'നിന്റെ ഓർമകളിൽ ഞാൻ മരിച്ചുകൊണ്ടിരിക്കുന്നു..., അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി വാ മോളെ'; ഫാത്തിമ
ജീവിതത്തിൽ ഒട്ടേറെ വിജയ പരാജയങ്ങൾ കണ്ടും അനുഭവിച്ചുമാണ് തമിഴ് നടനും സംവിധായകനും നിർമാതാവും ഗായകനുമെല്ലാമായ വിജയ് ആന്റണി ഇന്ന് തെന്നിന്ത്യൻ സിനിമയുടെ ഒരു പ്രധാന ഘടകമായി നിലകൊള്ളുന്നത്. കുടുംബമാണ് വിജയ്ക്കെല്ലാം.
തന്റെ രണ്ട് പെൺമക്കളിലാണ് വിജയ് ആന്റണിയുടെ ജീവശ്വാസം ഉണ്ടായിരുന്നത്. അതിൽ മൂത്ത മകൾ മീര വിജയ് ആന്റണി ഇക്കഴിഞ്ഞ സെപ്തംബർ 19നായിരുന്നു ഈ ലോകം വിട്ടുപോയത്. അതൊരു ആത്മഹത്യയായിരുന്നു.
പതിനാറ് വയസ് മാത്രം പ്രായമുള്ള വിദ്യാർത്ഥിനി എന്തിന് ഇത്തരമൊരു കടുംകൈ ചെയ്തുവെന്നതിന് ഇതുവരെയും ഉത്തരം കിട്ടിയിട്ടില്ല. പതിവുപോലെ രാത്രി ഉറങ്ങാൻ മുറിയിലേക്ക് പോയ മീരയെ പുലര്‍ച്ചെ മൂന്നുമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വിജയ് ആന്റണി ഉടൻ തന്നെ മകളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മകളുടെ ചേതനയറ്റ ശരീരം നോക്കി അലറിക്കരയുന്ന വിജയ് ആന്റണിയുടെ മുഖം ആരാധകരുടെ മനസിൽ നിന്നും പോയിട്ടില്ല. ഇപ്പോഴിതാ മകളുടെ വേർപാട് സംഭവിച്ച് ഒരു മാസത്തോട് അടുക്കാൻ പോകുമ്പോൾ ആദ്യമായി വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമ വിജയ് ആന്റണി മകളുടെ ഓർമകളിൽ ഉരുകി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
മീരയുടെ ഓർമകളിൽ താൻ മരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഫാത്തിമ കുറിച്ചത്. ഒപ്പം മകളുടെ മനോഹരമായ ഒരു ചിത്രവും ഫാത്തിമ പങ്കുവെച്ചു. 'നീ പതിനാറ് വയസുവരെ മാത്രമെ ജീവിക്കുകയുള്ളൂവെന്ന് എനിക്ക് അറിയില്ലായിരുന്നു.'
'അത് എനിക്ക് അറിയുമായിരുന്നെങ്കിൽ നിന്നെ ഞാൻ സൂര്യനെയും ചന്ദ്രനെയും പോലും കാണിക്കാതെ എന്റെ അത്ര അടുത്ത് കാത്തുവെച്ചേനെ. നിന്റെ ഓർമ്മകളിലും ചിന്തകളിലും മുങ്ങി ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്. നീയില്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ കഴിയുന്നില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി വാ മോളെ... ലാറയും നിനക്ക് വേണ്ടി കാത്തിരിക്കുന്നു. ലവ് യൂ തങ്കം...', എന്നാണ് മകൾ മീരയെ കുറിച്ച് ഫാത്തിമ കുറിച്ചത്.
ഫാത്തിമയുടെ കുറിപ്പ് വൈറലായതോടെ താരപത്നിയെ ആശ്വസിപ്പിച്ച് നിരവധി പേരാണ് എത്തിയത്. അമ്മയുടെ സ്നേഹം അഗാധമായ സമുദ്രത്തേക്കാൾ ആഴമുള്ളതാണ്. നിങ്ങളുടെ സങ്കടം വിവരിക്കാൻ വാക്കുകളില്ല. ഈ വിയോഗം താങ്ങാനുള്ള എല്ലാ ശക്തിയും നിങ്ങൾക്കും കുടുംബത്തിനും ലഭിക്കട്ടെ.

മീര എപ്പോഴും കൂടെയുണ്ടാകും എന്നാണ് ഒരു ആരാധിക കുറിച്ചത്. മീര മരിച്ചപ്പോൾ താനും ഒപ്പം മരിച്ചുവെന്നാണ് വിജയ് ആന്റണി അടുത്തിടെ പറഞ്ഞത്. 'പ്രിയപ്പെട്ടവരേ... എന്‍റെ മകൾ മീര സ്‌നേഹവും ധൈര്യവുമുള്ള പെൺകുട്ടിയാണ്. ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും വിദ്വേഷവും ഇല്ലാത്ത ഈ ലോകത്തെക്കാൾ മികച്ചതും സമാധാനപരവുമായ ഒരു സ്ഥലത്താണ് അവൾ ഇപ്പോൾ.'
'അവൾ ഇപ്പോഴും എന്നോട് സംസാരിക്കുന്നു. ഞാനും അവളോടൊപ്പം മരിച്ചു. ഞാൻ ഇപ്പോൾ അവൾക്കായി സമയം ചെലവഴിക്കാൻ തുടങ്ങിയിരിക്കുന്നു', എന്നാണ് വിജയ് ആന്‍റണി കുറിച്ചത്. മകൾ മരിച്ച് ഒമ്പത് ദിവസം പിന്നിട്ടപ്പോൾ ഇളയമകൾ ലാറയ്ക്കൊപ്പം വിജയ് ആന്റണി സിനിമാ പ്രമോഷന് എത്തിയത് വാർത്തയായിരുന്നു.
ദുഖം കടിച്ചമർത്തി ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ വിജയ് സജീവമായി പങ്കെടുത്തു. ലാറയുടെ കയ്യിൽ നിന്നും ഒരു മിനിറ്റ് പോലും പിടിവിട്ട് പോയിരുന്നില്ല വിജയ് ആന്റണി. വ്യക്തിപരമായ ദുഖത്തിലും നിർമാതാക്കളെയും പ്രേക്ഷകരെയും മനസിൽ കണ്ട് പ്രൊമോഷണൽ അഭിമുഖങ്ങളിൽ പങ്കെടുക്കാൻ മനസ് കാട്ടിയ വിജയിയെ ആരാധകർ അടക്കം നിരവധിപേർ അഭിനന്ദിച്ചു. ലോകത്തിൽ മറ്റൊരു വിജയ് ആന്റണി ഉണ്ടാവില്ല. താങ്കൾ ഏവർക്കും പ്രചോദനമാണ് എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്.


Click it and Unblock the Notifications











