ജീവിതത്തിൽ മാറ്റാനാഗ്രഹിക്കുന്ന കാര്യം; സഹായമനസ്കത വില്ലനായോ?; വിജയ് ബാബു പറയുന്നു
ടെലിവിഷൻ രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വിജയം കൈവരിച്ച താരമാണ് വിജയ് ബാബു. മലയാള സിനിമയിലെ പ്രമുഖ നിർമാതാവ് എന്നതിനൊപ്പം ഒരുപിടി ശ്രദ്ധേയ സിനിമകളിൽ അഭിനയിക്കാനും വിജയ് ബാബുവിന് കഴിഞ്ഞു. മങ്കിപെൻ, ആട്, ഹോം തുടങ്ങി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരുപിടി സിനിമകൾ ഇദ്ദേഹം നിർമ്മിച്ചു. കരിയറിലെ ഉയർച്ചകൾക്കൊപ്പം വിവാദങ്ങളും വിജയ് ബാബുവിനെ തേടി വന്നു. നിർമാതാവ് സാന്ദ്ര തോമസുമായുള്ള പ്രശ്നം, യുവ നടി ഉന്നയിച്ച ആരോപണങ്ങൾ തുടങ്ങി പല ഘടകങ്ങൾ ഇതിന് കാരണമായി.
അതേസമയം സിനിമാ രംഗത്ത് ഇന്നും വിജയ് ബാബുവിന് വലിയ സ്വീകാര്യതയുണ്ട്. യുവനടിയുടെ ആരോപണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കെട്ടടങ്ങിയിരിക്കെ വീണ്ടും സിനിമകളിൽ സജീവമാവുകയാണ് താരം. പെൻഡുലം ആണ് വിജയ് ബാബുവിന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.അനു മോളും വിജയ് ബാബുവുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ വിജയ് ബാബു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരാളുടെ സങ്കടം കണ്ടോ കഴിവ് കണ്ടോ അവരെ കയറ്റി വിടാം എന്ന് തോന്നിയാൽ അവരെ സഹായിക്കും. ചിലപ്പോൾ അവരിൽ ചിലർ മോശമായിരിക്കും. പക്ഷെ സഹായിക്കുന്ന മനസ്സ് തനിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് വിജയ് ബാബു വ്യക്തമാക്കി. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ടൈം ട്രാവലിൽ ജീവിതത്തിലെ പഴയകാലത്തേക്ക് പോയാൽ എന്താണ് മാറ്റാനാഗ്രഹിക്കുന്നതെന്ന ചോദ്യത്തിനും വിജയ് ബാബു മറുപടി നൽകി. ചില മോശം ശീലങ്ങൾ ഒഴിവാക്കുമായിരുന്നു. ടീനേജിൽ ശീലിച്ച ചില കാര്യങ്ങൾ. അതെന്താണെന്ന് പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് വിജയ് ബാബു വ്യക്തമാക്കി. ആത്മവിശ്വാസമാണ് സ്വയം അഭിമാനം തോന്നുന്ന കാര്യം. ഒരു കാര്യം നേടാനാഗ്രഹിച്ചാൽ അതിന് വേണ്ടി പരമാവധി ശ്രമിക്കുമെന്നും വിജയ് ബാബു പറഞ്ഞു.

അടുത്തിടെ വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള പ്രശ്നം വീണ്ടും ചർച്ചയായിരുന്നു. യുവനടിയുടെ പരാതി വിവാദമായിരിക്കെ വിജയ് ബാബു സൈക്കോ ആണെന്ന് സാന്ദ്രാ തോമസ് ആക്ഷേപിച്ചു. എന്നാൽ ഈ പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് നൽകിയ അഭിമുഖത്തിൽ സാന്ദ്ര തുറന്ന് പറഞ്ഞു. സാന്ദ്രയുടെ ആക്ഷേപത്തോട് പ്രതികരിക്കാൻ വിജയ് ബാബുവും തയ്യാറായിരുന്നില്ല. തങ്ങൾ തമ്മിലുണ്ടായ പ്രശ്നത്തെക്കുറിച്ച് പരോക്ഷമായി ഒരിക്കൽ വിജയ് ബാബു സംസാരിച്ചിട്ടുണ്ട്.
ഏത് പാർട്ണർഷിപ്പും നന്നായി പോകണമെങ്കിൽ ഓരോരുത്തരുടെയും സ്ഥാനങ്ങൾ ആദ്യമേ തീരുമാനിക്കണമെന്ന് അന്ന് നിർമാതാവ് അഭിപ്രായപ്പെട്ടു. സിനിമയായാലും ജീവിതം ആയാലും അങ്ങനെയാണ്. ഒപ്പമുള്ളയാൾ ജോലി ചെയ്യാതിരുന്നാലോ അവരുമായി എന്തെങ്കിലും ഈഗോ പ്രശ്നം വന്നാലോ ആ ബന്ധം അവിടെ വെച്ച് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും വിജയ് ബാബു പറഞ്ഞു.
സിനിമയിൽ വീണ്ടും സജീവമാകുന്നതിനക്കുറിച്ച് അടുത്തിടെ വിജയ് ബാബു സംസാരിച്ചിരുന്നു. ജീവിതമെന്നത് കയറ്റവും ഇറക്കവും ഉള്ളതാണ്. അവിടെ നമ്മൾ തളരാതെ പിടിച്ച് നിൽക്കുകയാണ് വേണ്ടത്. കാരണം കുടുംബവും ജോലിക്കാരും അടക്കം ഒരുപാട് പേർ നമ്മളെ ആശ്രയിച്ച് കഴിയുന്നുണ്ട്. ഒരുപാട് പേർ എന്റെ തിരിച്ച് വരവ് ആഗ്രഹിക്കുന്നുണ്ട്. തളരാതെ മുന്നോട്ട് പോകുകയാണ് വേണ്ടത്. ഈ തിരിച്ച് വരവ് അതിന്റെ ഭാഗമായാണെന്നും വിജയ് ബാബു അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications











