കുഞ്ഞിനെ കുളിപ്പിക്കുന്നത് ഞാൻ, അമ്മൂമ്മമാർക്ക് അവസരം കൊടുക്കാത്തതല്ല, എന്റെ സമയം ഇതിന് മാറ്റിവെച്ചു; വിജയ്
കേരളത്തിലെ സെലിബ്രിറ്റി യുട്യൂബേഴ്സിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സും സ്വീകാര്യതയുമുള്ള ഫാമിലി വ്ലോഗേഴ്സാണ് ദേവിക നമ്പ്യാരും വിജയ് മാധവും. വിവാഹശേഷമാണ് വിജയ് മാധവ് യുട്യൂബിൽ സജീവമായി തുടങ്ങിയത്. വീട്ടുവിശേഷങ്ങളും സംഗീതവുമായി ബന്ധപ്പെട്ട വീഡിയോകളും പാചകവും യാത്രകളുമെല്ലാമാണ് ഇവരുടെ വീഡിയോകളിൽ അധികവും. അടുത്തിടെയാണ് ഇരുവർക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ പേരിടലും നൂലുകെട്ട് ചടങ്ങും. ഓം പരമാത്മ എന്നാണ് കുഞ്ഞിന് വിജയിയും ദേവികയും പേര് നൽകിയത്. അതിന്റെ പേരിൽ ഇപ്പോൾ പരിഹാസവും വിമർശനവും ഇരുവരും നേരിടുന്നുണ്ട്. മൂത്ത കുഞ്ഞിന് പേരിട്ടപ്പോഴും സമാനമായ രീതിയിൽ കോലാഹലങ്ങൾ സോഷ്യൽമീഡിയയിൽ നടന്നിരുന്നു.

എന്നാൽ ആഗ്രഹിച്ച് മോഹിച്ച് ഇട്ട പേരായതുകൊണ്ട് വിമർശനങ്ങളുടെ പേരിൽ മാറ്റാൻ ഇരുവരും നിന്നില്ല. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളിലും ദേവികയ്ക്ക് സഹായമായി വിജയിയുണ്ട്. കഴിഞ്ഞ ദിവസം കുഞ്ഞിനെ വിജയ് കുളിപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു. കുഞ്ഞിനെ ആദ്യമായി കുളിപ്പിച്ചതും വിജയ് തന്നെയാണ്.
ആ വീഡിയോയ്ക്ക് താഴെയും മുതിർന്നവരാരും കുഞ്ഞിനെ കുളിപ്പിക്കാത്തതിന് പിന്നിലെ കാരണം തിരക്കിയും വിമർശിച്ചും ചിലർ എത്തിയിരുന്നു. ഇപ്പോഴിതാ അവർക്കുള്ള മറുപടി പുതിയ വീഡിയോയിലൂടെ നൽകിയിരിക്കുകയാണ് വിജയ്. അമ്മൂമാർക്ക് അവസരം കൊടുക്കാത്തതല്ലെന്നും തനിക്കും ദേവികയ്ക്കും ധാരണം സമയം കുഞ്ഞിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനായി ഉണ്ടെന്നും അതുകൊണ്ട് തന്നെയാണ് അമ്മമാരെ ബുദ്ധിമുട്ടിക്കാത്തതെന്നുമാണ് വിജയ് പറഞ്ഞത്.
കുട്ടിയെ കുളിപ്പിക്കുന്നത് ഞാനാണ്. അമ്മൂമാർക്ക് ഞാൻ അവസരം കൊടുക്കുന്നില്ലെന്ന് ചിലർക്ക് പരാതിയുണ്ട്. എനിക്ക് സമയമുണ്ട്. ഇതിന് വേണ്ടി ഞാൻ എന്റെ സമയം മാറ്റിവെച്ചിരിക്കുകയാണ്. അവർ ഇത്രയും കാലം ഞങ്ങളെ നോക്കിയതല്ലേ. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ നമ്മുടെ കുട്ടിയെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമല്ലേ. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്.
അപ്പൂപ്പനേയും അമ്മൂമ്മയേയും ബുദ്ധിമുട്ടിക്കേണ്ടതില്ലല്ലോ. അവർ കുഞ്ഞുങ്ങൾക്കൊപ്പമുള്ള സമയം ആസ്വദിക്കണം. പക്ഷെ അതൊരു ഭാരമായി മാറരുത് അവർക്ക്. ഞങ്ങൾക്ക് രണ്ടുപേർക്കും സമയമുണ്ട് എന്നാണ് വിജയ് പറഞ്ഞത്. വിജയിയുടെ അമിതമായ ഭക്തി കാരണമാണ് കുഞ്ഞുങ്ങൾക്ക് ഒട്ടും ചേരാത്ത പേരുകൾ നൽകിയതെന്നായിരുന്നു പ്രധാന വിമർശനം.

എന്നാൽ പേരിൽ കുഴപ്പമൊന്നും തോന്നിയില്ലെന്നും കുഞ്ഞിനെ ബുദ്ധിമുട്ടിക്കാനായി ഓം പരമാത്മ എന്ന പേര് നൽകിയതല്ലെന്നുമാണ് വിജയ് പ്രതികരിച്ച് പറഞ്ഞത്. ഭാവിയിൽ പേര് മാറ്റാനുള്ള എല്ലാ സ്വാതന്ത്ര്യവും മക്കൾക്കുണ്ടെന്നും അന്ന് താൻ തടസം നിൽക്കുകയില്ലെന്നും വിജയ് പ്രതികരിച്ച് പറഞ്ഞിരുന്നു. മൂത്ത കുട്ടിക്ക് ആത്മജ മഹാദേവ് എന്നാണ് വിജയ് പേര് നൽകിയത്. കുഞ്ഞിനെക്കുറിച്ച് മറ്റാരേക്കാളും കരുതലും ചിന്തയുമുള്ളയാളാണ് ഞാന്‍.
കുഞ്ഞ് ഭാവിയില്‍ കളിയാക്കപ്പെടുമെന്ന് കരുതുന്നില്ല. ഭാര്യയേയും കുഞ്ഞിനേയും കുറിച്ച് മോശം കമന്റുകളിടുന്നവര്‍ പരമാവധി അത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നുമാണ് വിമർശനങ്ങളോട് പ്രതികരിച്ച് അന്ന് വിജയ് പറഞ്ഞത്. വിവാഹശേഷം അഭിനയം വിട്ട ദേവിക നമ്പ്യാർ യോഗ, സംഗീതം എന്നിവയിലും കുടുംബ ജീവിതത്തിനുമാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.


Click it and Unblock the Notifications