'വിചിത്രമായ ചിന്ത, പേരിടൽ ഭയങ്കരം തന്നെ, ആത്മജയായിരുന്നു ഇതിലും ഭേദം, പേര് കുട്ടികൾക്ക് ഭാരമാവരുത്'; വിമർശനം
മിനിസ്ക്രീൻ പ്രേക്ഷകർക്കും സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്കും ഏറെ പരിചിതരായ താരദമ്പതികളാണ് വിജയ് മാധവും ദേവിക നമ്പ്യാരും. അടുത്തിടെയാണ് ഇരുവർക്കും ഒരു പെൺകുഞ്ഞ് കൂടി പിറന്നത്. ആത്മജ മഹാദേവ് എന്നൊരു മകൻ കൂടി ഇരുവർക്കുമുണ്ട്. ഗർഭകാല വിശേഷങ്ങളെല്ലാം വിജയിയും ദേവികയും അവരുടെ യുട്യൂബ് ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. താരദമ്പതികളുടെ ഫാമിലി വ്ലോഗുകൾക്കും കവർ സോങ്ങുകൾക്കുമാണ് ആരാധകർ ഏറെയും.
വിവാഹശേഷമാണ് വിജയിയും ദേവികയും യുട്യൂബിൽ സജീവമായത്. നെഗറ്റിവിറ്റിയും ട്രോളുകളും വിമർശനങ്ങളും അധികം ലഭിക്കാത്ത ദമ്പതികൾക്ക് ഏറ്റവും കൂടുതൽ വിമർശനം ലഭിച്ചത് ആദ്യത്തെ കുഞ്ഞിന് പേരിട്ടപ്പോഴായിരുന്നു. ആത്മജ മഹാദേവ് എന്ന പേര് കുഞ്ഞിന് ചേരുന്നില്ലെന്നും പെൺകുട്ടികളുടെ പേരായാണ് തോന്നുന്നതെന്നുമായിരുന്നു കമന്റുകൾ വന്നത്.

കുഞ്ഞുണ്ടാകാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ ഇങ്ങനെ ഒരു പേരുണ്ട്... താങ്കൾക്ക് സമ്മതമാണോയെന്ന് മാഷ് ചോദിച്ചിരുന്നു. നമ്മൾ പരസ്പരം എടുത്ത തീരുമാനം ആയിരുന്നു മോന്റെ പേരെങ്കിലും ഇത്രത്തോളം ചർച്ചയാകുമെന്ന് നമ്മൾ വിചാരിച്ചില്ല. കുഞ്ഞിന്റെ പേര് ട്രെൻഡിങ് ആക്കാൻ വേണ്ടി കണ്ടുപിടിച്ച പേരൊന്നും അല്ല. നമ്മൾ കുറേക്കാലം ആലോചിച്ചെടുത്ത തീരുമാനം ആയിരുന്നു.
കുട്ടി ആകുന്നതിന് മുമ്പ് തന്നെ വിവാഹത്തിന് മുമ്പേ തന്നെ ഞാൻ എടുത്ത തീരുമാനം ആയിരുന്നു ഈ പേര്. എന്റെ സഹോദരിയുടെ കുഞ്ഞിന് ഞാൻ ഈ പേര് കൊടുത്തതാണ്. പക്ഷെ അവർക്ക് താത്പര്യം ഉണ്ടായിരുന്നില്ല. അപ്പോൾ നമ്മുടെ കാര്യത്തിൽ വന്നപ്പോൾ എനിക്ക് ചോദിക്കാൻ ഉള്ളത് ദേവികയോടാണ്. ഞാൻ ചോദിച്ചു പേരിട്ടു എന്നാണ് മകന് ആത്മജ എന്ന പേരിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിജയിയും ദേവികയും പറഞ്ഞത്.
ഇരുവർക്കും പെൺകുഞ്ഞാണ് ഇപ്പോൾ പിറന്നിരിക്കുന്നത്. ഓം പരമാത്മ എന്നാണ് കുഞ്ഞിന് ഇരുവരും നൽകിയ പേര്. ആലോലിച്ച് കണ്ടുപിടിച്ച പേര് അല്ലെന്നും തന്റെ ചിന്തയിൽ വന്ന പേര് ഇടുകയായിരുന്നുവെന്നുമാണ് പേര് വെളിപ്പെടുത്തി വിജയ് പറഞ്ഞത്. എന്നാൽ മകൾക്ക് വിജയിയും ദേവികയും നൽകിയ പേര് ഇരുവരുടെയും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ഭാവിയിൽ കുഞ്ഞിന് ഭാരമായി മാറുന്ന തരത്തിലുള്ള പേരുകൾ എന്തിനാണ് നൽകുന്നതെന്ന ചോദ്യമാണ് കമന്റ് ബോക്സിൽ ഏറെയും നിറഞ്ഞത്.
ആത്മജ മഹാദേവ്, ഓം പരമാത്മ രണ്ടും യുണീക്ക് നെയിംസാണ്. പക്ഷെ കേൾക്കുന്നവർക്ക് കൺഫ്യൂഷനുണ്ടാക്കും. ആൺകുട്ടിയുടെ പേര് പെൺകുട്ടിക്കും പെൺകുട്ടിയുടെ പേര് ആൺകുട്ടിക്കും ഇടായിരുന്നു. സ്കൂളിൽ പോകുന്ന സമയത്ത് ഈ പേരുകൾ കൊണ്ട് കുഞ്ഞുങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് തോന്നുന്നു, വിചിത്രമായ ചിന്തയായിപ്പോയി വിജയിയുടേത്. നിങ്ങളുടെ പേരിടൽ ഭയങ്കരം തന്നെ.

