'12 വർഷം മുമ്പ് 1000 രൂപയും വള്ളിചെരുപ്പുമായി നിന്നത് ഓർക്കുന്നു, ഇന്ന് കുടുംബത്തോടൊപ്പം വന്നപ്പോൾ സംതൃപ്തി'
കഴിഞ്ഞ രണ്ട് വർഷമായി സോഷ്യൽമീഡിയ ഏറ്റവും കൂടുതൽ ആഘോഷിക്കാറുള്ളത് നയൻതാര-വിഘ്നേഷ് ശിവൻ ജോഡിയുടെ വിശേഷങ്ങളാണ്. വിക്കിയും നയൻസും എന്ത് ചെയ്താലും ഇപ്പോൾ വൈറലാണ്. മക്കളായ ഉയിരും ഉലകവും കൂടി വന്നതോടെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരകുടുംബമായി നയൻസിന്റെയും വിക്കിയുടേയും. ഒന്നര വയസുകാരായ ആൺ മക്കളുടെ സന്തോഷത്തിനാണ് ദമ്പതികൾ ഇപ്പോൾ ഏറെയും പ്രാധാന്യം നൽകുന്നത്.
മക്കളുടെ അടുത്ത് നിന്ന് ഒരു മണിക്കൂർ പോലും മാറി നിൽക്കാൻ താൽപര്യമില്ലാത്തതിനാൽ വളരെ സെലക്ടീവായി മാത്രമെ ഇരുവരും സിനിമകൾ ചെയ്യാറുള്ളു. ഇപ്പോഴിതാ കുടുംബസമേതം ഹോങ്കോങിൽ അവധി ആഘോഷിക്കുകയാണ് താരകുടുംബം. അവിടെ നിന്നുള്ള വിഡീയിയോയും ഫോട്ടോസുമൊക്കെ ഇരുവരും പങ്കുവച്ച് എത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലാണ് താരദമ്പതികൾ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത്.

ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പ്രൊഫൈലിലും മറ്റ് വിശേഷങ്ങൾ സ്റ്റോറികളിലൂടെയുമാണ് പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ അവിടെ നിന്നുള്ള വിഘ്നേഷ് ശിവന്റെ ഏറ്റവും പുതിയ പോസ്റ്റാണ് വൈറലാകുന്നത്. പന്ത്രണ്ട് വർഷം മുമ്പുള്ള ഒരു ഓർമയാണ് വിക്കിയുടെ പോസ്റ്റിൽ നിറയുന്നത്. സംവിധായകരിൽ വളരെ കുറച്ചുപേർ മാത്രമാണ് സകലകലാവല്ലഭർ.
അത്തരത്തിൽ ഒരാളാണ് വിഘ്നേഷ് ശിവൻ. സംവിധാനം, ഗാനരചന, തിരക്കഥ രചന തുടങ്ങി സിനിമയിൽ വിക്കി കൈവെക്കാത്ത മേഖലകൾ വിരളമാണ്. 2007 മുതലാണ് തമിഴ് സിനിമയിൽ വിഘ്നേഷ് ശിവൻ പ്രവർത്തിച്ച് തുടങ്ങിയത്. 2012ൽ ആദ്യ സിനിമ സംവിധാനം ചെയ്തു. കഥയും വിഘ്നേഷിന്റേത് തന്നെയായിരുന്നു. സിമ്പുവും വരലക്ഷ്മി ശരത്ത്കുമാറും നായകനും നായികയുമായ പോടാ പോടിയായിരുന്നു ആദ്യ ചിത്രം.
ലണ്ടനിൽ സെറ്റിൽഡായ രണ്ട് ചെറുപ്പക്കാർ അവിചാരിതമായി പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും പിന്നീട് ഇരുവരും വിവാഹിതരായശേഷം നടക്കുന്ന ചില സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. റൊമാന്റിക്ക് കോമഡി ജോണറിൽ ഒരുക്കിയ സിനിമയിൽ ഏറ്റവും ഹിറ്റായത് വാലി എഴുതി സിമ്പു പാടിയ അപ്പൻ മവനെ വാടാ എന്ന സോങായിരുന്നു. അച്ഛൻ-മകൻ സ്നേഹമായിരുന്നു സോങിന്റെ തീം.
ഗാനം മുഴുവനായും ചിത്രീകരിച്ചത് ഹോങ്കോങിലെ ഡിസ്നി ലാന്റിലാണ്. അന്ന് ഡിസ്നി ലാന്റിൽ ഷൂട്ടിന് പെർമിഷൻ വാങ്ങാൻ വന്നപ്പോഴുള്ള തന്റെ അവസ്ഥയും ഇപ്പോൾ കുടുംബസമേതം വീണ്ടും വന്നപ്പോഴുള്ള സന്തോഷവുമാണ് കുറിപ്പിൽ വിഘ്നേഷ് ശിവൻ വിവരിച്ചിരിക്കുന്നത്. 12 വർഷം മുമ്പാണ് പോടാ പോടി സിനിമയുടെ ഷൂട്ടിങ്ങിന് അനുവാദം ചോദിച്ച് വള്ളി ചെരിപ്പും 1000 രൂപയുമായി ഇവിടെ വന്നത്.

ഇന്ന് എൻ്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളോടൊപ്പം കുടുംബമായി ഇവിടെയെത്താൻ സാധിച്ചപ്പോൾ വൈകാരികതയും സംതൃപ്തിയും തോന്നുന്നു എന്നാണ് വിഘ്നേഷ് ശിവൻ കുറിച്ചത്. ഡിസ്നി ലാന്റിന്റെ നെയിം ബോർഡിന് മുന്നിൽ മക്കളേയും എടുത്ത് നയൻതാരയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും വിഘ്നേഷ് ശിവൻ പങ്കിട്ടു. താരത്തിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ അപ്പൻ മവനെ വാടാ എന്ന സോങിനോടുള്ള ഇഷ്ടം വെളിപ്പെടുത്തി ആരാധകരും എത്തി.
എവിടെപ്പോയാലും മക്കളായ ഉയിരിനെയും ഉലകത്തെയും കൂടെകൂട്ടുന്നവരാണ് നയൻതാരയും വിഘ്നേഷ് ശിവനും. കഴിഞ്ഞ ദിവസം ഹോങ്കോങിലെ ഏറ്റവും വിലയേറിയ ലക്ഷ്വറി ഹോട്ടലുകളിൽ ഒന്നിലാണ് നയൻസും വിക്കിയും താമസിക്കുന്നത് എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. നയൻസും വിക്കിയും ഇവിടുത്തെ റോസ്‌വുഡ് ലക്ഷ്വറി ഹോട്ടലിലാണ് താമസം എന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications