'എന്റെ ചെല്ലത്തെ കുപ്പയിടുന്ന വണ്ടിയിലാണോ തള്ളിക്കൊണ്ട് കൊണ്ട് പോകുന്നത്'; വിഘ്നേശ് ശിവന് ട്രോൾ
മൂന്നാം വിവാഹ വാർഷിക ദിനം ആഘോഷിക്കുകയാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും. ഏഴ് വർഷത്തോളം നീണ്ട പ്രണയ ബന്ധത്തിന് ശേഷം 2022 ജൂൺ 9 ന് മഹാബലിപുരത്ത് വെച്ച് ആഘോഷകപൂർവം നയൻതാര-വിഘ്നേശ് ശിവൻ വിവാഹ ചടങ്ങ് നടന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഷാരൂഖ് ഖാൻ, രജിനികാന്ത് തുടങ്ങിയ പ്രമുഖ താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. വിവാഹത്തിന് രാഞ്ജിയെ പോലെ അണിഞ്ഞൊരുങ്ങിയ നയൻതാരയുടെ ദൃശ്യങ്ങൾ ആരാധകർ മറന്നിട്ടില്ല.
പരസ്പരം അങ്ങേയറ്റം സ്നേഹിക്കുന്നവരാണ് വിഘ്നേശും നയനും. നയൻതാര ആദ്യമായി അങ്ങോട്ട് ഇഷ്ടം പറഞ്ഞയാളാണ് വിഘ്നേശ്. കരിയറിൽ ഒന്നുമല്ലാതിരുന്ന വിഘ്നേശിനെ അതൊന്നും ഗൗനിക്കാതെ നയൻതാര സ്നേഹിച്ചു. വിഘ്നേശ് ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് നയൻതാര സംസാരിച്ചിട്ടുണ്ട്. നയൻതാരയ്ക്കൊപ്പമുള്ള ഫോട്ടോകൾ വിഘ്നേശ് എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

എന്നാൽ സോഷ്യൽ മീഡിയയിലെ ഇവരുടെ സ്നേഹ പ്രകടനം ഇഷ്ടപ്പെടാത്തവരുമുണ്ട്. വിവാഹവാർഷിക ദിനത്തിൽ വിഘ്നേശ് പങ്കുവെച്ച പോസ്റ്റിനും ട്രോളുകൾ വരുന്നുണ്ട്. സെെക്കിൾ റിക്ഷയിൽ നയൻതാരയെയും മക്കളെയും ഇരുത്തി കറങ്ങുന്ന ദൃശ്യങ്ങളാണ് വിഘ്നേശ് പങ്കുവെച്ചത്. ചിലർ ഷോ ഓഫ് എന്ന് പറഞ്ഞ് പതിവ് പോലെ കുറ്റപ്പെടുത്തി. എന്നാൽ ചിലർ രസകരമായ കമന്റുകളും പങ്കുവെച്ചു.
എന്റെ ചെല്ലത്തെ കുപ്പയിടുന്ന വണ്ടിയിലാണോ തള്ളിക്കൊണ്ട് കൊണ്ട് പോകുന്നതെന്നാണെന്ന് ഒരാളുടെ കമന്റ്. പ്രണയ റീലുകളെന്ന് കരുതി വിഘ്നേശ് പങ്കുവെക്കുന്ന പോസ്റ്റുകൾ ട്രോൾ കണ്ടന്റ് ആവുകയാണെന്നും കമന്റുണ്ട്. നെഗറ്റീവ് കമന്റുകൾ ഒഴിവാക്കാൻ വിഘ്നേശ് കമന്റ് ബോക്സ് ലിമിറ്റ് ചെയ്തിട്ടുണ്ട്. വിഘ്നേശിനും മക്കൾക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കാെണ്ടാണ് നയൻതാര വിവാഹ വാർഷിക ആശംസയറിയിച്ചത്.

ആരാണ് മറ്റൊരാളെ കൂടുതൽ സ്നേഹിക്കുന്നതെന്ന് നിങ്ങൾ പലപ്പോഴും ചിന്തിച്ചേക്കും. നിങ്ങൾക്ക് ഒരിക്കലും ഉത്തരം കണ്ടെത്താതിരിക്കട്ടെ. എങ്ങനെ ഞങ്ങളെ വിവരിക്കണമെന്ന് എനിക്കറിയില്ല. എന്റെ ആത്മാവ് ആഗ്രഹിച്ചതെല്ലാം നിന്നെയാണ്. എങ്ങനെയായിരിക്കണം സ്നേഹമെന്ന് നീ കാണിച്ച് തന്നു. വാർഷികാശംസകൾ പാർട്ണർ. എപ്പോഴും എന്നേക്കും സ്നേഹിക്കുന്നു എന്നാണ് നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്. പേളി മാണി ഉൾപ്പെടെ നിരവധി പേർ താര ദമ്പതികൾക്ക് ആശംസകൾ നേർന്നു.
2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാകുന്നത്. പ്രണയത്തിലായ കാര്യം സെറ്റിൽ ആരും അറിയാതിരിക്കാൻ ഇവർ ശ്രദ്ധിച്ചു. എന്നാൽ പിന്നീട് ഇവർ ഇക്കാര്യം തുറന്ന് പറഞ്ഞു. വിഘ്നേശിന്റെ കരിയറിൽ വഴിത്തിരിവായ സിനിമയാണ് നാനും റൗഡി താൻ. നയൻതാരയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. ഉയിർ,ഉലകം എന്നീ രണ്ട് ആൺമക്കളാണ് ദമ്പതികൾക്ക് പിറന്നത്. സരൊഗസിയിലൂടെയായിരുന്നു ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനം.
വിവാഹ ശേഷം കരിയറിനെ പോലെ കുടുംബ ജീവിത്തിനും നയൻതാര ശ്രദ്ധ നൽകുന്നു. മക്കൾക്കൊപ്പമുള്ള സമയം നഷ്ടപ്പെടാതിരിക്കാൻ നയൻതാര ശ്രദ്ധിക്കാറുണ്ട്. ഒന്നിലേറെ സിനിമകളുടെ തിരക്കിലാണ് നയൻതാര. തമിഴിൽ മൂക്കുത്തി അമ്മൻ ഉൾപ്പെടെയുള്ള സിനിമകൾ ഒരുങ്ങുന്നു. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമയാണ് റിലീസ് ചെയ്യാനുള്ളത്. നിവിൻ പോളിയാണ് നായകൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നയൻതാരയാണ് നായിക. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പമുള്ള സിനിമയും അണിയറയിൽ ഒരുങ്ങുന്നു. ടെസ്റ്റ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.


Click it and Unblock the Notifications











