സ്ത്രീക്ക് രണ്ടാം ജന്മം ലഭിക്കുന്നതിന് സമം; പ്രസവവും കുട്ടിയും ഒന്നും വേണ്ടായിരുന്നുവെന്ന് തോന്നിയെന്ന് വിജയ്!
നടി ദേവിക നമ്പ്യാർക്ക് 2025 കൂടുതൽ സ്പെഷ്യലാണ്. അതിന് ഒരു കാരണം താരത്തിന് രണ്ടാമത് വീണ്ടും ഒരു കുഞ്ഞിനെ ലഭിച്ചത് ഈ വർഷം ജനുവരി അവസാനത്തോടെയാണ്. ദേവികയ്ക്കും വിജയ്ക്കും രണ്ടാമത് പിറന്നത് പെൺകുഞ്ഞാണ്. രണ്ടാമത്തെ പ്രസവത്തിൽ നിരവധി കോംപ്ലിക്കേഷൻസുണ്ടായിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു. ദേവിക ഒരു ദിവസം മുഴുവൻ ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. അന്ന് ദേവികയുടെ അവസ്ഥ കണ്ട് താൻ കരഞ്ഞുവെന്ന് പറയുകയാണ് വിജയ് മാധവ്.
കുഞ്ഞിനെ കാണിച്ചിട്ടും അമ്മയെ പുറത്തേക്ക് കൊണ്ടുവരാതെയായപ്പോൾ പല അവസ്ഥകളിലൂടെ താൻ കടന്നുപോയിയെന്നും പുതിയ വീഡിയോയിൽ വിജയ് പറഞ്ഞു. ദേവിക പ്രസവിച്ചശേഷം കുട്ടിയെ അവർ കാണിച്ചു. അമ്മയെ കൂടി കണ്ടാൽ അല്ലേ പൂർണതയാകൂ. ദേവിക ഇപ്പോൾ വരും വരുമെന്ന് പ്രതീക്ഷിച്ച് ഞാൻ നിന്നെങ്കിലും ദേവികയെ അവർ പുറകത്തേക്ക് കൊണ്ടുവന്നില്ല.

കുറേ സമയം കഴിഞ്ഞിട്ടും കാണാതെയായപ്പോൾ ഞാൻ അകത്ത് കയറി ഡോക്ടർമാരോടും നഴ്സുമാരോടും ചോദിച്ചു. മുള്ളേൽ നിൽക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ. ശേഷം കുറച്ച് കഴിഞ്ഞപ്പോൾ ദേവികയെ പുറത്തേക്ക് കൊണ്ടുവന്നു. അഞ്ചാറ് ഡോക്ടർമാരും സെറ്റപ്പും ട്യൂബുമെല്ലാം ഇട്ടാണ് ദേവികയെ കൊണ്ടുവന്നത്. ആശുപത്രി കിടക്കയിലെ ദേവികയുടെ കിടപ്പ് കണ്ട നിമിഷം അയ്യോ കയ്യിൽ നിന്നും പോയല്ലോ ഭഗവാനേ എന്നാണ് തോന്നിയത്.
പ്രസവവും കുട്ടിയും ഒന്നും വേണ്ടായിരുന്നുവെന്നും എനിക്ക് തോന്നി. അങ്ങനൊരു അവസ്ഥയിൽ ദേവികയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ബോധമില്ലാതെ ഒരു ശരീരം കിടക്കുന്നതാണ് നമ്മൾ കാണുന്നത്. വെന്റിലേറ്റർ സപ്പോർട്ടിൽ കൂടിയാണ് ദേവിക കഴിയുന്നതെന്ന് അറിഞ്ഞപ്പോൾ സ്വാഭാവികമായി ഒരു മനുഷ്യനിലുണ്ടാകുന്ന എല്ലാ വികാര വിചാരങ്ങളും എനിക്കുണ്ടായി.
കരഞ്ഞ് ഇരുന്നിട്ട് കാര്യമില്ലാത്തതിനാൽ ഞാൻ എല്ലാം തിരിച്ച് പിടിച്ചു. അതുപോലെ ഫസ്റ്റിങ് എടുത്ത് പ്രാർത്ഥിക്കുകയും ചെയ്തു. റൂമിൽ ചെന്ന് ദേവികയെ കാണുമ്പോൾ ഞാൻ കരയുമായിരുന്നുവെന്ന് വിജയ് പറഞ്ഞു. വിജയ് ഒരു തുള്ളിവെള്ളം പോലും കുടിച്ചില്ലെന്ന് ആശുപത്രിയിലെ സ്റ്റാഫുകളെല്ലാം എന്നോട് വന്ന് പറഞ്ഞിരുന്നു.
കഴിക്കില്ല കുടിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നുവെന്ന് ദേവികയും പറഞ്ഞു. കുട്ടിയുടെ കഴുത്തിൽ കോഡ് ചുറ്റിയിരുന്നതുകൊണ്ടാണ് സി സെക്ഷൻ നടത്തിയത്. കുട്ടിയുടെ കഴുത്ത് വരുന്നുണ്ടെങ്കിലും ഷോൾഡർ ഇറങ്ങുന്നുണ്ടായിരുന്നില്ല. മുപ്പതാം തിയ്യതി രാവിലെയാണ് ഓം ബേബിയെ കയ്യിൽ കിട്ടിയത്. പക്ഷെ ഞാൻ കണ്ടത് മുപ്പത്തിയൊന്നാം തിയ്യതിയാണ്. രണ്ട് പ്രസവത്തിന്റെ പ്രോസസ് വളരെ വ്യത്യസ്തമായിരുന്നു.

