പോയത് പോലെ വിജയ് തിരിച്ച് വന്നേക്കും, മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ സംഭവിക്കുക; ചർച്ച
നടൻ വിജയുടെ അവസാന സിനിമയായി കണക്കാക്കപ്പെടുന്ന ജന നായകൻ റിലീസിനൊരുങ്ങുകയാണ്. ജന നായകന് ശേഷം പൂർണ ശ്രദ്ധ രാഷ്ട്രീയത്തിലേക്ക് നൽകാനാണ് തീരുമാനം. തമിഴക വെട്രി കഴകം എന്നാണ് വിജയുടെ രാഷ്ട്രീയ പാർട്ടിയുടെ പേര്. തമിഴകം ആഘോഷിക്കുന്ന താരമായതിനാൽ വിജയ് സിനിമാ രംഗത്ത് നിന്നും വിട വാങ്ങുന്നതിൽ ആരാധകർ കടുത്ത വിഷമത്തിലാണ്. മലേഷ്യയിൽ വെച്ച് നടന്ന ജന നായകൻ ഓഡിയോ ലോഞ്ചിൽ താൻ സിനിമ വിടുന്ന കാര്യം വിജയ് അറിയിച്ചിട്ടുണ്ട്.
എന്നാൽ ഭാവിയിൽ വിജയ് കോളിവുഡിലേക്ക് തിരിച്ച് വന്നേക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. ഇതിന് കാരണവും ഇവർ നിരത്തുന്നുണ്ട്. വിജയ് ലക്ഷ്യം വെക്കുന്നത് തന്റെ പാർട്ടി തമിഴ് രാഷ്ട്രീയത്തിൽ പ്രബല സാന്നിധ്യമാകുക എന്ന് മാത്രമല്ല. മറിച്ച് തമിഴ്നാടിന്റെ മുഖ്യമന്ത്രി സ്ഥാനമാണ്. അടുത്ത തമിഴ്നാട് നിയമ സഭാ ഇലക്ഷനിൽ വിജയിച്ച് മുഖ്യമന്ത്രി സ്ഥാനം നേടുക എന്നതാണ് സ്വപ്നം.

തനിക്കുള്ള ജനപിന്തുണ കൊണ്ട് ഇത് സാധ്യമാകുമെന്ന് വിജയ് കരുതുന്നു. എന്നാൽ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് ഇത് നടക്കാൻ സാധ്യതയില്ലാത്ത സ്വപ്നമാണെന്നാണ്. തമിഴ് രാഷ്ട്രീയത്തിൽ കൊണ്ടും കൊടുത്തും വളർന്നാലേ മുഖ്യമന്ത്രി സ്ഥാനം കിട്ടാനിടയുള്ളൂ. ഇന്നത്തെ കാലഘട്ടത്തിൽ ഒരു സിനിമാ താരത്തിന്റെ താരപ്രഭ കണ്ട് മുഖ്യമന്ത്രിയാക്കാൻ തമിഴ് ജനത തയ്യാറാകുമോ എന്ന് കണ്ടറിയണം.
പ്രതിപക്ഷ പാർട്ടിയായി ടിവികെയെ അഞ്ച് വർഷമെങ്കിലും നയിക്കാൻ വിജയ് തയ്യാറാകുമോ എന്ന ചോദ്യവുമുണ്ട്. കിരീടം വെക്കാത്ത രാജാവാണ് സിനിമാ രംഗത്ത് വിജയ്. പ്രതിപക്ഷ നേതാവായി മാധ്യമങ്ങളോട് സംസാരിച്ച്, നിയമസഭയിൽ വാദിച്ച് നിൽക്കാനാെക്കെ വിജയ് തയ്യാറാകുമോ എന്ന് ആരാധകർക്ക് പോലും സംശയമുണ്ട്. അതിനാൽ തന്നെ വിജയ് തുടർന്നും സിനിമകൾ ചെയ്യാൻ സാധ്യതയുണ്ടെന്ന് നെറ്റിസൺസ് പറയുന്നു.


Click it and Unblock the Notifications