രാജകീയം...; ബെസ്റ്റ് ഫ്രണ്ട് ഇനി ജീവിത പങ്കാളി, വിവാഹ ചിത്രങ്ങൾ പുറത്തുവിട്ട് വിരോഷ്, ആശംസകൾ നേർന്ന് ആരാധകർ!
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹം കാണാനായി ഏറെ നാളുകളായി കാത്തിരിക്കുകയായിരുന്നു ഇന്ത്യൻ സിനിമാലോകം. വിവാഹ തിയ്യതി പ്രഖ്യാപിച്ചപ്പോൾ മുതൽ ചിത്രങ്ങൾ കാണാനായി കാത്തിരിക്കുകയായിരുന്നു ലക്ഷോപലക്ഷം ആരാധകർ. ഒടുവിൽ ഇതാ താരദമ്പതികൾ ആദ്യ വിവാഹ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നു.
രാജകീയമായി നടന്ന വിവാഹത്തിന്റെ ഫോട്ടോകൾ ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. രാജകീയം എന്നാണ് ഫോട്ടോകൾക്ക് നിറയുന്ന കമന്റുകൾ. മനോഹരമായ കുറിപ്പിനൊപ്പമായിരുന്നു ഇരുവരും ചിത്രങ്ങൾ പങ്കിട്ടത്. വിജയ് രശ്മികയെ കുറിച്ച് എഴുതിയത് ഇങ്ങനെയായിരുന്നു...

ഇപ്പോൾ ആഘോഷ സമയമാണ്... നമുക്ക് ഒരുമിച്ച് ഏറ്റവും മനോഹരമായ ജീവിതം ജീവിക്കാം. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഒരു ദിവസം... അവളെ ഞാൻ അതിയായി മിസ്സ് ചെയ്തു. അവൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്റെ ദിവസം കൂടുതൽ മനോഹരമായേനേ എന്ന് തോന്നും വിധത്തിൽ. അവൾ എതിർവശത്ത് ഇരുന്നിരുന്നെങ്കിൽ ഭക്ഷണം കൂടുതൽ രുചികരമായേനേ എന്ന് തോന്നും വിധത്തിൽ...
അവൾ കൂടെയുണ്ടായിരുന്നെങ്കിൽ വ്യായാമം പോലും ശിക്ഷയായല്ല സന്തോഷമായി തോന്നും വിധത്തിൽ. എവിടെയായിരുന്നാലും ഒരു ഹോം എന്ന ശാന്തിയും സുരക്ഷയും ഞാൻ അനുഭവിക്കാൻ അവൾ തന്നെ വേണമെന്ന് തോന്നും വിധത്തിൽ അവളെ ഞാൻ മിസ് ചെയ്തു. അതുകൊണ്ട്... എന്റെ ഏറ്റവും നല്ല സുഹൃത്തിനെ... ഞാൻ എന്റെ ഭാര്യയാക്കി വിജയ് കുറിച്ചു.
രശ്മിക എഴുതിയത് ഇങ്ങനെയാണ്... ഇന്ന് ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നത്... എന്റെ ഭർത്താവ്... മിസ്റ്റർ വിജയ് ദേവരകൊണ്ട. എനിക്ക് യഥാർത്ഥ പ്രണയം എന്താണെന്ന് പഠിപ്പിച്ച മനുഷ്യൻ. ശാന്തിയെന്നുള്ള അനുഭവം എങ്ങനെയാണെന്ന് കാണിച്ചുതന്ന മനുഷ്യൻ. വലിയ സ്വപ്നങ്ങൾ കാണുന്നത് പൂർണ്ണമായും ശരിയാണെന്ന് ഓരോ ദിവസവും എന്നെ ഉറപ്പ് വരുത്തിയവൻ... ഞാൻ കരുതിയതിലും വലുത് നേടാൻ എനിക്ക് കഴിയും എന്ന് വിശ്വസിപ്പിച്ചവൻ.
ആരും നോക്കാത്തതുപോലെ ഞാൻ നൃത്തം ചെയ്യുന്നത് ഒരിക്കലും തടഞ്ഞിട്ടില്ലാത്തവൻ. സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നതാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമെന്ന് പഠിപ്പിച്ചവൻ... സത്യം പറഞ്ഞാൽ... ഈ മനുഷ്യനെ കുറിച്ച് എനിക്ക് ഒരു പുസ്തകം തന്നെ എഴുതാനാകും. ഞാൻ എന്നും സ്വപ്നം കണ്ടിരുന്ന സ്ത്രീയായി ഞാൻ മാറിയെങ്കിൽ...

അതിന്റെ പിന്നിൽ നീയുണ്ട്. നീ എന്നെ ഇങ്ങനെ രൂപപ്പെടുത്തിയതാണ്. ഞാൻ എത്ര ഭാഗ്യവതിയാണെന്ന് വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല. വിജ്ജു... നിന്നോടുള്ള എന്റെ വികാരങ്ങൾ വിവരിക്കാൻ എനിക്ക് എപ്പോഴും വാക്കുകൾ കുറവാണ്. അത് ഞാൻ നിന്നോട് പലവട്ടം പറഞ്ഞിട്ടുമുണ്ട്. പക്ഷെ ഇപ്പോൾ തോന്നുന്നത് എന്റെ എല്ലാ നേട്ടങ്ങളും... പോരാട്ടങ്ങളും... സന്തോഷങ്ങളും...
ദുഖങ്ങളും... ജീവിതത്തിലെ ഓരോ നിമിഷവും... എല്ലാം ഇപ്പോൾ കൂടുതൽ അർത്ഥവത്തായി തോന്നുന്നു. കാരണം അതിന് എല്ലാറ്റിനും സാക്ഷിയായി നീ ഉണ്ടെന്നറിഞ്ഞതുകൊണ്ട്. അതിൽ ഏറ്റവും വലിയ ഭാഗം നീ തന്നെയാണെന്നറിഞ്ഞതുകൊണ്ട്. നിന്റെ ഭാര്യയായി മാറാൻ... നിന്റെ ഭാര്യയാകാൻ... നിന്റെ ഭാര്യ എന്ന് വിളിക്കപ്പെടാൻ...എനിക്ക് എത്ര ആവേശമാണെന്ന് പറയാൻ വാക്കുകളില്ല എന്നായിരുന്നു രശ്മിക കുറിച്ചത്.
രാജസ്ഥാനിലെ ഉദയ്പൂരിനടുത്തുള്ള പ്രശസ്തമായ ഐടിസി മെമെന്റോസ് ആഡംബര റിസോർട്ടായിരുന്നു വിവാഹ വേദി. നൂറോളം അതിഥികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ചുവപ്പ് നിറത്തിലുള്ള സാരിയിൽ സർവാഭരണ വിഭൂഷിതയായി രാജകുമാരിയെപ്പോലെയാണ് രശ്മിക എത്തിയത്. വെളുപ്പിൽ ഹെവി വർക്ക് ബോര്‍ഡര്‍ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു വിജയിയുടെ ഔട്ട്ഫിറ്റ്.
കുതിരപ്പുറത്ത് ഏറെയാണ് കതിർമണ്ഡപത്തിലേക്ക് വരൻ എത്തിയത്. ആന്ധ്രയുടെ പരമ്പരാഗത ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹാഘോഷത്തിന്റെ ഭാഗമായി ഹൽദി, സംഗീത് ചടങ്ങുകളുമുണ്ടായിരുന്നു.


Click it and Unblock the Notifications

















