'ഇപ്പോഴും തകർന്ന ഹൃദയത്തിന്റെ ഭാഗവുമായി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ്'; മകളുടെ പിറന്നാൾ ദിനത്തിൽ ഫാത്തിമ
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സിനിമാ ലോകത്തെ ഒട്ടാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു വിജയ് ആന്റണിയുടെ മകൾ മീര വിജയ് ആന്റണി ആത്മഹത്യ ചെയ്തു എന്ന വാർത്ത പുറത്ത് വന്നത്. മരിക്കുമ്പോൾ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു മീര. വിജയ് ആന്റണിയുടെ മകളുടെ ആത്മഹത്യ തമിഴകത്ത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.
മാനസിക സംഘർഷങ്ങളെ തുടർന്നാണ് മീര ആത്മഹത്യ ചെയ്തതെന്നാണ് പിന്നീട് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ മകളുടെ പിറന്നാൾ ദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് വിജയ് ആന്റണിയുടെ ഭാര്യയും നിർമാതാവുമായ ഫാത്തിമ വിജയ് ആന്റണി. എക്സിലാണ് മകളെ കുറിച്ച് ഫാത്തിമ എഴുതിയത്.

ഇപ്പോഴും തകർന്ന ഹൃദയത്തിന്റെ ഭാഗവുമായി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് താനെന്നാണ് ഫാത്തിമ കുറിച്ചത്. മീര നീ നല്ലതും വികൃതി നിറഞ്ഞതുമായ ഓർമ്മകൾ അവശേഷിപ്പിച്ചു. നിനക്ക് ഒരുപാട് പദ്ധതികൾ ഉണ്ടായിരുന്നു... എന്നാൽ ദൈവത്തിൻ്റെ പദ്ധതി മറ്റൊന്നായിരുന്നു. ഇന്ന് നിനക്ക് 18 വയസ് തികയുമ്പോൾ അമ്മ ഇപ്പോഴും ഹൃദയത്തിൻ്റെ തകർന്ന കഷണങ്ങൾ ശേഖരിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുകയാണ്.
ജന്മദിനാശംസകൾ മീര വിജയ് ആൻ്റണി... മിസ് ഐ തങ്കം.... എന്നാണ് ഫാത്തിമ കുറിച്ചത്. നിരവധി ആരാധകർ ഫാത്തിമയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തി. മകളുടെ മരണശേഷം അവളുടെ പേര് കൂടി തന്റെ പേരിനൊപ്പം ഫാത്തിമ ചേർത്തിട്ടുണ്ട്. മകളുടെ ഓർമകൾ വരുമ്പോൾ ഇടയ്ക്ക് അവളുടെ ചിത്രങ്ങളും കുറിപ്പും ഫാത്തിമ പങ്കുവെക്കാറുണ്ട്. മീരയെ കൂടാതെ ലാറ എന്നൊരു മകൾ കൂടി ഫാത്തിമയ്ക്കുണ്ട്.
ചലനമറ്റ് വീട്ടിലേക്ക് എത്തിയ മകളുടെ മൃതദേഹത്തിൽ കെട്ടിപിടിച്ച് കിടന്ന് കരയുന്ന വിജയ് ആന്റണിയുടെ വീഡിയോ വൈറലായിരുന്നു. താനും മകൾക്കൊപ്പം മരിച്ചു എന്നാണ് മീരയുടെ മരണശേഷം വിജയ് ആന്റണി കുറിച്ചത്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയിരുന്ന വിദ്യാർത്ഥിനിയായിരുന്നു മീര. സുഹൃത്തുക്കൾക്കെല്ലാം മീരയെ കുറിച്ച് നല്ലത് മാത്രമെ പറയാനുണ്ടായിരുന്നുള്ളു.
പ്രിയപ്പെട്ടവരേ... എന്‍റെ മകൾ മീര സ്‌നേഹവും ധൈര്യവുമുള്ള പെൺകുട്ടിയാണ്. ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും വിദ്വേഷവും ഇല്ലാത്ത ഈ ലോകത്തെക്കാൾ മികച്ചതും സമാധാനപരവുമായ ഒരു സ്ഥലത്താണ് അവൾ ഇപ്പോൾ. അവൾ ഇപ്പോഴും എന്നോട് സംസാരിക്കുന്നു. ഞാനും അവളോടൊപ്പം മരിച്ചു. ഞാൻ ഇപ്പോൾ അവൾക്കായി സമയം ചെലവഴിക്കാൻ തുടങ്ങിയിരിക്കുന്നു.

ഞാന്‍ തുടങ്ങുന്ന ഏതൊരു നല്ല കാര്യവും അവളുടെ പേരിലായിരിക്കും. എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു എന്നാണ് വിജയ് ആന്റണി കുറിച്ചത്. മുമ്പും മകളെ കുറിച്ചുള്ള കുറിപ്പുകൾ ഫാത്തിമ പങ്കുവെച്ചിട്ടുണ്ട്. പൊതുവേദികളിലെല്ലാം ആത്മഹത്യ പ്രവണതയുള്ളവര്‍ക്ക് സ്ഥിരമായി സന്ദേശം നല്‍കുന്ന വ്യക്തിയാണ് വിജയ് അന്റണി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മകൾ ജീവിതം ഇല്ലാതാക്കാൻ ഇങ്ങനൊരു വഴി തെരഞ്ഞെടുത്തത് പ്രേക്ഷകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.
മകൾ മാത്രമല്ല താരത്തിന്റെ അച്ഛനും ചെറുപ്രായത്തിൽ ആത്മഹത്യ ചെയ്തിരുന്നു. ആ സംഭവത്തിനുശേഷമാണ് അത്തരം പ്രവണതകൾ ആളുകളിൽ ഉണ്ടാകാതിരിക്കാൻ വിജയ് ആന്റണി പ്രസംഗിച്ച് തുടങ്ങിയത്. മകളുടെ വേർപാട് സംഭവിച്ച് പത്താം ദിവസം തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനായി വിജയ് ആന്റണി എത്തിയതും വാർത്തയായിരുന്നു.
ജീവിതത്തിൽ അത്രയും തീവ്രമായ അനുഭവങ്ങൾ ഉണ്ടാവുമ്പോൾ സ്വാഭാവികമായി വന്ന് പോകുന്നതാണ്. എല്ലാത്തിനെയും നേരിട്ടല്ലേ പറ്റൂ. കഴിഞ്ഞതൊന്നും ഞാൻ മറക്കാറില്ല. അത് എന്റെ ചിന്തകളെയും മനസിനെയും കൂടുതൽ ശക്തമാക്കും. അതുകൊണ്ടാകാം ഇങ്ങനെ ആകുന്നത് എന്നാണ് തന്റെ പോസിറ്റിവിറ്റിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി അന്ന് ചടങ്ങിൽ വെച്ച് വിജയ് ആന്റണി പറഞ്ഞത്.


Click it and Unblock the Notifications