ആത്മജയായിരുന്നു ഇതിലും ഭേദം. പേര് കുട്ടികൾക്ക് ഭാരമാവരുത്, ആത്മജ, ഓം പരമാത്മ.. ഇവർ വലുതാകുമ്പോൾ സന്യാസി സന്യാസിനി ആയാൽ ഈ പേരുകൾ നന്നായി ചേരുന്നതാണ്, കുട്ടികൾ വളർന്ന് വലുതാകുമ്പോൾ നിങ്ങളോട് ഉറപ്പായും ചോദിക്കും ഞങ്ങളോട് ഇത് വേണമായിരുന്നോയെന്ന്, പേര് നല്ലതാണ്. ആത്മജ എന്നത് മോൾക്കും പരമാത്മ എന്നത് മോനും ഇടാമായിരുന്നു. പിന്നെ നിങ്ങളുടെ മക്കളുടെ പേര് നിങ്ങൾ തന്നെയാണ് ഇടേണ്ടത്.
പക്ഷെ ഒരാളുടെ മാത്രം തീരുമാനം ആവരുത്. ദേവികയ്ക്ക് ഇഷ്ടമുള്ള പേരും കൂടെ നോക്കി സെലക്ട് ചെയ്യണം. മോൾക്ക് ദേവികയുടെ ഇഷ്ടത്തിന് ഇടാമായിരുന്നു, എന്തായാലും സ്കൂളിൽ ചേർക്കണ്ട. കുഞ്ഞുനാളിൽ തന്നെ കളിയാക്കലുകൾ സഹിക്കേണ്ടി വരും. വല്ല ഗുരുകുലങ്ങൾ ഉണ്ടെങ്കിൽ നോക്കിവച്ചോളു എന്നിങ്ങനെയാണ് കമന്റുകൾ വന്നത്.
പേര് കേട്ടപ്പോൾ തന്നെ ഇത് ആത്മജയ്ക്കും മുകളിൽ നിൽക്കുമെന്ന് ദേവിക പറഞ്ഞതായും മകളുടെ പേര് വെളിപ്പെടുത്തിയുള്ള വീഡിയോയിൽ വിജയ് പറഞ്ഞിരുന്നു. അതേസമയം ഒരു വിഭാഗം ആളുകൾക്ക് ഓം പരമാത്മ എന്ന പേര് ഇഷ്ടപ്പെട്ടിട്ടുമുണ്ട്. ഒരു ഡിവൈൻ പേരായി തോന്നുന്നുവെന്നാണ് പേര് ഇഷ്ടപ്പെട്ടവർ കമന്റായി കുറിച്ചത്.


Click it and Unblock the Notifications