ആരും സ്പേസുണ്ടാക്കി കൊടുത്തത് കൊണ്ടല്ല, റിമ കല്ലിങ്കലുമായുള്ള സൗഹൃദത്തിൽ വന്ന മാറ്റം: വിജയ് ബാബു
ലോക പോലൊരു സിനിമ ഉണ്ടായതിന് പിന്നിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമില്ലാത്തതിന്റെ പേരിൽ ശബ്ദിച്ച നടിമാർക്കും പങ്കുണ്ടെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് നിർമാതാവ് വിജയ് ബാബു. സ്ത്രീ കേന്ദ്രീകൃത സിനിമകൾ എന്നും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ഞാൻ തന്നെ ജൂൺ എന്ന സിനിമ ചെയ്തിട്ടുണ്ട്. കീറി മുറിച്ച് പറയേണ്ട കാര്യമില്ല. വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളും സ്ത്രീകൾ മുഖ്യ വേഷം ചെയ്യുന്ന സിനിമകളും ഇവിടെ കാലാകാലങ്ങളായി വരുന്നുണ്ട്. ഓരോ കാലത്തിനും അനുയോജ്യമായ ബിഗ് ബഡ്ജറ്റ് സിനിമകൾ.
ഹൗ ഓൾഡ് ആർ യു ആ കാലത്തെ നല്ല ബഡ്ജറ്റുള്ള സിനിമയാണ്. ലോകയുടെ വിജയം ദുൽഖർ സൽമാനും സംവിധാനം ചെയ്ത അരുൺ ഡൊമിനിക്കിനും മാത്രമുള്ളതാണ്. ആരും സ്പേസുണ്ടാക്കി കൊടുത്തത് കൊണ്ടല്ല. ഒരു സിനിമയിൽ കേന്ദ്ര കഥാപാത്രം പുരുഷനാകുമ്പോഴും ശക്തമായ സ്ത്രീ കഥാപാത്രമുണ്ടാകും. ദേവാസുരം, കന്മദം തുടങ്ങിയ സിനിമകൾ ഇതിനുദാഹരണമാണെന്നും വിജയ് ബാബൂ പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. നടി റിമ കല്ലിങ്കലുമായുള്ള സൗഹൃദം ഇല്ലാതായതിനെക്കുറിച്ചും വിജയ് ബാബു സംസാരിച്ചു.

പല ഇക്വേഷൻസും ഇൻഡസ്ട്രിയിൽ മാറിപ്പോയി. സുഹൃദ്ബന്ധങ്ങൾ സിനിമാ രംഗത്ത് അത്രയും ശക്തമായുള്ളത് അപൂർവമാണ്. കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. റിഗ്രെറ്റ് ഇല്ലെന്നും വിജയ് ബാബു പറയുന്നു. നേരത്തെ ടോക്സിക് സിനിമയുടെ ടീസറിലെ ഇന്റിമേറ്റ് രംഗങ്ങൾ വിവാദമായപ്പോൾ സംവിധായിക ഗീതു മോഹൻദാസിനെതിരെയും ഡബ്ല്യുസിസിക്കെതിരെയും വിജയ് ബാബു പരാമർശം നടത്തിയിരുന്നു.
ഇരട്ടത്താപ്പിന്റെ രാഞ്ജിമാരെക്കുറിച്ച്. അവർ പറയുന്ന കഥകളെക്കുറിച്ച് പറഞ്ഞാൽ അവസാനിക്കില്ല. അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ട് നിൽക്കുന്നു. കാരണം അവർക്ക് എല്ലാ പ്രിവിലേജുമുണ്ട്. എല്ലായ്പ്പോഴും അവരുടെ സൗകര്യത്തിന് അനുസരിച്ച് വാക്കുകളും പ്രവൃത്തികളും അവർക്ക് സൗകര്യപ്രദമായ രീതിയിൽ വളച്ചൊടിക്കുന്നു.
കലക്ടീവ് എന്ന് പറയപ്പെടുന്ന ഈ സ്ത്രീകൾ ഒരു പുരുഷനെ ആക്രമിക്കാൻ തോന്നുമ്പോൾ സ്വന്തം താൽപര്യങ്ങൾക്കായി കൂട്ടമായി ആക്രമിക്കുന്നു. അടുത്തയാളെ കിട്ടുന്നത് വരെ പിരിഞ്ഞ് പോകുന്നു. എന്നാൽ സ്വന്തമായി സ്റ്റാൻഡേർഡോ സമ്പ്രദായങ്ങളോ ഇല്ല. വാലും തലയുമില്ല, ധാർമികതയുമില്ല. നയങ്ങളും നിയമങ്ങളുമില്ല. സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് എന്നാണ് വിജയ് ബാബു കുറിച്ചത്.


Click it and Unblock the Notifications











