'എല്ലാം ജീവിതത്തിൻ്റെ ഭാഗമാണ്, ചെറുപ്പം മുതലേ എനിക്ക് ഒന്നിലും വിശ്വാസമില്ല'; മകളെ കുറിച്ച് വിജയ് ആന്റണി
നാളെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ഹിറ്റ്ലറിന്റെ പ്രമോഷൻ തിരക്കിലാണ് തമിഴ് നടൻ വിജയ് ആന്റണി. കഴിഞ്ഞ വർഷം ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയായിരുന്നു വിജയ് ആന്റണി കടന്നുപോയത്. കാരണം താരത്തിന്റെ മൂത്ത മകളും സ്കൂൾ വിദ്യാർത്ഥിനിയുമായ മീര കഴിഞ്ഞ വർഷമാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. പ്ലസ് ടുവിന് പഠിക്കുകയായിരുന്നു താരപുത്രി. പുലർച്ച ശബ്ദം കേട്ട് ചെന്ന വിജയ് ആന്റണി തന്നെയാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. നടന്‍, സംഗീത സംവിധായകന്‍ എന്നതിലുപരി ഒരു മോട്ടിവേഷന്‍ സ്പീക്കര്‍ കൂടിയായ വിജയ് ആന്റണി പക്ഷെ മകളുടെ മരണത്തോടെ ആകെ തകർന്ന അവസ്ഥയിലായിരുന്നു ഏറെനാൾ. മുമ്പും പ്രിയപ്പെട്ടവരുടെ വേർപാടുണ്ടാക്കിയ ഒറ്റപ്പെടൽ അനുഭവിച്ച് തന്നെയാണ് വിജയ് ആന്റണി ഇന്ന് കാണുന്ന പ്രശസ്തിയിലേക്ക് എത്തിയത്.

ചെറിയ വയസിലാണ് താരത്തിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്ത്. തന്നെ വിട്ടുപോയ വേദനയില്‍ വേദികളില്‍ എല്ലാം ആത്മഹത്യയ്ക്ക് എതിരെ സംസാരിച്ച ആളുമാണ് വിജയ് ആന്റണി. എന്നാൽ അവസാനം മകളും ആ വഴി തിരഞ്ഞെടുത്തുവെന്നതാണ് നടനെ വേദനയുടെ ആഴത്തിലേക്ക് തള്ളിവിട്ടത്. ഇപ്പോഴിതാ ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ വിജയ് തന്റെ പുതിയ സിനിമയെക്കുറിച്ചും തൻ്റെ വ്യക്തിപരമായ ജീവിതത്തിൽ നേരിട്ട ദുഷ്‌കരമായ സാഹചര്യങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞതാണ് ശ്രദ്ധിക്കപ്പെടുന്നത്.
അഭിമുഖത്തിനിടയിൽ വിജയ് തൻ്റെ മകളെ നഷ്ടപ്പെട്ടതിനെ കുറിച്ച് മാത്രമല്ല കുറച്ച് നാളുകൾക്ക് മുമ്പ് ഒരു അപകടത്തിൽ പെട്ടതിനെ കുറിച്ചും തുറന്ന് പറഞ്ഞു. ഒന്നും ബുദ്ധിമുട്ടേറിയ കാര്യമല്ല. ഇവിടെ സംഭവിക്കുന്നതെല്ലാം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്. ചെറുപ്പം മുതലേ എനിക്ക് ഒന്നിലും വിശ്വാസമില്ല.
ഒന്നുമറിയാത്തപ്പോൾ എവിടെ നിൽക്കാൻ പറ്റും?. ഒന്നുമില്ലാതാകുമ്പോൾ നമ്മൾ എന്തിൽ പിടിച്ച് നിൽക്കും എന്നാണ് വിജയ് ആന്റണി പറഞ്ഞത്. വിജയ് ആന്റണിയുടെ മകളുടെ മരണം തമിഴ് സിനിമാ മേഖലയിലെ ആളുകളെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു. വിഷമകരമായ സാഹചര്യത്തിൽ നടനേയും കുടുംബത്തേയും ആശ്വസിപ്പിക്കാൻ താരങ്ങളെല്ലാം എത്തിയിരുന്നു.
മകളുടെ മൃതദേഹത്തിൽ വീണ് പൊട്ടിക്കരയുന്ന വിജയ് ആന്റണിയുടെ വീഡിയോ വൈറലായിരുന്നു. മീരയെ കൂടാതെ ലാറ എന്നൊരു മകൾ കൂടി നടനുണ്ട്. മകളുടെ മരണശേഷം വിജയ് ആന്റണി പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റിൽ അവള്‍ക്കൊപ്പം താനും മരിച്ചു എന്നാണ് വിജയ് ആന്റണി കുറിച്ചത്. ഞാനും അവളോടൊപ്പം മരിച്ചു. ഞാനിപ്പോള്‍ അവളോടൊപ്പം സമയം ചിലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളില്‍ നിന്ന് ആരംഭിക്കും എന്നാണ് വിജയ് ആന്റണി അന്ന് കുറിച്ചത്. പ്രൊമോഷൻ സമയത്ത് താൻ ഷൂ ധരിക്കുന്നത് ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്നും പുതിയ അഭിമുഖത്തിൽ വിജയ് ആന്റണി വെളിപ്പെടുത്തി. ഷൂസ് ധരിക്കുന്നത് യഥാർത്ഥത്തിൽ എനിക്ക് ഒരു ആഡംബരമായിട്ടാണ് തോന്നാറുള്ളത്.
നിങ്ങൾ ഷൂ ധരിക്കുന്നു... നിങ്ങൾ ഇതുപോലുള്ള കാര്യങ്ങളിൽ ബന്ധിതരാണ്. മറുവശത്ത് ഞാൻ ആഡംബരത്തിൽ ജീവിക്കുന്നയാളാണെങ്കിലും ഇവയൊന്നും ഇല്ലാതെയും എനിക്ക് നടക്കാനും ജീവിക്കാനും സാധിക്കും. എപ്പോഴൊക്കെ കഷ്ടം വരുന്നുവോ അപ്പോഴെല്ലാം ഞാൻ ചെരുപ്പ് ധരിക്കാറുണ്ട്. ആവശ്യം വരുമ്പോൾ മാത്രമാണ് ഷൂസ് ധരിക്കുന്നത്. ഒട്ടുമിക്ക സമയങ്ങളിലും ചെരുപ്പില്ലാതെയാണ് എന്റെ സഞ്ചാരം.
ഭൗതിക വസ്തുക്കളിൽ നിന്ന് നിങ്ങൾ എത്രത്തോളം പിന്മാറുന്നുവോ അത്രയും വേഗം നിങ്ങൾ അത്തരം അവസ്ഥകളെ മറികടക്കും എന്നുമാണ് വിജയ് ആന്റണി പറഞ്ഞത്.


Click it and Unblock the Notifications











