'ഇതോടെ ഞാൻ പേരിടൽ പരിപാടി അവസാനിപ്പിച്ചു, ഇനി ഒരു കുട്ടി കൂടി ജനിക്കുകയാണെങ്കിൽ ഞാൻ ആ കുട്ടിക്ക് പേരിടില്ല'
തനിക്ക് ജനിച്ച മക്കൾക്ക് തന്റെ ചിന്തയിലും മനസിലും വന്ന പേര് നൽകിയതിന് ഏറ്റവും കൂടുതൽ വിമർശനം കേട്ട പിതാവാണ് ഗായകൻ വിജയ് മാധവ്. ആദ്യത്തെ കുട്ടിക്ക് ആത്മജ മഹാദേവ് എന്ന പേര് നൽകിയെന്ന് അറിയച്ചപ്പോൾ തന്നെ വലിയ രീതിയിൽ വിമർശനം വന്നിരുന്നു. പെൺകുട്ടികളുടെ പേര് ആൺകുട്ടിക്ക് നൽകിയെന്നായിരുന്നു വിമർശനം. ആ പ്രശ്നം കെട്ടടങ്ങി വരുന്നതിനിടെയാണ് വിജയിക്കും നടി ദേവികയ്ക്കും രണ്ടാമത് ഒരു കുഞ്ഞ് കൂടി പിറന്നത്. മകൾക്ക് ഓം പരമാത്മ എന്നാണ് വിജയ് പേരിട്ടത്.
എന്നാൽ പേര് വിജയ് വെളിപ്പെടുത്തിയപ്പോൾ ആദ്യത്തെ കുഞ്ഞിന് നൽകിയ പേരിന്റെ പേരിൽ കേട്ടതിന്റെ പതിന്മടങ്ങ് പരിഹാസവും വിമർശനവുമാണ് മകളുടെ പേര് വെളിപ്പെടുത്തിയപ്പോൾ വിജയ്ക്ക് ലഭിച്ചത്. പെൺകുട്ടികൾക്ക് ആരും ഇത്തരത്തിലുള്ള പേരുകൾ നൽകുകയില്ലെന്നും കുഞ്ഞിനോട് വിജയ് ചെയ്തത് ക്രൂരതയാണെന്നുമെല്ലാം കമന്റുകളുണ്ടായിരുന്നു.

വിമർശനം കൂടിയപ്പോൾ വിജയിയും ദേവികയും പ്രതികരിച്ച് എത്തിയിരുന്നു. കുഞ്ഞിന്റെ പേര് മാറ്റുന്നില്ലെന്നും ഭാവിയിൽ മകൾക്ക് പേര് മാറ്റണമെന്ന് തോന്നിയാൽ അവൾക്ക് മാറ്റാനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമാണ് വിജയ് പറഞ്ഞത്. ഇപ്പോഴിതാ ഇതേ വിഷയത്തിൽ പ്രതികരിച്ച് വിജയിയും ദേവികയും പങ്കിട്ട പുതിയ വീഡിയോയാണ് വൈറലാകുന്നത്.
ഇതോടെ താൻ പേരിടൽ പരിപാടി അവസാനിപ്പിച്ചുവെന്നും ഇനി ഒരു കുട്ടി കൂടി ജനിക്കുകയാണെങ്കിൽ താൻ ആ കുട്ടിക്ക് പേരിടില്ലെന്നുമാണ് വിജയ് പുതിയ വീഡിയോയിൽ പറഞ്ഞത്. ദേവിക കരയുന്ന വീഡിയോ കണ്ട് ഇന്നലെ ഒരുപാട് പേർ മെസേജ് അയച്ചു. പുള്ളിക്കാരിക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ല. ഡെലിവറിക്കുശേഷം പെട്ടന്ന് ആളുകൾ ഞാൻ ഭ്രാന്തനാണ്, പൊട്ടനാണ് എന്നൊക്കെ പറഞ്ഞത് കേട്ടപ്പോൾ ഉണ്ടായ ചെറിയ മാനസീക സമ്മർദ്ദമേയുള്ളു.
ഇന്നലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. മറുപടി പറഞ്ഞ് മടുത്തു. സോഷ്യൽമീഡിയയിൽ ഞങ്ങൾ വീഡിയോ ഇടുന്നതുകൊണ്ട് തന്നെ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാൻ പറഞ്ഞ എന്തെങ്കിലും കാരണം കൊണ്ട് ആർക്കെങ്കിലും ബുദ്ധിമുട്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.
അതുപോലെ ഇതോടെ ഞാൻ പേരിടൽ പരിപാടി അവസാനിപ്പിച്ചു. ചെറിയൊരു അബദ്ധം കൂടി ഞാൻ ചെയ്തിട്ടുണ്ട്. ആത്മജയുടെ പേരിൽ ആത്മജ സെന്റർ ഉള്ളതുപോലെ ഞങ്ങളുടെ ഡിസൈൻസിന്റെ വെബ് സൈറ്റിന് ഓം ഡിസൈൻസ് എന്ന് പേരിട്ടു. നേരത്തെ ചെയ്തതാണ് അത്. ഇനി ഒരു കുട്ടി കൂടി ജനിക്കുകയാണെങ്കിൽ ഞാൻ എന്റെ കുട്ടിക്ക് പേരിടില്ല. ചിലപ്പോൾ സോഷ്യൽമീഡിയയ്ക്ക് സജഷൻ തരും. ആ സമയത്ത് നിന്റെ കുട്ടിക്ക് പേരിടാൻ ഞങ്ങൾ ആരാണെന്ന് ചോദിച്ച് ചീത്ത വിളിക്കരുത്.

