'ദേവികയോട് ഞാൻ പറഞ്ഞതാണ് ഇത് വേണ്ടെന്ന്... ഇനി എല്ലാം വരുന്നിടത്ത് വെച്ച് കാണാം'; വിജയ് മാധവിന്റെ വീഡിയോ!
സോഷ്യൽമീഡിയ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് സുപരിചിതരായ ദമ്പതികളാണ് വിജയ് മാധവും ദേവിക നമ്പ്യാരും. വിവാഹശേഷമാണ് ഇരുവരും ഒരുമിച്ച് വ്ലോഗുകൾ ചെയ്ത് തുടങ്ങിയത്. ദേവികയിലെ അഭിനേത്രിയേയും നർത്തകിയേയും മാത്രമായിരുന്നു നേരത്തെ പ്രേക്ഷകർക്ക് പരിചയം എന്നാൽ ദേവിക നല്ലൊരു ഗായിക കൂടിയാണെന്ന് ആരാധകർ തിരിച്ചറിഞ്ഞത് താരത്തിന്റെ വിവാഹശേഷമാണ്. വിജയ്ക്കൊപ്പം ജീവിതം തുടങ്ങിയ ശേഷം ഉള്ളിൽ ഉറങ്ങി കിടന്ന സംഗീതത്തെ പൊടി തട്ടിയെടുക്കാൻ ദേവികയ്ക്ക് സാധിച്ചു.
മാത്രമല്ല ഇരുവരും ചേർന്ന് ഡ്യൂയറ്റുകൾ പാടി സോഷ്യൽമീഡിയ വഴി പങ്കുവെക്കാനും തുടങ്ങി. സംഗീത റിയാലിറ്റിഷോയിലൂടെ വിജയ് മാധവിലെ ഗായകൻ പ്രേക്ഷകർക്ക് സുപരിചിതനാണ്. പക്ഷെ ദേവികയും മനോഹരമായി പാടുമെന്ന് തിരിച്ചറിയാൻ വൈകിയെന്നും ജീവിതത്തിൽ തിരക്കുകൾ വരുമ്പോൾ സംഗീതം ഉപേക്ഷിക്കരുതെന്നുമാണ് ദേവികയ്ക്ക് ആരാധകർ നൽകുന്ന ഉപദേശം.

ഇപ്പോഴിതാ വിജയ് മാധവ് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയും അതിനോടൊപ്പം എഴുതിയ കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കലാപാനിയിലെ ചെമ്പൂവേ എന്ന ഗാനമാണ് വിജയ് മാധവും ദേവികയും ചേർന്ന് ഏറ്റവും പുതിയതായി ആലപിച്ചിരിക്കുന്നത്. ഒട്ടുമിക്ക മലയളികൾക്കും പ്രിയപ്പെട്ട എവർഗ്രീൻ പ്രണയഗാനങ്ങളിൽ ഒന്നാണ് ചെമ്പപ്പൂവേ.
അതുകൊണ്ട് തന്നെ പ്രേക്ഷക പ്രതികരണം ഭയന്നാണ് വിജയ് മാധവ് സോഷ്യൽമീഡിയയിൽ ഇരുവരും ചേർന്ന് പാടിയ പാട്ടിന്റെ വീഡിയോ പങ്കുവെച്ചത്. വീഡിയോയേക്കാൾ ആരാധകർ ആസ്വദിച്ചത് അതിനൊപ്പമുള്ള കുറിപ്പായിരുന്നു. എല്ലാം വരുന്നിടത്ത് വെച്ച് കാണാമെന്ന് കരുതി തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തത് എന്നാണ് വിജയ് കുറിച്ചത്.
'ദേവികയോട് ഞാൻ പറഞ്ഞതാണ് ഈ പാട്ട് പാടണ്ട.... കളി വേറെ ആണ്... പാടാൻ വളരെ ബുദ്ധിമുട്ടാണെന്ന്. പക്ഷെ കേട്ടില്ല... സ്റ്റുഡിയോയിൽ പോയി എങ്ങനെയോ ഒപ്പിച്ച് പാടിവെച്ചു... ഇനി എല്ലാം വരുന്നടത്തുവെച്ച് കാണാം. ക്ഷമിക്കണം... പൊറുക്കണം... അറിയാതെ പോലും രാജ സർ ഇത് കേൾക്കരുതേ എന്ന് മാത്രം പ്രാർത്ഥിക്കുന്നു', എന്നായിരുന്നു വിജയിയുടെ കുറിപ്പ്.
എന്നാൽ വിജയ് പ്രതീക്ഷിച്ചതുപോലൊന്നും സംഭവിച്ചില്ല. ഇരുവരുടെയും വീഡിയോ കണ്ടവരും കേട്ടവരും ഒന്നടങ്കം രണ്ടുപേരുടെയും പരിശ്രമത്തെ പുകഴ്ത്തി. ഇരുവരുടെയും വീഡിയോയ്ക്ക് ഒരു മോശം കമന്റ് പോലും മഷിയിട്ട് നോക്കിയാൽ കാണാൻ സാധിക്കില്ല. തകർത്തല്ലോ രണ്ടും കൂടി... പൊന്നുമോൻ കെട്ടോ ഇവർ പാട്ട് പാടിപൊളിക്കുന്നത്.

ചേട്ടനും ചേച്ചിയും നന്നായി പാടി. കുഞ്ഞുവാവ ഒരുപാട് നല്ല പാട്ടുകേട്ട് അമ്മയെ പോലെയും അച്ഛനെപോലയും അറിയപ്പെടുന്ന ഒരു കൊച്ചു ഗായകനായി വളരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ, ഒറിജിനലിൽ നിന്ന് വ്യത്യസ്തമായി പാടുന്നത് പൊതുവെ അത്ര രസിക്കാറില്ല. പക്ഷെ എന്തോ ഇത് ഇഷ്ടമായി. ആത്മജ നന്നായി ആസ്വദിക്കുന്നുണ്ട് അച്ഛന്റെയും അമ്മയുടെയും പാട്ട്.
വിജയിയുടെ വോയ്സ് സൂപ്പർ. ദേവികയും നന്നായി പാടി എന്നെല്ലാമാണ് കമന്റുകൾ. ദേവിക തുടർന്നും പാട്ട് പരിശീലിക്കണമെന്നും സംഗീതം ഉപേക്ഷിക്കരുതെന്നും കമന്റുകളുണ്ട്. മകൻ ആത്മജയെ കയ്യിൽ എടുത്ത് നിന്ന് തന്നെയാണ് ദേവിക പാട്ട് പാടിയത്. ഇടയ്ക്കിടെ ഇത്തരം വീഡിയോകൾ പങ്കുവെക്കണമെന്ന അഭ്യർത്ഥനയും ആരാധകർ പങ്കുവെച്ചിട്ടുണ്ട്.
വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ദേവിക. മകൻ കൂടി പിറന്നതോടെ മകനൊപ്പമാണ് ദേവിക ഏറെയും സമയം ചിലവഴിക്കുന്നത്. ഗർഭകാലത്തും വിജയ്ക്കൊപ്പം ഇത്തരം പാട്ടുകൾ പാടി ദേവിക സജീവമായിരുന്നു. മകന് വേണ്ടിയും പാട്ടുകൾ പാടിക്കൊടുക്കുന്ന വീഡിയോ വിജയ് പങ്കുവെക്കാറുണ്ടായിരുന്നു. കലയ്ക്കും മറ്റുമായി ആത്മജ സെന്ററും അടുത്തിടെ ദേവികയും വിജയിയും ആരംഭിച്ചിരുന്നു.


Click it and Unblock the Notifications