സ്വപ്നങ്ങൾ തകരുന്നു, വിജയ് പരിഭ്രാന്തിയിൽ, വലം കെെയായിരുന്നവർ പോലും പോയില്ല; ജനക്കൂട്ടം ലഹരിയായപ്പോൾ
തമിഴ്നാട്ടിനെ കണ്ണീരിലാഴ്ത്തിയിലായിരിക്കുകയാണ് കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചത്. ടിവികെ പാർട്ടി അധ്യക്ഷൻ വിജയുടെ റാലിയിലാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത്. നിരവധി പേർക്ക് പരിക്കുണ്ട്. സംഭവത്തിൽ വിജയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതെന്ന് വാദമുണ്ട്. പറഞ്ഞ സമയത്തിലും വെെകിയാണ് വിജയ് റാലിക്കെത്തിയത്. ഇത് സാഹചര്യം കൂടുതൽ മോശമാക്കി. വിജയ് മാധ്യമങ്ങളോട് പ്രതികരിക്കുക പോലും ചെയ്യാതെ സംഭവ സ്ഥലത്ത് നിന്നും ചെന്നെെയിലേക്ക് മടങ്ങിയത് വലിയ വിമർശനങ്ങൾക്ക് കാരണമായി.
പിന്നീട് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് മാത്രമാണ് വിജയ് പങ്കുവെച്ചത്. വിജയുടെ രാഷ്ട്രീയ ഭാവിയിൽ വലിയ തിരിച്ചടിയായിരിക്കും ഈ ദുരന്തമെന്ന് ഉറപ്പാണ്. കുട്ടികളു സ്ത്രീകളും ഉൾപ്പെടെ 38 ജീവനുകളാണ് പൊലിഞ്ഞത്. എത്രയൊക്കെ ശ്രമിച്ചാലും ജനങ്ങളുടെ മനസിൽ നിന്നും അടുത്ത കാലത്തൊന്നും ഈ മുറിവ് ഉണങ്ങില്ല. മുറിവ് ഉണക്കാൻ എതിർപക്ഷത്തുള്ള രാഷ്ട്രീയ ശക്തികൾ അനുവദിക്കാനുമിടയില്ല. കാരണം ഇവർക്ക് വലിയ വെല്ലുവിളിയാണ് രാഷ്ട്രീയത്തിലെ വിജയുടെ വളർച്ച. വിജയുടെ വർഷങ്ങളായുള്ള സ്വപ്നമാണ് രാഷ്ട്രീയം. ഏറെക്കാലമായി ഇതിന് വേണ്ടി വിജയം അണികളും ഏറെ അധ്വാനിക്കുന്നു.

കോടികളാണ് ഇതിനായി ചെലവഴിച്ചത്. രാഷ്ട്രീയ ഭാവിക്ക് വേണ്ടി സിനിമാ രംഗം വിടാനും വിജയ് തീരുമാനിച്ചതാണ്. അണിയറയിൽ ഒരുങ്ങുന്ന ജനനായകൻ വിജയുടെ അവസാന ചിത്രമായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മൂന്ന് മാസം മാത്രമേ ഈ സിനിമ റിലീസ് ചെയ്യാനുള്ളൂ. പ്രിയ നായകന് വലിയ യാത്രയയപ്പ് നൽകാനൊരുങ്ങിയതായിരുന്നു ആരാധകർ. ഇനി യാത്രയയപ്പിനും മങ്ങലേൽക്കും.
അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിലായിരിക്കും തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി സ്ഥാനമാണ് വിജയ് ലക്ഷ്യം വെക്കുന്നത്. രാഷ്ട്രീയത്തിൽ തുടക്കക്കാരനാണെങ്കിലും ജനങ്ങൾ തന്നെ സ്വീകരിക്കുമെന്നും തനിക്ക് മുഖ്യമന്ത്രിയാകാനും സാധിക്കുമെന്ന പ്രതീക്ഷ വിജയ്ക്കുണ്ടായിരുന്നു. എന്നാൽ കാരൂർ ദുരന്തം ഈ പ്രതീക്ഷയ്ക്കേറ്റ കനത്ത അടിയാണ്. ഇനി വിജയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഓരോ നീക്കങ്ങളും ജനം സസൂക്ഷ്മം നിരീക്ഷിക്കും.

ജനങ്ങൾക്ക് മുന്നിലേക്ക് പഴയ ആത്മവിശ്വാസത്തോടെ വിജയ്ക്ക് വരാനാകുമോ എന്ന് കണ്ടറിയാം. വിജയ് രാഷ്ട്രീയത്തിൽ തെറ്റായ ധാരണകളുമായാണ് മുന്നോട്ട് പോകുന്നതെന്ന് കഴിഞ്ഞ കുറേ നാളുകളായി അഭിപ്രായമുണ്ട്. തമിഴ്നാട്ടിൽ അടുത്തിടെ ഒന്നിലേറെ രാഷ്ട്രീയ പരിപാടികൾക്ക് വിജയുടെ പാർട്ടി നടത്തി. വിജയ് ഈ വേദികളിൽ സംസാരിക്കുകയും ചെയ്തു. ജനസാഗരമായിരുന്നു ഈ പരിപാടികളിൽ. എന്നാൽ ഈ ജനക്കൂട്ടമെല്ലാം തന്റെ അണികളാണെന്ന് വിജയ് തെറ്റിദ്ധരിക്കുന്നു എന്ന് ഖുശ്ബു, ശരത്കുമാർ, അംബിക തുടങ്ങിയ സിനിമാ താരങ്ങൾ ഉൾപ്പെടെ പറഞ്ഞിട്ടുണ്ട്.
ദുരന്തം നടന്ന സ്ഥലത്തേക്ക് വിജയുടെ അനുയായികൾ എത്തിയില്ലെന്ന വിമർശനം തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ ഉന്നയിച്ചിട്ടുണ്ട്. വിജയ് അവിടെ പോയാൽ വീണ്ടും ജനക്കൂട്ടം വരുമെന്ന് കരുതാം. എന്നാൽ അടുത്ത ഘട്ടത്തിലുള്ള ദളപതികളുണ്ട്. ഖുശി ആനന്ദ്, എംടി നിർമൽ കുമാർ തുടങ്ങിയവർ എവിടെ പോയെന്ന ചോദ്യങ്ങളുണ്ട്. വിജയ് തിരുച്ചിയിൽ നിന്നിരുന്നെങ്കിലും കുഴപ്പമില്ല. നേരിട്ട് ചെന്നെെയിൽ പോകേണ്ടിയിരുന്നില്ല. മാധ്യമങ്ങളോട് ഒന്നും പറയാതെ പോയത് വളരെ മോശമാണെന്നും അന്തനൻ പറഞ്ഞു. നേരത്ത തയ്യാറാക്കി വരുന്ന പ്രസംഗം സംസാരിക്കുന്നതിനപ്പുറം ഇങ്ങനെയാരു ക്രിറ്റിക്കലായ സാഹചര്യം നേരിടാനാകുന്നില്ലെങ്കിൽ എങ്ങനെ മുഖ്യമന്ത്രി സ്ഥാനം എന്ന ചിന്ത വിജയുടെ മനസിൽ വന്നെന്നും അന്തനൻ ചോദിക്കുന്നു. ഇപ്പോഴത്തെ സംഭവങ്ങളിൽ വിജയ് പരിഭ്രാന്തിയിലാണെന്നും അഭ്യൂഹങ്ങളുണ്ട്.


Click it and Unblock the Notifications











