആദ്യമായാണ് സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ അതിഥികളായി എത്തുന്നത്. ഏപ്രില്‍ 10ന് ലവ് ഇന്‍ഷുറന്‍സ് കമ്പനി തിയേറ്ററുകളിൽ എത്തും. 2040ല്‍ തമിഴ്നാട്ടില്‍ നടക്കുന്ന പ്രണയകഥയെ ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.


Click it and Unblock the Notifications

















