ദേഷ്യം വന്നാൽ വിനായകൻ ഇറങ്ങിപ്പോകും, അനുനയിപ്പിക്കാൻ പാടാണ്. പക്ഷെ...; വിജയ് ബാബു പറയുന്നു
നടൻ വിനായകനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ച് നിർമാതാവ് വിജയ് ബാബു. വളരെ നല്ല ആക്ടറാണ് വിനായകൻ. അദ്ദേഹത്തിന്റെ പേഴ്സണൽ കാര്യങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. വളരെ പ്രൊഫഷണലാണ്. എന്ത് പ്രശ്നമുണ്ടെങ്കിലും പുള്ളി ഏഴ് മണി എന്ന് പറഞ്ഞാൽ ഏഴ് മണിക്ക് സെറ്റിലെത്തും. ക്യാരക്ടറിലേക്ക് കയറിക്കഴിഞ്ഞാൽ പുള്ളി വേറൊരു മനുഷ്യനാണ്. പുള്ളി തരുന്ന പെർഫോമൻസിന് സമാനതകളില്ല. സെറ്റിന് പുറത്തെ കാര്യങ്ങൾ നമ്മൾ നോക്കേണ്ടതില്ല.
എല്ലാ സിനിമയിലേതും പോലെ ക്രിയേറ്റീവായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ചില കാര്യങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ ആദ്യം മുന്നറിയിപ്പ് നൽകും. ഇനിയിങ്ങനെ ഉണ്ടാകരുതെന്ന് പറയും. പിന്നെ ഇറങ്ങിപ്പോകും. അനുനയിപ്പിക്കാൻ പാടാണ്. പക്ഷെ പുള്ളി സ്വയം അനുനയിച്ച് തിരിച്ച് വരുമെന്നും വിജയ് ബാബു പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. വിജയ് ബാബു നിർമ്മിക്കുന്ന ആട് ത്രീയിൽ വിനായകൻ പ്രധാന വേഷങ്ങളിലൊന്ന് ചെയ്യുന്നുണ്ട്.

മുമ്പൊരിക്കൽ സംവിധായകൻ എംഎ നിഷാദും വിനായകനെക്കുറിച്ച് സംസാരിച്ചിരുന്നു. വിനായകൻ നല്ലൊരു പെർഫോമറാണ്. ഒരു നടനെ അയാളുടെ പെർഫോമൻസ് കൊണ്ടാണ് വിലയിരുത്തേണ്ടത്. അയാളുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് പോകേണ്ട എന്ന അഭിപ്രായം എനിക്കുണ്ട്. ജയിലർ എന്ന സിനിമയിൽ മറ്റാരേക്കാളും നന്നായി പെർഫോം ചെയ്തിരിക്കുന്നത് വിനായകനാണ്. അതിനനുസരിച്ച പ്രതിഫലം പിന്നീടുള്ള സിനിമകളിൽ കിട്ടിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തോട് മാത്രം ചിറ്റമ്മ നയം ഉണ്ടോ എന്നെനിക്കറിയില്ല. വിനായകൻ പറയുന്നത് മാത്രം വിവാദമാകുന്നു. അതിനേക്കാൾ രൂക്ഷമായ ഭാഷയിൽ വിനായകനേക്കാൾ വലിയ നിലയിലുള്ളവർ പറയുന്നു. അതിനെ വെള്ള പൂശുകയും വിനായകനെ കറുപ്പടിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നാണ് എംഎ നിഷാദ് പറഞ്ഞത്.
പല തവണ വിവാദങ്ങളിൽ അകപ്പെട്ട നടനാണ് വിനായകൻ. അപമര്യാദയോടെയുള്ള പെരുമാറ്റം, അസഭ്യം പറച്ചിൽ തുടങ്ങിയവയാണ് വിനായകനെതിരെ വരുന്ന പരാതികൾ. പല തവണ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായി. അതേസമയം സിനിമാ രംഗത്ത് വിനായകന് സിനിമാ രഗത്ത് നിന്നും വലിയ പിന്തുണയുണ്ട്. കളംകാവൽ ആണ് വിനായകന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മമ്മൂട്ടിക്കൊപ്പമാണ് ചിത്രത്തിൽ വിനായകൻ അഭിനയിച്ചത്.
ആട് 3 യുടെ ഷൂട്ടിംഗിനിടെ വിനായകന് കഴുത്തിന് പരിക്കേറ്റിരുന്നു. കഴുത്തിലെ ഞരമ്പുകൾക്ക് ക്ഷതമുണ്ടായെന്നും ചികിത്സ വെെകിയിരുന്നെങ്കിൽ തളർന്ന് പോകുമായിരുന്നെന്നും വിനായകൻ മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ വിനായകന് നേരെ ട്രോളുകളും വിമർശനങ്ങളും വന്നു. കർമ്മഫലം ആണെന്നായിരുന്നു കമന്റുകൾ. വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവരെ വിശ്വസിച്ച് ചെയ്ത ജോലിക്കിടെയാണ് പറ്റിയ പരിക്കാണ്. വിനായകൻ ചത്താലും ജീവിച്ചാലും ഈ ലോകത്ത് ഒന്നും സംഭവിക്കാനില്ല. കർമ്മ എന്താണെന്ന് നീയൊന്നും വിനായകനെ പഠിപ്പിക്കേണ്ട. വിനായകന്റെ കർമ്മഫലം വിനായകൻ അനുഭവിച്ചോളും. അത് കൊണ്ട് പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ട് വേണ്ട എന്നായിരുന്നു വിനായകന്റെ പ്രതികരണം.


Click it and Unblock the Notifications