എനിക്ക് ഇതുപോലുള്ള വായിൽകൊള്ളാത്ത പേരൊക്കെയെ വരികയുള്ളു. കമ്പനിയുടെ പേര് ലേസഹസ്രാര എന്നാണ്. നാലേ നാല് പേര് അതിൽ ഞാൻ നിർത്തി എന്നാണ് വിജയ് പറഞ്ഞത്. പൈസയുണ്ടാക്കാനോ സ്നേഹം പിടിച്ച് പറ്റാനോ വേണ്ടി പറയുന്നതൊന്നുമല്ല ഈ വിശദീകരണമെന്നും വിജയ് കൂട്ടിച്ചേർത്തു. പിന്നീട് ദേവികയാണ് സംസാരിച്ചത്. മകളുടെ പേര് റിവീൽ ചെയ്ത വീഡിയോയ്ക്ക് വന്ന കമന്റുകൾ താൻ വളച്ചൊടിച്ചിട്ടില്ലെന്ന് ദേവികയും വ്യക്തമാക്കി.
കമന്റുകൾ വളച്ചൊടിച്ചിട്ടില്ല. മക്കളെ കുറിച്ച് പറഞ്ഞ ചില കമന്റുകൾ കണ്ടതുകൊണ്ടാണ് പറഞ്ഞത്. അല്ലാതെ കള്ളത്തരം പറഞ്ഞതല്ല. രണ്ട് കമന്റുകൾ എന്നെ ഹോണ്ട് ചെയ്തിരുന്നു. ഇതോടെ ഈ ടോപ്പിക്ക് ഞങ്ങൾ അവസാനിപ്പിക്കുകയാണ്. പിന്നെ എന്നെ വിവാഹം ചെയ്യും മുമ്പ് വിജയ്ക്ക് യുട്യൂബ് ചാനലുണ്ട്. അതുകൊണ്ടാണ് യുട്യൂബ് ചാനലിന്റെ പേര് മറ്റാതിരുന്നതെന്നും ദേവിക പറഞ്ഞു.
നെഗറ്റീവ് കമന്റ്സ് കേട്ട് പരിചയമില്ലാത്തതിന്റെ ബുദ്ധിമുട്ടുകൊണ്ടാകും അത്തരം കമന്റുകൾ വന്നപ്പോൾ ഞങ്ങൾ മറുപടി തന്നത്. നിങ്ങൾ എല്ലാവരും ഞങ്ങളോട് ക്ഷമിച്ചുവെന്ന് കരുതുന്നുവെന്നും പറഞ്ഞാണ് വിജയിയും ദേവികയും വീഡിയോ അവസാനിപ്പിച്ചത്.


Click it and Unblock the Notifications