'മക്കൾ പിറക്കും മുമ്പുള്ള ജീവിതം ഇപ്പോൾ ഓർക്കാൻ സാധ്യമല്ല, നയൻസിനൊപ്പം വെറുതെയിരുന്ന് സിനിമ കാണുമായിരുന്നു'
തെന്നിന്ത്യയിൽ സിനിമയും കുടുംബവും ബിസിനസും ഒരുപോലെ കൊണ്ടുപോകുന്ന ദമ്പതികൾ വളരെ ചുരുക്കമാണ്. അത്തരത്തിൽ ഒരു ജോഡിയാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഒരു വർഷത്തിനുള്ളിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുകയും രണ്ടുപേരും ചേർന്ന് ബിസിനസിലും സിനിമയിലും വലിയ വളർച്ചയുണ്ടാക്കുകയും ചെയ്തു. ആഗ്രഹിച്ചത് പോലൊരു ജീവിതമാണ് ഇന്ന് നയൻതാര ജീവിക്കുന്നത്.
അതുകൊണ്ട് തന്നെ പലപ്പോഴും സോഷ്യൽമീഡിയ പോസ്റ്റിലൂടെയും മറ്റും ആ സന്തോഷം നയൻതാര പങ്കിടാറുമുണ്ട്. 2022ലാണ് ആറ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഇരുവരുടെയും ജീവിതത്തിലേക്ക് മക്കളായ ഉയിരും ഉലകവും വന്നു.

മക്കൾ പിറന്നപ്പോൾ അവരുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ കൂടി ചെയ്തിട്ടാണ് സിനിമയിൽ നയൻതാര അഭിനയിച്ചിരുന്നത്. ഇപ്പോൾ ഉയിരിനും ഉലകത്തിനും ഒന്നര വയസ് പ്രായമുണ്ട്. ഏത് ഷൂട്ടിങ് തിരിക്കിൽ നിന്നും വേഗം മക്കളുടെ അടുത്തേക്ക് ഓടി എത്താനും അവർക്കൊപ്പം സമയം ചിലവഴിക്കാനുമാണ് ഇരുവരും ശ്രമിക്കാറുള്ളത്. വളരെ വിരളമായി മാത്രം അഭിമുഖങ്ങൾ നൽകാറുള്ള താരജോഡി അടുത്തിടെ ഹലോ മാഗസീനിന് ഒരു അഭിമുഖം നൽകിയിരുന്നു.
കുടുംബജീവിതത്തെ കുറിച്ചും മക്കൾ പിറന്നശേഷമുള്ള മാറ്റത്തെ കുറിച്ചുമെല്ലാം ഇരുവരും വാചാലരായി. സ്ത്രീകൾക്ക് ഒരേസമയം പല കാര്യങ്ങൾ ചെയ്യാൻ സാധിക്കും. സ്വന്തം കരുത്ത് എന്തെന്ന് മനസിലാക്കുക മാത്രമാണ് തങ്ങൾ ചെയ്യേണ്ടത് എന്നാണ് നയൻതാര അഭിമുഖത്തിൽ പറഞ്ഞത്.
മക്കൾ വന്നശേഷം ചില സിനിമകൾ വേണ്ടെന്ന് വെച്ചതിനെ കുറിച്ചാണ് വിഘ്നേഷ് ശിവൻ തുറന്ന് പറഞ്ഞത്. '2023ൽ ഒരു സിനിമ ചെയ്യേണ്ടതായിരുന്നു. അത് നടക്കാതെപോയി. കുഞ്ഞുങ്ങൾക്ക് അന്ന് വെറും മൂന്ന് മാസം മാത്രമായിരുന്നു പ്രായം. സിനിമ നടക്കാതെ പോയതിൽ ഞാൻ നിരാശനായി. പിന്നെയും ആറോ എട്ടോ മാസങ്ങൾക്ക് ശേഷമാണ് ഞാൻ മറ്റൊരു ചിത്രം ചെയ്തത്. അതൊരു അനുഗ്രഹമായി തോന്നുന്നു. എനിക്ക് കുഞ്ഞുങ്ങൾക്കൊപ്പം ചിലവിടാൻ നിറയെ സമയം ലഭിച്ചു.'
'മക്കൾ പിറക്കും മുമ്പത്തെ ജീവിതം ഇപ്പോൾ ഓർക്കാൻ കൂടി സാധ്യമല്ല. നയൻതാരയ്‌ക്കൊപ്പം വെറുതെയിരുന്ന് സിനിമ കാണുന്ന നാളുകളുണ്ടായിരുന്നു. ഇപ്പോൾ ജീവിതം പൂർണമായതായി തോന്നുന്നു. കുഞ്ഞുങ്ങൾ പിറന്ന ശേഷം അതിന് മുമ്പുണ്ടായിരുന്ന ജീവിതം ഓർക്കാൻ സാധിക്കുന്നില്ലെന്ന്', വിഘ്നേഷ് പറഞ്ഞു.

ടെസ്റ്റ് എന്ന ചിത്രമാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. എസ്.ശശികാന്ത് ഒരുക്കുന്ന ചിത്രത്തില്‍ മാധവന്‍, മീര ജാസ്മിന്‍ എന്നിവരും വേഷമിടുന്നുണ്ട്. അതേസമയം എൽ.ഐ.സി-ലവ് ഇൻഷുറൻസ് കോർപ്പറേഷൻ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ അണിയറ ജോലികളുടെ തിരക്കിലാണ് വിഘ്നേഷ് ശിവൻ ഇപ്പോൾ. സംവിധായകൻ പ്രദീപ് രംഗനാഥനാണ് ചിത്രത്തിൽ നായകൻ.
കൃതി ഷെട്ടി, എസ്.ജെ സൂര്യ എന്നിവരാണ് എൽ.ഐ.സി സിനിമയിൽ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഘ്നേഷിനൊപ്പം പ്രദീപ്, കൃതി ഷെട്ടി, എസ്.ജെ. സൂര്യ എന്നിവർ ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications