അല്ലെങ്കിലേ മൊത്തം പ്രശ്നമാണ്, വിഘ്നേശിന് മനസിലാകുന്നില്ലേ, നയൻതാര ദേഷ്യത്തിലോ; സംഭവമിങ്ങനെ
എപ്പോഴും വാർത്താ പ്രാധാന്യം നേടുന്ന താര ദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. കരിയറിൽ രണ്ട് പേർക്കുമിത് മോശം സമയമാണ്. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ, പരാജയ സിനിമകൾ എന്നിവ ഇരുവരെയും ബാധിക്കുന്നുണ്ട്. വിഘ്നേശ് ശിവനാണ് ഏറ്റവും മോശം സാഹചര്യം. 2022 ലാണ് വിഘ്നേശിന്റെ അവസാനത്തെ റിലീസ്. കാത്തുവക്കലെ രണ്ട് കാതൽ എന്ന ഈ സിനിമ പരാജയപ്പെടുകയും ചെയ്തു. പിന്നീടൊരു പ്രൊജക്ട് ബിഗ് സ്ക്രീനിലെത്തിക്കാൻ വിഘ്നേശിന് സാധിച്ചിട്ടില്ല.
ഇതിനിടെ അജിത്ത് ചിത്രത്തിൽ നിന്നും നടന് പിന്മാറേണ്ടി വന്നു. വിഘ്നേശിന്റെ കഥയിൽ നിർമാതാക്കൾക്കുള്ള അതൃപ്തിയായിരുന്നു കാരണം. സൂപ്പർതാര ചിത്രത്തിൽ നിന്നും പിന്മാറേണ്ടി വന്നത് വിഘ്നേശിൽ മറ്റ് പ്രൊഡക്ഷൻ ഹൗസുകൾക്കുള്ള വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. ഇനിയൊരു വലിയൊരു പ്രൊജക്ട് വിഘ്നേശിന് ലഭിക്കുകയെന്നത് ശ്രമകരമാണ്.

ഈ സാഹചര്യത്തിലാണ് നയൻതാരയുടെയും വിഘ്നേശിന്റെയും പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ചേർസ് നിർമ്മിക്കുന്ന പ്രൊജക്ടുമായി വിഘ്നേശ് മുന്നോട്ട് പോയി. ലൗ ഇൻഷുറൻസ് കമ്പനി എന്നാണ് ഈ പ്രൊജക്ടിന്റെ പേര്. റൗഡി പിക്ചേർസും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം സെപ്റ്റംബർ 18ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു പദ്ധതി.
എന്നാൽ റിലീസ് അടുത്ത വർഷത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. പറഞ്ഞുറപ്പിച്ച ബഡ്ജറ്റും കടന്ന് നിർമാണ ചെലവുകൾ പോകുന്ന സാഹചര്യത്തിലാണ് റിലീസ് അനിശ്ചിതത്വത്തിലായതെന്ന് റിപ്പോർട്ടുകളുണ്ട്. ഇതേക്കുറിച്ച് ഔദ്യോഗിക പ്രസ്താവന വെെകാതെ വന്നേക്കും. ഈ വിവരം പുറത്ത് വന്നതിന് പിന്നാലെ തമിഴ് മീഡിയകളിൽ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. തീരുമാനിച്ചുറപ്പിച്ച ഡേറ്റിൽ സിനിമ റിലീസ് ചെയ്യാത്തതിൽ നയൻതാരയ്ക്ക് വിഘ്നേശിനോട് ദേഷ്യമുണ്ടെന്നാണ് ഒരു റിപ്പോർട്ടിലെ വാദം.

എൽഐകെയുടെ റിലീസ് നീളുന്നത് നയൻതാരയെ മറ്റാെരു തരത്തിലും ബാധിക്കും. ധനുഷുമായുള്ള കേസ് കോടതിയിൽ തുടരുകയാണ്. നാനും റൗഡി താനിലെ അണിയറ ദൃശ്യങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചു എന്നാരോപിച്ച് പത്ത് കോടിയാണ് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്.
കോടതിയിൽ ധനുഷ് ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്ന് വിഘ്നേശ് ശിവൻ സംവിധാനത്തിൽ കാണിച്ച കെടുകാര്യസ്ഥതയാണ്. ഇത് കാരണം നിർമാണ ചെലവ് കൂടിയെന്നും തനിക്ക് സാമ്പത്തിക നഷ്‌ടമുണ്ടായെന്നുമാണ് ധനുഷിന്റെ വാദം. വിഘ്നേശും നയൻതാരയും കാണിച്ച അനാസ്ഥ മൂലം ഷൂട്ടിംഗ് സുഗമമായി മുന്നോട്ട് പോയില്ലെന്നും ധനുഷ് ആരോപിക്കുന്നു. ഇപ്പോൾ എൽഐകെയുടെ പ്രൊഡക്ഷൻ ചെലവ് കൂടുന്നു എന്ന വാർത്തയും വന്നത് വിഘ്നേശിനെ കരിയറിൽ ഏറെ ബാധിച്ചേക്കും.
ഇപ്പോൾ തന്നെ നയൻതാരയോടുള്ള ഹേറ്റിന് ബലിയാടാകുന്നത് വിഘ്നേശ് ശിവന്റെ കരിയറാണെന്ന് സംസാരമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നെഗറ്റീവ് ഇമേജാണ് നയൻതാരയ്ക്ക് ജനങ്ങൾക്കിടയിലുള്ളത്. ഇത് വിഘ്നേശിനെയും ബാധിക്കുന്നുണ്ട്. കരിയറിൽ ശക്തമായ തിരിച്ച് വരവ് വിഘ്നേശ് ശിവന് അനിവാര്യമാണ്. ലെെക പ്രൊഡക്ഷൻസ് നിർമ്മിച്ച അജിത്ത് ചിത്രത്തിൽ നിന്നും വിഘ്നേശിനെ മാറ്റിയ ശേഷം പകരമെത്തിയത് സംവിധായകൻ മഗിഴ് തിരുമേനിയാണ്. വിടാമുയർച്ചിയാണ് ഈ പ്രൊജക്ട്. ചിത്രത്തിന് പക്ഷെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
പോടാ പോടീ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് കടന്ന് വന്ന വിഘ്നേശിന് കരിയറിൽ വഴിത്തിരിവാകുന്നത് നാനും റൗഡി താൻ എന്ന സിനിമയാണ്. നയൻതാര, വിജയ് സേതുപതി എന്നിവർ പ്രധാന വേഷം ചെയ്ത സിനിമ മികച്ച വിജയം നേടി. ധനുഷാണ് സിനിമ നിർമ്മിച്ചത്. നാനും റൗഡി താനിന് ശേഷം ഒരു ഹിറ്റ് സിനിമയും വിഘ്നേശിനില്ല.


Click it and Unblock the Notifications