ആത്മജയുടേത് വളരെ സ്മൂത്തായിരുന്നു. നമ്മൾ പ്രതീക്ഷിക്കുന്നത് പോലെയല്ല ഒന്നും. സി സെക്ഷനായിരിക്കുമെന്ന് ഞാൻ ജന്മത്ത് പ്രതീക്ഷിച്ചില്ല. സി സെക്ഷൻ എളുപ്പമല്ലേയെന്ന് എല്ലാവരും പറയും. പക്ഷെ അതിന്റെ ബുദ്ധിമുട്ട് ഭയങ്കരമാണ്. സ്റ്റിച്ചിന്റെ വേദനയൊക്കെ കൂടുതൽ സഹിക്കണമെന്നും സി സെക്ഷൻ ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി ദേവിക പറഞ്ഞു.
ആദ്യത്തെ കുഞ്ഞായ ആത്മജ ചിൽഡ്രൺസ് പാർക്കിലെ സ്ലൈിലൂടെ ഒഴുകി ഇറങ്ങി വരുന്നതുപോലെയാണ് ഗർഭാവസ്ഥയിലേക്ക് പുറത്തേക്ക് വന്നതെന്നും വിജയ് തമാശയായി കൂട്ടിച്ചേർത്തു. ദേവികയുടെ വീഡിയോ കണ്ട് ഭൂരിഭാഗം പേരും കുറിച്ചത് സ്ത്രീകളോടുള്ള ബഹുമാനം പതിന്മടങ്ങ് വർധിച്ചുവെന്നാണ്. സ്ത്രീകൾക്ക് രണ്ടാം ജന്മം ലഭിക്കുന്നതിന് സമമാണ് പ്രസവമെന്നും കമന്റുകളുണ്ടായിരുന്നു. അടുത്തിടെയായിരുന്നു ഇരുവരുടെയും രണ്ടാമത്തെ കുഞ്ഞിന്റെ നൂലുകെട്ടും പേരിടലും.
ഓം പരമാത്മ എന്നാണ് ഇരുവരും കുഞ്ഞിന് പേര് നൽകിയത്. നടൻ സുരേഷ് ഗോപിയുടെ ഭാര്യ രാധിക അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പെൺകുഞ്ഞിന് ഓം പരമാത്മയെന്ന് പേര് നൽകിയതിന്റെ പേരിലും ഇരുവരും വിമർശനങ്ങൾ നേരിട്ടിരുന്നു.


Click it and Unblock the Notifications