രജനികാന്ത് ഭയന്ന് നിന്നിടം കമൽഹാസൻ പരാജയപ്പെട്ട സ്ഥലം, വിജയ് നടത്തിയത് ഒറ്റയാൾ പോരാട്ടം, ഒരു അവസരം നൽകണം!
തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായിരുന്നതിനെക്കാൾ ത്രില്ലിങും ട്വിസ്റ്റും ടേണിങിസും നിറഞ്ഞതാണ് തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം. നൂറിന് മുകളിൽ സീറ്റ് നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനുള്ള യാത്രയിൽ താരത്തിന് ദിനംപ്രതി കടമ്പകൾ കൂടുകയാണ്. സർക്കാർ രൂപീകരിക്കാൻ ടിവികെ നേതാവ് വിജയ് ഉന്നയിച്ച അവകാശവാദം ഗവർണർ സ്വീകരിച്ചിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല.
118 എംഎൽഎമാരുടെ പിന്തുണയില്ലാതെ ക്ഷണിക്കില്ലെന്നാണ് ഗവർണർ വ്യക്തമാക്കിയത്. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാരിനുള്ള ചർച്ചകളും സജീവമാണ്. വിജയ് മുഖ്യമന്ത്രിയാകുമോ എന്നറിയാനാണ് തമിഴ്നാടും കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളും കാത്തിരിക്കുന്നത്.

അതേസമയം ഇപ്പോഴിതാ സംവിധായകൻ വിനയൻ വിജയിയെ പ്രശംസിച്ച് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. രാഷ്ട്രീയ കുതന്ത്രജ്ഞന്മാർ വളഞ്ഞിട്ട് ആക്രമിച്ച് ഒതുക്കാതെ ഒരു അവസരം വിജയ്ക്ക് നൽകണമെന്ന് വിനയൻ കുറിച്ചു. സംവിധായകന്റെ കുറിപ്പ് ഇങ്ങനെ... രാഷ്ട്രീയ ചരിത്രത്തിലും സിനിമാ രംഗത്ത് നിന്ന് രാഷ്ട്രീയ രംഗത്തേക്ക് വന്നവരുടെ ചരിത്രത്തിലും വിജയ് എന്ന നടൻ കാണിച്ച ധീരതയും തന്റേടവും എക്കാലവും സ്മരിക്കപ്പെടും.
തമിഴ് രാഷ്ട്രീയത്തിൽ സിനിമാക്കാർക്ക് എന്നും പ്രസക്തിയുണ്ട്. പക്ഷെ രജിനികാന്ത് ഉൾപ്പടെ പലരും ഭയന്ന് നിന്നിടത്ത് കമലഹാസനെ പോലുള്ള ഇതിഹാസ നായകർ പരാജയപെട്ടിടത്ത് അത്രയൊന്നും സീനിയറല്ലാത്ത ഒരു നടൻ എല്ലാ പ്രതിസന്ധികളെയും നേരിട്ടുകൊണ്ട് തന്റെ ആത്മ വിശ്വാസം മാത്രം കൈമുതലാക്കി നേടിയെടുത്ത വിജയം ഐതിഹാസികം തന്നെയാണ്.
അതും രണ്ട് വർഷം മാത്രം പ്രായമുള്ള രാഷ്ട്രീയ പ്രവർത്തനത്തിലൂടെ. അധികാരത്തിൽ എത്തിയാൽ വിജയ് എന്ത് മാറ്റമുണ്ടാക്കും? വികസനമുണ്ടാക്കും? എന്നൊക്കെ ഇനിയും കണ്ട് അറിയേണ്ടിയിരിക്കുന്നു. ഭരണാധികാരി എന്ന രീതിയിലുള്ള മികവും നമുക്കറിയില്ല. പക്ഷെ ഒരു സിനിമയ്ക്ക് നൂറ് കോടിയിലേറെ പ്രതിഫലം വാങ്ങുന്ന കരിയറിലെ നല്ല അവസരം ത്യജിച്ചുകൊണ്ട് വിജയ് നടത്തിയ ഈ ഒറ്റയാൾ പോരാട്ടം അസാമാന്യ ആത്മ ധൈര്യം തന്നെയാണ്.
അഴിമതി ഇല്ലാത്ത ഒരു ഭരണം നൽകിയാൽ തന്നെ തമിഴ്നാട്ടിൽ അത് അത്ഭുതമാണ്. രാഷ്ട്രീയ കുതന്ത്രജ്ഞന്മാർ വളഞ്ഞിട്ട് ആക്രമിച്ച് ഒതുക്കാതെ ഒരു അവസരം വിജയ്ക്ക് നൽകണം. അതിനുള്ള സാഹചര്യം ഇല്ലാതാക്കരുത് എന്നാണ് എന്റെ അഭിപ്രായം എന്നായിരുന്നു വിനയൻ കുറിച്ചത്. കമൽഹാസൻ അടക്കമുള്ളവരും വിജയിയെ പിന്തുണച്ച് എത്തിയിരുന്നു.

വിജയ്‌യെ ക്ഷണിക്കാതിരുന്നത് ജനവിധി അപമാനിക്കുന്നതിന് തുല്യമെന്നാണ് കമൽഹാസൻ കുറിച്ചത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള അധികാരം ജനങ്ങൾ നൽകിയിട്ടില്ല. തമിഴ്‌നാട് ചരിത്രത്തിൽ ഇത് ആദ്യമായാണ് സംഭവിക്കുന്നത്. എന്റെ സഹോദരൻ സ്റ്റാലിൻ ജനങ്ങളുടെ വിധി ഞങ്ങൾ മാനിക്കുന്നു ഒരു ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയെ ഞാൻ ബഹുമാനിക്കുന്നു. ഇനി ഭരണഘടനയുടെ ചുമതലയുള്ളവർ ഇതേ കടമ നിറവേറ്റണം. ഇത് ഒരു അഭ്യർഥനയല്ല അവരുടെ ഭരണഘടനാപരമായ കടമയെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ മാത്രമാണ്. ശ്രീ. വിജയ് നയിക്കുന്ന തമിഴ്‌നാട് വെട്രി കഴകം 108 സീറ്റുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തെ ഭരിക്കാൻ ക്ഷണിക്കാതിരിക്കുന്നത് തമിഴ് ജനങ്ങളുടെ വിധിയെ അപമാനിക്കുന്നതിന് തുല്യമാണ്.
തെരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇത് സംസ്ഥാനത്തിന് നേരിട്ടുള്ള നാണക്കേടാണ്. ജനാധിപത്യത്തിന് ദോഷം വരുത്തുന്നതാണ് എന്നാണ് തന്റെ അഭിപ്രായം വെളിപ്പെടുത്തി കമൽഹാസൻ കുറിച്ചത്. രാഷ്ട്രീയപരമായ ആശയങ്ങളിൽ വിജയിയുമായി ഉലകനായകന് വിയോജിപ്പുണ്ടെങ്കിലും സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളിൽ നിഷ്പക്ഷ നിലപാടാണ് കമൽഹാസൻ കൈക്കൊണ്ടത്.


Click it and Unblock the Notifications


