വെള്ളം പോലും കുടിച്ചില്ലെന്ന്, ഇന്ന് തുള്ളിച്ചാടുന്നു; 41 മരണം വിജയ് എത്ര പെട്ടെന്നാണ് മറന്നത്; ചർച്ച
കഴിഞ്ഞ ദിവസമായിരുന്നു മലേഷ്യയിൽ വെച്ച് വിജയ് ചിത്രം ജനനായകന്റെ ഓഡിയോ ലോഞ്ച്. വൻ ജനാവലിയാണ് ഇവന്റിന് എത്തിയത്. ആരാധകർക്ക് മുന്നിൽ വിജയ് വെെകാരികമായാണ് സംസാരിച്ചത്. ജനനായകന് ശേഷം സിനിമാ രംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് മാത്രം ശ്രദ്ധ കൊടുക്കാനൊരുങ്ങുകയാണ് വിജയ്. പ്രിയ നായകനെ ഇനി സിനിമകളിൽ കാണാനാകില്ലല്ലോയെന്ന വിഷമം ആരാധകർക്കുണ്ട്. സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ജനനായകന്റെ ഓഡിയോ ലോഞ്ചിനെത്തിയ ജനക്കൂട്ടമാണ്.
ഒരു ലക്ഷത്തോളം പേർ കാണികളായി എത്തിയെന്നാണ് വിവരം. ഇന്ത്യക്ക് പുറത്ത് മറ്റൊരു രാജ്യത്ത് നടത്തിയ ഓഡിയോ ലോഞ്ചിലാണ് ഇത്രയും ജനാവലി എന്നതും എടുത്ത് പറയേണ്ടതാണ്. മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ വലിയ ആരാധക വൃന്ദം വിജയ്ക്കുണ്ട്. കരൂർ ദുരന്തം നടന്ന് മൂന്ന് മാസം പിന്നിടാനിരിക്കെയാണ് ഓഡിലോ ലോഞ്ച്. 41 പേരാണ് 2025 സെപ്റ്റംബർ 27 ന് കരൂർ ദുരന്തത്തിൽ മരിച്ചത്.

വിജയുടെ രാഷ്ട്രീയ പരിപാടിക്ക് എത്തിയതായിരുന്നു ഇവർ. തിക്കിലും തിരക്കിലും പെട്ടാണ് മരണം. നിരവധി പേർക്ക് പരിക്കേറ്റു. വിജയ് സംഭമറിഞ്ഞ് ഉടനെ സംഭവ സ്ഥലത്ത് നിന്ന് പോയി. മാധ്യമങ്ങളോട് സംസാരിച്ചില്ല. വിജയ്ക്കെതിരെ വ്യാപക വിമർശനമാണ് അന്ന് വന്നത്. സ്ഥലപരിമിതിയുള്ള സ്റ്റേഡിയത്തിൽ ഇത്രയും ജനക്കൂട്ടത്തെ ഉൾപ്പെടുത്തി പരിപാടി നടത്തിയെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണിതെന്നും ആവശ്യപ്പെട്ട സ്ഥലം സർക്കാർ അനുവദിച്ചില്ലെന്നും വാദം വന്നു.
എന്ത് തന്നെയായാലും 41 മരണങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് വിജയിനെ പൂർണമായും ഒഴിവാക്കാൻ മിക്കവരും തയ്യാറായില്ല. ഇപ്പോഴും ഈ വിമർശനം ഉന്നയിക്കുന്നവരുണ്ട്. ജനനായകൻ ഓഡിയോ ലോഞ്ചിൽ വിജയ് ആഹ്ലാദത്തിൽ ഡാൻസ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കുറച്ച് മാസങ്ങൾ കൊണ്ട് താനും കൂടി കാരണക്കാരനായ ദുരന്തം വിജയ് മറന്നല്ലോ എന്ന് നിരവധി പേർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കരൂർ ദുരന്തത്തിന് ശേഷം വിജയ്ക്ക് കുറച്ച് ദിവസങ്ങൾ കടുത്ത മനോവിഷമത്തിലായിരുന്നെന്നും വെള്ളം പോലും കുടിക്കുന്നില്ലെന്നാണ് വിജയ് അനുകൂലികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം വിജയ് മരണപ്പെട്ടവരുടെ കുടുംബത്തെ വിളിച്ച് വരുത്തി ഇവരോട് സംസാരിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











